തലമുറകൾക്ക് പ്രോത്സാഹനമാകുന്ന കരിയർ; അയ്താന ബോൺമതിക്ക് പിറന്നാൾ

നാട്ടില്‍നിന്ന് ബാഴ്സലോണയിലെത്താന്‍ രണ്ട് മണിക്കൂറോളം ബസില്‍ സഞ്ചരിക്കണമായിരുന്നു.
തലമുറകൾക്ക് പ്രോത്സാഹനമാകുന്ന കരിയർ; അയ്താന ബോൺമതിക്ക് പിറന്നാൾ
Updated on

ഇക്കൊല്ലം യുവേഫയുടെ മികച്ച താരമായതിനൊപ്പം ബലോന്‍ ദ് ഓറിലും ഫിഫയുടെ മികച്ച താരത്തിനുമുള്ള പുരസ്‌കാരത്തിലും ഒറ്റ പേരാണുള്ളത്. ബാഴ്‌സലോണയുടെയും സ്‌പെയ്ന്‍ ദേശീയ ടീമിന്റെയും നിര്‍ണായക സാന്നിധ്യമായ അയ്താന ബോണ്‍മതിയുടേത്. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും അയ്താനയുടെ ബാഴ്‌സലോണ ചാമ്പ്യന്മാരായി. ഒപ്പം വനിതാ ലോകകപ്പില്‍ സ്‌പെയ്‌നിന്റെ കിരീട നേട്ടത്തിൽ മികച്ച താരമായത് അയ്താനയായിരുന്നു.

1998 ജനുവരി 18-നാണ് അയ്താനയുടെ ജനനം. അച്ഛന്‍ വിസെന്റ് കോന്‍കയ്ക്കും അമ്മ റോസ ബൊന്‍മാറ്റി ഗ്യുഡോനെറ്റിനും ഒറ്റ മകൾ. സഹോദരങ്ങൾ ഇല്ലാത്തതിന്റെ ഏകാന്തത അയ്താന മറികടന്നത് ഫുട്ബോൾ കളിച്ചാണ്. ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചതിന് അയ്താന ഏറെ പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. ആദ്യമൊക്കെ അതിനോട് രൂ​ക്ഷമായി അയ്താന പ്രതികരിക്കുമായിരുന്നു. അയ്താനയുടെ മാതാപിതാക്കളോട് മറ്റ് കുട്ടികൾ പരാതി പറയുമായിരുന്നു. അങ്ങനെ വീട്ടിൽ അയ്താന ഒരു പ്രശ്നക്കാരി ആയിരുന്നു. എന്നാൽ അന്നത്തെ പ്രശ്നക്കാരി തന്റെ 26 വയസ് പിന്നിടുമ്പോൾ ഫുട്ബോൾ ലോകത്ത് നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ്.

ഫുട്‌ബോളിന്റെ ആവേശം ഒരു നദിപോലെ ഒഴുകുന്ന സ്ഥലമാണ് സ്പെയ്നിലെ കാറ്റലോണിയ. ആ ആവേശത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് അയ്താന ബോണ്‍മതി. കുട്ടിക്കാലം മുതല്‍ ഫുട്‌ബോളിനെ അതിരുകളില്ലാതെ ഇഷ്ടപ്പെട്ട പെണ്‍കുട്ടി. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആഗ്രഹവും ആത്മസമര്‍പ്പണവും അയ്താനയെ ഒരുപാട് ഉയരങ്ങളില്‍ എത്തിച്ചു.

13-ാം വയസില്‍ അയ്താന എഫ് സി ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചു. അയ്താനയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം അവളുടെ പിതാവുമുണ്ടായിരുന്നു. ദിവസവും രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ അച്ഛന്‍ അയ്താനയെ അനുഗമിച്ചു.നാട്ടില്‍നിന്ന് ബാഴ്സലോണയിലെത്താന്‍ രണ്ട് മണിക്കൂറോളം ബസില്‍ സഞ്ചരിക്കണമായിരുന്നു.

