ക്രിക്കറ്റിലും സ്പോർട്സിലും ജീവിതത്തിലും ഓൾറൗണ്ടർ; ഒരൊറ്റ എല്ലീസ് പെറി

ക്രിക്കറ്റിൽ മാത്രമല്ല, സ്പോർട്സിലും ഓൾ റൗണ്ടറായിരുന്നു താരം. ലോകത്തെ രണ്ട് പ്രധാന ഗെയിമുകളായ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ലോക മാമാങ്കത്തിൽ ഒരുപോലെ കളിച്ച താരം. ഐസിസി വേൾഡ് കപ്പും ഫിഫ വേൾഡ് കപ്പും കളിച്ച ലോക ചരിത്രത്തിലെ ഒരേയൊരു വനിത.
ക്രിക്കറ്റിലും സ്പോർട്സിലും ജീവിതത്തിലും ഓൾറൗണ്ടർ; ഒരൊറ്റ എല്ലീസ് പെറി
Updated on

പതിനാറ് സീസണുകളാണ് പ്രീമിയർ ലീഗ് കിരീടമില്ലാതെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മുന്നിലൂടെ കടന്ന് പോയത്. ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസുമൊക്കെ അഞ്ച് തവണ വീതം കിരീടം നേടിയിട്ടും വമ്പൻ താരനിരയുടെയും മികച്ച ആരാധകരുടെയും പിന്തുണയുള്ള ബാംഗ്ലൂരിന് ഫൈനലിലെത്തിയ മൂന്ന് പ്രാവശ്യവും തലകുനിച്ചു മടങ്ങാനായിരുന്നു വിധി. കോഹ്‌ലിയും ഡിവില്ലേഴ്സും ഗെയ്ലും കാലിസും വരെയുള്ള മഹാരഥൻമാർ വരെ ആ തല കുനിച്ചവരിൽ പെടും. ബാംഗ്ലൂരിന്റെ മെൻസ് ടീമിന് കിട്ടാകനിയായ ആ ട്വന്റി 20 ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് കിരീടമാണ് ഇന്നലെ ബാംഗ്ലൂരിന്റെ പെൺപുലികൾ ഡൽഹിയുടെ തട്ടകത്തിൽ അവരെ തന്നെ മലർത്തിയടിച്ച് നേടി കൊടുത്തത്. ട്രോഫിയുമായി തിരിച്ചു വന്ന് പുരുഷ ടീമിന് പ്രചോദനമാകൂ എന്ന മത്സരത്തിന് മുമ്പുള്ള ഡിവില്ലേഴ്സിന്റെ സന്ദേശം അവർ മൈതാനത്ത് അപ്പാടെ നടപ്പിലാക്കി.

