1960കളുടെ തുടക്കം. എൻ എൻ പിഷാരടി എന്ന സംവിധായകൻ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന തന്റെ ആദ്യ ചിത്രത്തിനായി പ്രേം നസീറിനെയും സത്യനെയും ആണ് തീരുമാനിച്ചിരുന്നത്. നസീറിന് താഴെ നിൽക്കുന്ന വേഷം ചെയ്യാൻ സത്യൻ വിസമ്മതിച്ചതോടെ ആ കഥാപാത്രത്തിനായി അണിയറപ്രവർത്തകർ മറ്റൊരു നടനെ തേടാൻ തുടങ്ങി. ഈ സമയമാണ് മാധവൻ നായർ എന്ന നവാഗതൻ രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലെ മേക്കപ്പ് ടെസ്റ്റിന് മദിരാശിയിലെത്തുന്നത്. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞയുടൻ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞ നിണമണിഞ്ഞ കാൽപ്പാടുകളിലേക്ക് മാധവൻ നായർക്ക് അവസരം ലഭിക്കുന്നു.
ചിത്രം റിലീസായ ദിവസം അയാൾ തന്റെ പേര് സ്ക്രീനിൽ കാണാൻ കൊതിച്ച് തിരുവനന്തപുരം ചിത്ര തിയേറ്ററിലെത്തി. എന്നാൽ നിരാശയായിരുന്നു ഫലം, സ്ക്രീനിൽ മാധവൻ നായർ എന്ന ടൈറ്റിൽ വന്നില്ല. സിനിമ തീർന്നപ്പോൾ നിർമ്മാതാവ് ശോഭന പരമേശ്വരൻ നായരെ ഫോണിൽ വിളിച്ച് തന്റെ പേര് ചേർക്കാത്തത് എന്തെന്ന് ചോദിച്ചു. അയാൾ പൊട്ടിചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി കൊടുത്തു, 'സിനിമക്ക് വേണ്ടി ഞാനും ഭാസ്കരൻ മാഷും ചേർന്ന് നിങ്ങളുടെ പേര് മധു എന്നാക്കി. ഇനി മുതൽ നിങ്ങൾ മധുവാണ്'.
മലയാള സിനിമയുടെ കാരണവരായ മധു ഇന്ന് നവതി ആഘോഷിക്കുകയാണ്. ചെറുപ്പകാലം മുതൽ അഭിനയമോഹമുണ്ടായിരുന്ന മധു ആ മോഹം മൂലമാണ് 1959 ൽ അദ്ധ്യാപക ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. അവിടുത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു അദ്ദേഹം. പഠനം പൂർത്തിയായ ശേഷം നാടകത്തിൽ സജീവമാകാനായിരുന്നു അന്ന് മധു തീരുമാനിച്ചിരുന്നത്. എന്നാൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം രാമു കര്യാട്ടുമായി സൗഹൃദത്തിലായി. ആ സൗഹൃദം മധുവിന്റെ നിയോഗം മറ്റൊന്നാക്കി മാറ്റി.
രാമു കാര്യാട്ട് തന്റെ മൂടുപടം എന്ന സിനിമയിൽ മധുവിന് അവസരം നൽകി, പിൽക്കാലത്ത് മലയാള സിനിമയുടെ കാരണവർ സ്ഥാനത്തേക്കുള്ള ആദ്യ ചവിട്ടുപടി. എന്നാൽ നിണമണിഞ്ഞ കാൽപ്പാടുകളാണ് മധുവിന്റേതായി ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. പ്രേം നസീർ നായകനായ ആ ചിത്രത്തിൽ അദ്ദേഹത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
ഏതാനും സിനിമകൾ കൂടി കഴിഞ്ഞപ്പോൾ മധുവിനെ തേടി ഒരു സിനിമയുടെ അവസരമെത്തി. മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രത്തിലേക്ക്. പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഭാർഗവീനിലയത്തിന്റെ വാതിൽ തുറന്നു മധു വന്നപ്പോൾ അത് മലയാള സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ഭാർഗവീനിലയം എന്ന പേരിൽ സിനിമയായപ്പോൾ പ്രധാന കഥാപാത്രമായ സാഹിത്യകാരനായത് മധുവാണ്. എല്ലാവരും ഭയന്നിരുന്ന ആത്മാവിനെ 'ഭാർഗ്ഗവിക്കുട്ടീ...' എന്ന് മൃദു സ്വരത്തിൽ മധു വിളിച്ചപ്പോൾ ആ വിളി പ്രേക്ഷകർ ഏറ്റെടുത്തു.