2015-16 സീസണില്‍ വെറും 16 വയസ് മാത്രമുള്ളപ്പോള്‍ അയ്താന ബാഴ്‌സലോണയുടെ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. കോപ്പ ഡി ലാ റീന ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിലൂടെയാണ് ബോണ്‍മതി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള തുടര്‍വര്‍ഷങ്ങള്‍ അയ്താനയെ ഒരു മികച്ച ഫുട്‌ബോള്‍ താരമാക്കി രൂപപ്പെടുത്തി.

2020ല്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നും അയ്താനയെ തേടി വിളിയെത്തി. എന്നാല്‍ ബാഴ്‌സയില്‍ തുടരാനായിരുന്നു അയ്താനയുടെ തീരുമാനം. ആ സീസണ്‍ ബാഴ്‌സലോണന്‍ വനിതകള്‍ക്ക് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ലാ ലീഗ, ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡി ലാ റീന തുടങ്ങിയ കിരീടങ്ങള്‍ ബാഴ്‌സയുടെ പെണ്‍പട സ്വന്തമാക്കി. അന്നാദ്യമായി സ്‌പെയ്‌നിലെ വനിതാ ടീം ട്രെബിള്‍ നേട്ടവും സ്വന്തമാക്കി. കോപ്പ ഡി ലാ റീന ഫൈനലില്‍ അയ്താനയായിരുന്നു താരം.

2021-22 സീസണാണ് അയ്താനയെ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. സീസണില്‍ 18 ഗോളുകള്‍ അയ്താന നേടി. ഒപ്പം ബാഴ്‌സലോണയ്ക്കും സ്‌പെയിന്‍ ദേശീയ ടീമിനും ഒഴിവാക്കാന്‍ കഴിയാത്ത താരമായി അയ്താന.

2022/23 സീസണില്‍ മധ്യനിരയില്‍ നിന്നും അറ്റാക്കിങ് താരത്തിലേക്ക് അയ്താനയ്ക്ക് മാറേണ്ടി വന്നു. പ്രധാന സ്‌ട്രൈക്കര്‍മാരുടെ പരിക്കായിരുന്നു പ്രശ്‌നും. എങ്കിലും അയ്താനയുടെ കരിയറിനെ അതൊന്നും ബാധിച്ചില്ല. ബാഴ്സലോണ വീണ്ടും ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. ആ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും അയ്താനയെയാണ്. അതില്‍ വുള്‍ഫ്‌സ്ബര്‍ഗുമായുള്ള ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പകുതിയില്‍ ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിലായിരുന്നു. എന്നാല്‍ അയ്താനയുടെ നായകമികവില്‍ 3-2ന് ബാഴ്‌സലോണ മത്സരം ജയിച്ചു. 34,100 ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തി റെക്കോര്‍ഡിട്ട മത്സരത്തിലാണ് ബാഴ്‌സലോണ ഗംഭീരമായി തിരിച്ചുവന്നത്.

2013ല്‍ 15-ാം വയസില്‍ അയ്താന അണ്ടര്‍ 17 സ്‌പെയിന്‍ ടീമിന്റെ ഭാഗമായി. അയ്താനയുടെ കഴിവും നേതൃമികവും അന്ന് തന്നെ സ്‌പെയ്‌നില്‍ ചര്‍ച്ചയായിരുന്നു. അതേവര്‍ഷം യൂറോ കപ്പ് ഫൈനല്‍ വരെയെത്താന്‍ സ്‌പെയ്‌നിന് സാധിച്ചു. തൊട്ടടുത്ത വര്‍ഷം സ്‌പെയ്‌നിന് അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലിലെത്താനും കഴിഞ്ഞു. 2015ലെ അണ്ടര്‍ 17 യൂറോ കപ്പില്‍ സ്‌പെയ്ന്‍ കിരീടം നേടി. എല്ലാ ടൂര്‍ണമെന്റുകളിലും അയ്താനയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 2019ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അയ്താന സ്‌പെയ്‌നിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറി. 2023ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലും അയ്താന ഭാഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com