ഫൈനലിൽ ടോസ്സ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതടക്കം കണക്കിലും കളിയിലും മികവിലും ഏറെ മുന്നിലായിരുന്നു ഡൽഹി ക്യാപ്പിറ്റൽസ്. ഈ സീസണിൽ അരുൺ ജയ്റ്റലി സ്റ്റേഡിയത്തിൽ നടന്ന പത്ത് മത്സരങ്ങളിൽ എഴിലും വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നു. പ്രാഥമിക റൗണ്ടിലെ രണ്ട് മത്സരങ്ങളടക്കം ഡബ്ല്യുപിഎല്‍ ചരിത്രത്തിൽ പരസ്പരം നേരിട്ട് ഏറ്റ് മുട്ടിയ നാല് മത്സരങ്ങളിലും വിജയം ഡൽഹിക്കായിരുന്നു. ടീമായി നോക്കുകയാണെങ്കിലാകട്ടെ ഇത് വരെ നടന്ന രണ്ട് സീസണിലെയും പോയിന്റ് ടോപ്പേഴ്സും കഴിഞ്ഞ വർഷത്തെ റണ്ണഴ്‌സുമായിരുന്നു ക്യാപ്പിറ്റൽസ്. ആസ്‌ട്രേലയൻ ഇതിഹാസം മെഗ് ലാനിങ്ങിൽ തുടങ്ങി ഷഫാലി വർമയും ജെമീമ റോഡ്രിഗസും കാപ്സെയും കാപ്പും ജൊനാസെനുമെല്ലാം ഈ സീസണിലെ ടോപ് സ്കോർ ലിസ്റ്റിലുള്ളവരായിരുന്നു. ക്യാപ്പിറ്റലിന്റെ തന്നെ കാപ്പും ജൊനാസെനും റിച്ചാ യാദവുമായിരുന്നു വിക്കറ്റ് വേട്ടയിലും മുന്നിൽ. ഇവർക്ക് മുമ്പിൽ വെക്കാന്‍ ബാംഗ്ലൂരിന്റെയും ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും മുന്നിൽ ഒരേയൊരു ചെക്ക് കാർഡേ ഉണ്ടായിരുന്നുള്ളൂ. ആസ്ട്രേലിയൻ ഓൾ റൗണ്ടർ എല്ലീസ് അലക്‌സാണ്ടറെ പെറി. ആ ഒരൊറ്റ വ്യത്യാസത്തിലാണ് ടൂർണമെന്റിൽ ഇത് വരെ ആധികാരികമായി മുന്നേറിയ ഡൽഹിക്ക് ബാംഗ്ലൂരുവിന് മുന്നിൽ കീഴടങ്ങേണ്ടി വന്നത്.


എല്ലീസ് പെറി 2024 WPL ടൂർണമെന്റ്   ഓറഞ്ച് ക്യാപ്പ് പുരസ്കാരവുമായി
എല്ലീസ് പെറി 2024 WPL ടൂർണമെന്റ് ഓറഞ്ച് ക്യാപ്പ് പുരസ്കാരവുമായി

ഒരൊറ്റ എല്ലീസ് പെറി

താരതമ്യത്തിന് ഒട്ടും സാധ്യതകളില്ലാത്ത താരമാണ് എല്ലീസ് പെറി. ടീമിന് വേണ്ട റോൾ കളിക്കുക എന്നതാണ് താരത്തിന്റെ പദ്ധതി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പിന്നീടുള്ള മൂന്ന് മത്സരങ്ങൾ തോറ്റ് ബാംഗ്ലൂരിന്റെ പ്ലേ ഓഫും സെമി സാധ്യതയും മങ്ങിയിരിക്കെയാണ് മുംബൈക്കെതിരെ അവസാന ലീഗ് മത്സരത്തിൽ ബോൾ കൊണ്ടും ബാറ്റ് കൊണ്ടും എലീസ് ഒറ്റയാൾ പോരാട്ടം നടത്തുന്നത്. വിലപ്പെട്ട 40 റൺസും റൈറ്റ് ആം ഫാസ്റ്റിൽ 15 റൺസിന് 6 വിക്കറ്റും. വനിതാ പ്രിമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗറും ഓൾ റൗണ്ട് പ്രകടനവും.

ശേഷം മുംബൈക്കെതിരെ തന്നെ നടന്ന പ്ലേ ഓഫിൽ 135 എന്ന താരതമ്യേന ചെറിയ സ്കോറിന് മുന്നിൽ മന്ദാനയടക്കമുള്ള ബാറ്റർമാരെല്ലാം അടിപതറിയപ്പോൾ 50 ബോളിൽ 66 റൺസ് നേടി ടീമിന് ഒറ്റക്കൊരു ഫൈനൽ ബെർത്ത് നേടി കൊടുത്തു. ആ ആവേശത്തെ ഏറ്റെടുത്തായിരുന്നു ബാംഗ്ലൂർ ആരാധകർ തലസ്ഥാന മെട്രോയിൽ എലീസ് പെറി എന്ന ചാന്റ് ഉയർത്തിയത്. ശേഷം ശക്തരായ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള ഫൈനലിൽ സ്മൃതി മന്ദാനയും ഡിവൈനും ടീമിന് നൽകിയ മികച്ച തുടക്കം മുതലാക്കി കളിയിൽ ആങ്കർ ചെയ്ത് 35 റൺസ് നേടി ടീമിനെ കിരീടത്തിലേക്ക് നയിച്ച് ടൂർണമെന്റ് ടോപ് സ്കോറർക്കുള്ള ( 9 മത്സരങ്ങളിൽ നിന്ന് 347 റൺസ് ) ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ടൂർണമെന്റിൽ ഏഴു വിക്കറ്റുകളും നേടി.