ആ കാലത്താണ് തകഴിയുടെ പ്രശസ്തമായ ചെമ്മീൻ എന്ന നോവൽ സിനിമയാക്കാൻ രാമു കാര്യാട്ട് തീരുമാനിക്കുന്നത്. നോവലിലെ പരീക്കുട്ടി എന്ന നായകനാകാൻ മധുവിന്റേതല്ലാതെ മറ്റൊരു മുഖവും അദ്ദേഹത്തിന്റെ മനസ്സിൽ വന്നില്ല. കറുത്തമ്മയെ ജീവന് തുല്യം പ്രണയിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. അയാൾ കറുത്തമ്മയോട് 'വള്ളത്തിലെ മീനെല്ലാം എനിക്കല്ലേ' എന്ന് ചോദിക്കുമ്പോൾ പ്രേക്ഷകർ പുഞ്ചിരിച്ചു. കറുത്തമ്മ, പളനിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതിന്റെ നിരാശയോടെയും വേദനയോടെയും 'ഞാൻ എന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്ത് ഉറക്കെ ഉറക്കെ പാടും' എന്ന് പറയുമ്പോൾ പ്രേക്ഷകരും ദുഃഖിക്കുന്നു. എന്തിനേറെ മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ഒരുകാലത്ത് ജനം വിശ്വസിച്ചു. ഇന്നും മധു എന്ന നടനെ അനുകരിക്കാൻ പലരും ചെമ്മീനിലെ 'കറുത്തമ്മാ...' എന്ന വിളിയാണ് ഉപയോഗിക്കുന്നത്.
ഭാർഗ്ഗവീനിലയത്തിനും ചെമ്മീനിനും ശേഷം ആ കാലത്ത് മലയാളം സാഹിത്യത്തിലെ പല പ്രധാന കൃതികള് സിനിമയാക്കിയപ്പോഴും മധു ആ സിനിമകളുടെ ഭാഗമായി. എംടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന ചെറുകഥ സിനിമയായപ്പോൾ ബാപ്പൂട്ടിയാകാനും സ്നേഹത്തിന്റെ മുഖങ്ങൾ മുറപ്പെണ്ണ് ആയപ്പോൾ കേശവൻകുട്ടി ആകാനും മധുവിന് കഴിഞ്ഞു. മധു സിനിമയിൽ തുടക്കം കുറിച്ചത് പോലും ഒരു സാഹിത്യ സൃഷ്ടിയെ അടിസ്ഥാനമാക്കിയാണ്. എസ് കെ പൊറ്റക്കാടിന്റെ മൂടുപടം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മധുവിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം. ചെമ്മീൻ കൂടാതെ ഗന്ധർവക്ഷേത്രം, ഏണിപ്പടികൾ എന്നിങ്ങനെ പോകുന്നു മധു ഭാഗമായ തകഴിയുടെ സാഹിത്യ സൃഷ്ടികളുടെ സിനിമാവിഷ്കാരങ്ങൾ.
