'മുണ്ടൂർ മാടൻ്റെ' സിനിമയിലെ പകർന്നാട്ടം മൂന്ന് ദശകം പിന്നിടുന്നു; ബിജു മേനോൻ്റെ കഥാപാത്രങ്ങളിലൂടെ...

2010 ല്‍ ഷാഫി സംവിധാനം ചെയ്ത മേരിക്കൊണ്ടൊരു കുഞ്ഞാട്, സിനിമകളില്‍ നായകനെക്കാള്‍ സ്‌കോര്‍ ചെയ്യുന്ന ബിജു മേനോന്‍ കഥാപാത്രങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു...
'മുണ്ടൂർ മാടൻ്റെ' സിനിമയിലെ പകർന്നാട്ടം മൂന്ന് ദശകം പിന്നിടുന്നു; ബിജു മേനോൻ്റെ കഥാപാത്രങ്ങളിലൂടെ...
Updated on

വര്‍ഷം 1995. സിദ്ദിഖ്-ലാലുമാരുടെ തിരക്കഥയില്‍ മാന്നാര്‍ മത്തായിയും സംഘവും ഒരു രണ്ടാം വരവ് നടത്തുന്ന സമയം. അടിമുടി ചിരിപ്പിച്ചുകൊണ്ട് മുന്നോട്ട് പോയിരുന്ന സിനിമയുടെ ഗതിമാറ്റിയ ഒരു കഥാപാത്രം കടന്നുവരുന്നു...

സൗമ്യനും ശാന്തനും ക്രൂരനും ബുദ്ധിരാക്ഷസനുമായ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനും മലയാളികള്‍ക്ക് ഇടയില്‍ ചര്‍ച്ചയായി. അയാളെ കണ്ട് മിഖായേലിന്റെ സന്തതികള്‍ എന്ന സീരിയലില്‍ അഭിനയിച്ച നടനല്ലേ ഇത് എന്ന് ചോദിച്ചവരും ചുരുക്കമല്ല. കാരണം അപ്പോഴേക്കും ഒരുപിടി സീരിയലുകളിലൂടെ മിനി സ്‌ക്രീനിലെ നിറസാന്നിധ്യമായി അയാള്‍ മാറിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ നടന്‍ തന്റെ പേര് മലയാള സിനിമയില്‍ വ്യക്തമായി കുറിച്ചിട്ടു.

1994 ല്‍ പുത്രന്‍ എന്ന സിനിമയിലൂടെയാണ് ബിജു മേനോന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കകാലത്തെ ആദ്യത്തെ കണ്മണി, മഹാത്മ, അഴകിയ രാവണന്‍, ദില്ലിവാല രാജകുമാരന്‍, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 1997 ലാണ് ബിജു മേനോനെ തേടി ആദ്യ സംസ്ഥാന പുരസ്‌കാരമെത്തുന്നത്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അഖിലചന്ദ്രനിലൂടെ. എല്ലാവരോടും വെറുപ്പ് ചോദിച്ചുവാങ്ങുന്ന, ഒടുവില്‍ ചോദിക്കുക പോലും ചെയ്യാതെ എല്ലാവരുടെയും സഹതാപം നേടിയെടുക്കുന്ന കഥാപാത്രത്തിലൂടെ ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. പത്രത്തിലെ ഫിറോസ് മുഹമ്മദിനെ പോലെ അതീവ ഗൗരവമേറിയ കഥാപാത്രങ്ങള്‍, പ്രണയവര്‍ണ്ണങ്ങളിലെ വിക്ടറിനെ പോലെ നഷ്ടപ്രണയത്തിന്റെ പ്രതീകമായ കഥാപാത്രങ്ങള്‍ അങ്ങനെ വൈവിധ്യങ്ങളിലൂടെ ബിജു മേനോന്‍ വീണ്ടും സഞ്ചരിച്ചു.