മുംബൈക്കെതിരെ നേടിയ 6 വിക്കറ്റ് നേട്ടം WPL ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനമാണ്
മുംബൈക്കെതിരെ നേടിയ 6 വിക്കറ്റ് നേട്ടം WPL ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനമാണ്

അസാധാരണ സ്പോർട്സ് കരിയർ

തീർത്തും അസാധാരണത്വമുള്ള ഒരു സ്പോർട്സ് കരിയറാണ് എലീസ് പെറിയുടേത്. ക്രിക്കറ്റിൽ മാത്രമല്ല, സ്പോർട്സിലും ഓൾ റൗണ്ടറായിരുന്നു താരം. ലോകത്തെ രണ്ട് പ്രധാന ഗെയിമുകളായ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ലോക മാമാങ്കത്തിൽ ഒരുപോലെ കളിച്ച താരം. ഐസിസി വേൾഡ് കപ്പും ഫിഫ വേൾഡ് കപ്പും കളിച്ച ലോക ചരിത്രത്തിലെ ഒരേയൊരു വനിത. ഓസ്‌ട്രേലിയക്ക് വേണ്ടി ആറ് ട്വന്റി 20 ലോക കിരീടവും രണ്ട് ഏകദിന ലോക കിരീടവും നേടിയ താരം. 11 വുമൺസ് നാഷണൽ ക്രിക്കറ്റ് ലീഗ് കിരീടം, 2 വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം. കൂടാതെ വ്യക്തിഗത പുരസ്കാരങ്ങളായി മൂന്ന് ഫോർമാറ്റിലെയും പതിറ്റാണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം, നിരവധി തവണ ഐസിസിയുടെ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം, വിസ്ഡൻ പുരസ്കാരം തുടങ്ങി ഡബിൾ ഡസനോളം കണക്കിന് വ്യക്തിഗത നേട്ടങ്ങൾ.

സിഡ്നിയുടെ പ്രാന്ത പ്രദേശമായ വഹ്റൂങ്കയിൽ ജനിച്ച എലീസ് പെറി താൻ പഠിച്ചിരുന്ന പിമ്പിളിലെ സ്കൂളിൽ, ക്രിക്കറ്റ്, ഫുട്ബോൾ, അത്‍ലറ്റിക്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. അക്കാലങ്ങളിൽ ഗോൾഫിലും ടെന്നീസിലും മികവ് തെളിയിച്ചു. തന്റെ പതിനാറാം വയസ്സിൽ ഫുട്ബോളിലും ക്രിക്കറ്റിലും ഒരുമിച്ച് ഏറ്റവും പ്രായം കുറഞ്ഞ താരമായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. തുടച്ചയായ ട്വന്റി 20 കിരീടങ്ങൾ നേടി. തുടർച്ചയായ വർഷങ്ങളിൽ ആഷസ് ടൂർണമെന്റിന്റെ താരമായി. ബോള് കൊണ്ടും ബാറ്റ് കൊണ്ടുമുള്ള ബിഗ് ഫിഗറുകളിൽ 2010 മുതൽ 2020 വരെയുള്ള കാലയളവിൽ എലീസ് പെറി ആഷസ് സ്‌പെഷ്യലിസ്റ്റായി അറിയപ്പെട്ടു. ആറ് വർഷങ്ങൾക്ക് ശേഷം ആഷസിനെ ഇംഗ്ലണ്ടിന്റെ കോപ്പയിൽ നിന്നും തിരിച്ചു കൊണ്ടു വന്നു. കളിച്ച എല്ലാ ടൂർണ്ണമെന്റിലും കിരീടം നേടാനായി എന്നതാണ് പെറിയുടെ പ്രത്യേകത. എല്ലാ ഫോർമാറ്റിലും കൂടി 288 മത്സരങ്ങളിൽ നിന്ന് 6165 റൺസും 323 വിക്കറ്റും നേടിയിട്ടുണ്ട് താരം.