മലയാളത്തിൽ തിളങ്ങി നിന്ന ആ കാലത്ത് തന്നെ ഭാഷാ അതിർത്തികൾ ഭേദിച്ച് ഹിന്ദിയിൽ മധു അഭിനയിച്ചു. അതും പ്രധാന വേഷങ്ങളിൽ ഒന്നിൽ തന്നെ. സ്വാതന്ത്ര്യത്തിന്റെ, വിമോചനത്തിന്റെ കഥ പറഞ്ഞ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയിൽ സുബോധ് സന്യാൽ എന്ന കഥാപാത്രമായാണ് മധു അഭിനയിച്ചത്. ഒരു ഹിന്ദി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള നടൻ മധുവായിരിക്കും. അങ്ങനെ നോക്കിയാൽ മലയാളത്തിന്റെ ആദ്യ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കാം മധുവിനെ. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി. ഹിന്ദിക്ക് പുറമെ ഭാരത വിലാസ്, ധർമ്മ ദുരൈ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ നാഴികക്കല്ലായ പല സിനിമകളിലും മധുവും ഭാഗമാണ്. മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമായ ഭാർഗ്ഗവീനിലയവും, രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ചെമ്മീനുമെല്ലാം ഉൾപ്പെടുന്ന ആ പട്ടികയിലെ മറ്റൊരു നാഴികക്കല്ലാണ് നവോദയയുടെ ബാനറിലൊരുങ്ങിയ പടയോട്ടം. അലക്സാണ്ടർ ഡ്യുമാസിന്റെ 'കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ' എന്ന വിശ്വവിഖ്യാതമായ കൃതിയെ ആസ്പദമാക്കി ജിജോ പുന്നൂസ് പടയോട്ടം ഒരുക്കിയപ്പോൾ അത് മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രമായി. സിനിമയിൽ നസീർ ആണ് പ്രധാന കഥാപാത്രമായ ഉദയനെ അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ ചതിച്ച് രാജ്യവും കാമുകിയെയും സ്വന്തമാക്കുന്ന സഹോദരൻ ദേവനായാണ് മധു സിനിമയിലെത്തിയത്. മോഹൻലാലും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചതും ആ സിനിമയിലാണ് എന്നതും ഒരു കൗതുകകരമായ വസ്തുതയാണ്.
ക്യാമറയുടെ മുന്നിൽ മാത്രമായിരുന്നില്ല മധു തന്റെ മികവ് കാട്ടിയത്. സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ സിനിമയുടെ പല മേഖലകളിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിന്ദൂരച്ചെപ്പ്, സതി, നീലക്കണ്ണുകൾ, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമ ക്രോധം മോഹം, തീക്കനൽ, ധീര സമീരേ യമുനാ തീരേ, ആരാധന, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. സതി, ആക്കൽദാമ, തീക്കനൽ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചവ. അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.
കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിന് യാതൊരു മടിയില്ലായിരുന്നു. അതിനാൽ മധു എന്ന നായകനടനെ മനസ്സിൽ കുടിയിരുത്തിയ പ്രേക്ഷകർ അദ്ദേഹത്തിലെ അച്ഛനെയും മുത്തച്ഛനെയുമെല്ലാം സസന്തോഷം സ്വീകരിച്ചു.
ഈ അടുത്ത് ഒരു അഭിമുഖത്തിൽ 'താങ്കളുടെയൊക്കെ കാലഘട്ടത്തിൽ നിന്നും ഇന്നേക്ക് വരുമ്പോൾ സിനിമയിൽ കാണുന്ന മാറ്റമെന്താണ് ?' എന്ന് ചോദ്യം വന്നപ്പോൾ 'ഏതൊരു ആസ്പെക്ടിലും വർഷങ്ങൾ കഴിയുമ്പോൾ വരുന്ന മാറ്റമില്ലേ അതുപോലൊരു മാറ്റം സിനിമയിൽ വന്നിട്ടുണ്ട്. നമ്മളാഗ്രഹിക്കുവാണ്, അറുപതുകളിലും എൺപതുകളിലും കണ്ട സിനിമ ഇന്ന് വേണമെന്ന്, നോ. ചെയ്ഞ്ച് വേണം ആ ചെയ്ഞ്ച് ആണിന്ന് കാണുന്നത്. ഇന്നേവരെ ഒരു അമ്മാവൻ, അച്ഛൻ അല്ലെങ്കിൽ ചേട്ടൻ പോലും ഇളയതലമുറ ചെയ്യുന്നത് ശരിയാണെന്ന് പറയുമോ? ഞങ്ങളുടെ കാലത്തായിരുന്നെങ്കിൽ.. എന്ന് പറഞ്ഞിട്ട് അത് ഗംഭീരമാണെന്ന് പറയും' എന്നായിരുന്നു അദ്ദേത്തിന്റെ മറുപടി. മധു എന്ന കലാകാരൻ മാറ്റങ്ങളെ എത്രത്തോളം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വാക്കുകൾ. അത് തന്നെയാണ് മാധവൻ നായർ എന്ന മധുവിനെ പ്രേക്ഷകർ ഇന്നും മലയാള സിനിമയുടെ കാരണവരായി കാണുന്നതിന് കാരണവും.