ഇന്ത്യയുടെ ഷഹ്നായി ചക്രവര്ത്തി; ഉസ്താദ് ബിസ്മില്ലാ ഖാൻ ഓർമ്മയായിട്ട് 17 വർഷം

സ്വതന്ത്ര ഇന്ത്യ പിറന്നു വീണ 1947 ആഗസ്റ്റ് 15ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ വരവേറ്റത് ബിസ്മില്ലാ ഖാൻ ആയിരുന്നു.

dot image

ഉസ്താദ് ബിസ്മില്ലാ ഖാൻ മീട്ടിയ ഷെഹ്നായി സംഗീതത്തിന്റെ ഒഴുക്ക് നിലച്ചിട്ട് ഇന്നേക്ക് 17 വർഷം. കാലഭേദങ്ങളില്ലാത്ത ആ സംഗീത വിസ്മയം തീർത്ത സംഗീതങ്ങൾക്ക് മരണമില്ല. ഗംഗയുടെ വിശുദ്ധിയിൽ നിലയ്ക്കാത്ത പ്രവാഹമായി ഒഴുകിയ ശുദ്ധസംഗീതം.

കണ്ഠനാളത്തിൽ നിന്നുയരുന്ന ശ്വാസനിശ്വാസങ്ങള് ചുണ്ടുകളിൽ വിടർന്ന് കൈവിരലുകൾക്കിടയിലൂടെ കാതിലേക്ക് പടര്ത്തി അനുവാചകരെ അനുപമമായ ആത്മശാന്തിയിലേക്ക് നയിച്ച സംഗീതം. രണ്ടരയടി നീളമുള്ള ചെറിയൊരു സംഗീതോപകരണം കൊണ്ട് കാലഭേദങ്ങളെ അതിജയിച്ച നാദധാരയാണ് ബിസ്മില്ലാ ഖാന്റെ ഷെഹ്നായി ശ്രുതി.

സ്വതന്ത്ര ഇന്ത്യ പിറന്നു വീണ 1947 ആഗസ്റ്റ് 15ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ വരവേറ്റതും ഈ മഹാന് തന്നെ. ഇന്ത്യന് മതേതരത്വത്തിന്റെ എക്കാലത്തെയും വലിയ പ്രതീകം. ഗ്രാമീണ വാദ്യോപകരണമായ ഷെഹ്നായിയ്ക്ക് കല്യാണസദസ്സുകളിൽ നിന്ന് അരങ്ങില് അഭിമാനകരമായ ഇടം നല്കിയ സര്ഗ്ഗപ്രതിഭയായ ബിസ്മില്ലാ ഖാന്റെ ജീവിതഗാഥ വിസ്മയകരമാണ്.

തന്റെ പതിനാറാമത്തെ വയസിൽ സംഗീത യാത്രയ്ക്ക് തുടക്കം കുറിച്ച പ്രതിഭയാണ് ബിസ്മില്ലാ ഖാൻ. സംഗീതത്തിൻ്റെ 'ഉസ്താദിന്' രാജ്യം ഭാരതരത്നം നല്കി ആദരിച്ചിട്ടുണ്ട്. കൂടാതെ സംഗീത നാടക അക്കാദമി അവാര്ഡ്, ടാന്സന് അവാര്ഡ്, പത്മവിഭൂഷണ് എന്നിവയും അദ്ദേഹത്തിന് അംഗീകാരമായി ലഭിച്ചിട്ടുണ്ട്.

1965 ഡല്ഹിയിലെ ദേശീയ സാംസ്കാരിക സമിതി അഖിലഭാരത ഷഹ്നായി ചക്രവര്ത്തി കിരീടം അദ്ദേഹത്തിന് നല്കി ആദരിച്ചു. ബനറസ് ഹിന്ദു സര്വ്വകലാശാലയും ശാന്തിനികേതനും ഡോക്ടറേറ്റ് നൽകി. വാരണസിക്കാരനായ ബിസ്മില്ലാ ഖാന് മരണം വരെ ഉപയോഗിച്ചിരുന്ന വാഹനം സൈക്കിള് റിക്ഷയായിരുന്നു എന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.

വര്ഷം തോറും പൊതുജനങ്ങള്ക്കു വേണ്ടി സൗജന്യമായി അദ്ദേഹം പരിപാടി അവതരിപ്പിച്ചിരുന്നു. 17 വർഷങ്ങൾക്ക് മുമ്പ്, 90-ാം വയസില്, ആ മധുര ഷെഹ്നായി കാലത്തിന്റെ കാതുകൾക്ക് വിട്ടു കൊടുത്ത് ഉസ്താദ് മരണത്തിലേക്ക് മാഞ്ഞു. എങ്കിലും ആ ഷഹനായി നാദം നിലയ്ക്കാതെ ഇന്ത്യൻ ആസ്വാദകരുടെ കാതുകളിൽ മുഴങ്ങുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us