ഓസ്‌ട്രേലിയക്ക് വേണ്ടി ആറ് ട്വന്റി 20 ലോക കിരീടവും രണ്ട് ഏകദിന ലോക കിരീടവും നേടി
ഓസ്‌ട്രേലിയക്ക് വേണ്ടി ആറ് ട്വന്റി 20 ലോക കിരീടവും രണ്ട് ഏകദിന ലോക കിരീടവും നേടി

കൂറ്റനടി മുഖ്യം

സ്ട്രൈറ്റ് സ്ട്രോക്ക് ഹിറ്റുകൾ കൊണ്ട് കൂറ്റൻ സിക്‌സറുകൾ പറത്തുന്നതാണ് പെറിയുടെ പ്രധാന ഹോബി. 2017 ഡിസംബർ 9 നോർത്ത് സിഡ്നിയിൽ നടന്ന മത്സരത്തിൽ പെറിയുടെ ലോങ്ങ് ഹിറ്റിൽ ഗാലറിയിലുണ്ടായിരുന്ന 13 വയസ്സുകാരന് മുഖത്ത് പരിക്കേറ്റു. പെറി ഗാലറിയിലേക്ക് ഓടിയെത്തി കുട്ടിയെ ആശ്വസിപ്പിക്കുകയും പിന്നീട് ഹോസ്പിറ്റലിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

2019 ൽ ഇംഗ്ലണ്ടിൽ നടന്ന മറ്റൊരു മത്സരത്തിലും പെറിയുടെ ബാറ്റിൽ നിന്നുള്ള സിക്സർ ഗാലറിക്കടുത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ മുൻ വാതിൽ തകർത്തു. ഈ വർഷത്തെ വുമൺസ് ലീഗിലും സമാന സംഭവമുണ്ടായിരുന്നു. ലീഗിൽ യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ ഗാലറിക്കരികെ നിർത്തിയിട്ട കാറിന്റെ സൈഡ് വിന്‍ഡോ എല്ലീസ് പെറിയുടെ ഒരു സ്ട്രോക്ക് ഹിറ്റ് സിക്‌സിൽ ഉടഞ്ഞുവീണു. പ്ലേ ഓഫിൽ മുംബൈക്കെതിരെയുള്ള മികച്ച പ്രകടനത്തിന് വനിതാ പ്രിമിയർ ലീഗ് മാനേജ്‌മെന്റ് സമ്മാനിച്ച അപ്രതീക്ഷിത ഗിഫ്റ്റ് ഫ്രെയിം ചെയ്ത ആ പൊട്ടിയ വിന്‍ഡോ ഗ്ളാസായിരുന്നു.