2000 ത്തിന്റെ തുടക്കത്തില്‍ മഴ, മധുര നൊമ്പരക്കാറ്റ്, മേഘ മല്‍ഹാര്‍ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിസ്മയിപ്പിച്ചുവെങ്കിലും നായകനായെത്തിയ മറ്റു പല സിനിമകളും പരാജയമേറ്റുവാങ്ങി. സഹനടനായും വില്ലനായും സൈഡ് റോളുകളിലാണ് പിന്നീട് കുറേ കാലം ബിജു മേനോനെ നമ്മള്‍ കണ്ടത്.

2010 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലൂടെ ബിജു മേനോന്റെ അഭിനയജീവിതത്തില്‍ വലിയൊരു ബ്രേക്ക് സംഭവിക്കുകയായിരുന്നു. ശരീര ഭാരം കൂട്ടി, മുടി പറ്റെ വെട്ടി അദ്ദേഹം ജോസേട്ടന്‍ ആയപ്പോള്‍ അന്നുവരെ കണ്ട ബിജു മേനോന്‍ ആയിരുന്നില്ല അത്. അതൊരു തുടക്കമായിരുന്നു. സിനിമകളില്‍ നായകനെക്കാള്‍ സ്‌കോര്‍ ചെയ്യുന്ന ബിജു മേനോന്‍ കഥാപാത്രങ്ങളുടെ തുടക്കം....

2010 ന് ശേഷം സീനിയേഴ്‌സ്, ഓര്‍ഡിനറി, റോമന്‍സ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളിലൂടെ ബിജു മേനോന്റെ കോമഡി ടൈമിങ്ങുകള്‍ക്ക് പലയാവര്‍ത്തി മലയാളി കയ്യടിച്ചു. ഈ സമയം തന്നെ ചാക്കോച്ചന്‍-ബിജു കോംബോ മലയാളത്തിന്റെ ഹിറ്റ് കോംബോയായും മാറി. 2014 ല്‍ 'വെള്ളിമൂങ്ങ'യിലെ മാമച്ചനായി അദ്ദേഹം എത്തിയപ്പോള്‍ അത് മലയാളികള്‍ക്ക് ഒരു ചിരിവിരുന്നായിരുന്നു.

സച്ചി എന്ന അതുല്യ കലാകാരന്റെ ഒട്ടുമിക്ക സിനിമകളിലും ബിജു മേനോന് ഒരു വേഷമുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലെ അയ്യപ്പന്‍ നായര്‍ എന്ന മുണ്ടൂര്‍ മാടന്‍ മലയാളികള്‍ വലിയ രീതിയില്‍ ഏറ്റെടുത്ത കഥാപാത്രമാണ്. ചിത്രത്തിലൂടെ ബിജു മേനോന് തന്റെ ആദ്യ ദേശീയ പുരസ്‌കാരവും ലഭിച്ചു.

ചിരിപ്പിക്കുന്ന കഥാപാത്രങ്ങളാവട്ടെ, സൗമ്യനായ നായകനാവട്ടെ, ക്രൂരനായ വില്ലനാവട്ടെ, ഏതു കഥാപാത്രവുമാവട്ടെ അനായാസമായി അതിലേക്ക് പകര്‍ന്നാടാനുള്ള മികവാണ് ബിജു മേനോനെ മലയാളിക്ക് ഏറെ പ്രിയപ്പെട്ടവനാക്കിയത്. അതോടൊപ്പം കൂടെ അഭിനയിക്കുന്നവര്‍ക്കൊപ്പം അസാധ്യമായ ഒരു കെമിസ്ട്രി ഉണ്ടാക്കാന്‍ കഴിയുന്ന നടന്‍ കൂടിയാണ് അദ്ദേഹം. മുപ്പത് വര്‍ഷം പിന്നിടുന്ന അഭിനയ ജീവിതത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും ആ പ്രതിഭയുടെ കയ്യില്‍ ഇനിയും അടവുകള്‍ ബാക്കിയുണ്ട്...

Related Stories

No stories found.
logo
Reporter Live
www.reporterlive.com