ഫുട്ബോളിലും ഓൾ റൗണ്ടർ റോളിൽ

ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വർഷം തന്നെ ഫുട്ബോളിലും അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. 2009 വുമൺസ് നാഷണൽ ലീഗിൽ യങ്ങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു. 2011 ഫിഫ വേൾഡ് കപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം ക്വാർട്ടർ ഫൈനലിൽ സ്വീഡനെതിരെ വല കുലുക്കുകയും ചെയ്തു. ആസ്‌ട്രേലിയ 3 - 1 ന് പരാജയപ്പെട്ട മത്സരത്തിൽ നേടിയ ഏക ഗോൾ പെറിയുടേതായിരുന്നു. വുമൺസ് ലീഗിൽ ഏറെ കാലം കാൻബറെ യുണൈറ്റഡിന് വേണ്ടി കളിക്കുകയും കിരീടം നേടി കൊടുക്കുകയും ചെയ്ത താരം ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന കാൻബറെ മാനേജ്‌മെന്റ് നിർദേശത്തെ തള്ളി സിഡ്നി എഫ്സിയിൽ ചേർന്നു. 2013 ൽ വുമൺസ് ക്രിക്കറ്റ് ലീഗിൽ ന്യൂ സൗത്ത് വെയിൽസിനായി ഫൈനലും സൈഡ്നി എഫ്സി ക്ക് വേണ്ടി വുമൺസ് ഫുട്ബോൾ ലീഗിൽ സെമിഫൈനലും തൊട്ടടുത്ത ദിവസങ്ങളിൽ കളിച്ചു. മുമ്പ് വേഗതയേറിയ അത്ലറ്റായിരുന്ന പെറി ക്രിക്കറ്റിൽ ഫീൽഡിലും തിളങ്ങി. വേഗതയേറിയ റണ്ണിങ് ബൗളിങ്ങിന്റെ വേഗത കൂട്ടാൻ സഹായിച്ചു. ഫുട്ബാളിൽ ഡിഫൻഡറായിരിക്കെ തന്നെ വിങ്ങുകളിൽ മുന്നേറ്റത്തിലേക്ക് ഒരു പോലെ കുതിക്കാനും ഡിഫൻസിലേക്ക് തിരികെയിറങ്ങാനും കഴിഞ്ഞു.

ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച താരം കൂടിയാണ് എല്ലീസ് പെറി
ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച താരം കൂടിയാണ് എല്ലീസ് പെറി

സ്പോർട്സിന് പുറത്ത് അവതാരിക, അഭിനേതാവ്, എഴുത്തുകാരി

വൺ എച്ച്ഡി ചാനലിന്റെ ഫുട്ബോൾ സ്റ്റാർസ് ഓഫ് ടുമാറോ, ട്രിപ്പിൾ ജെ റേഡിയോയിലെ മോർണിംഗ് ഷോ ഫോക്സ് സ്പോർട്ടിന്റെ ക്രിക്കറ്റ് ഷോ, തുടങ്ങിയവയിൽ പെറി അവതാരികയുടെ റോളിലെത്തി. 2019 ൽ പേർസ്പ്പെക്ട് എന്ന പേരിൽ ഒരു നോൺ ഫിക്ഷൻ പുസ്തകവും പ്രസിദ്ധീകരിച്ചു. ഹാർപ്പർ കോളിൻസ് ആണ് പുസ്തകത്തിന്‍റെ പ്രസാധകര്‍. സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളെ കായിക മേഖലയിലേക്ക് കൊണ്ട് വരാൻ പെറി 2016 മുതൽ എഴുതിയ പുസ്തക പരമ്പരയുടെ തുടർച്ചയായിരുന്നു അത്. കോമൺവെൽത്ത് ബാങ്കിന്റെ കോമേഴ്‌സ്യൽ ഡോക്യുമെന്ററിയിൽ അഭിനേതാവുമായി പെറി ഒരു കൈ നോക്കി.

അവതാരികയായും  അഭിനേതാവും എഴുത്തുക്കാരിയുമായി കഴിവ് തെളിയിച്ചു
അവതാരികയായും അഭിനേതാവും എഴുത്തുക്കാരിയുമായി കഴിവ് തെളിയിച്ചു

ക്രിക്കറ്റിലും സ്പോർട്സിലും മാത്രമല്ല, ജീവിതത്തിലും മികച്ച ഓൾ റൗണ്ടറായിരുന്നു എല്ലീസ് പെറി. ആ ഓൾ റൗണ്ടർ റോൾ എല്ലീസ് പെറിക്ക് മാത്രം നിർവഹിക്കാൻ കഴിയുന്ന ഒന്നുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com