പാളിപ്പോയിടത്ത് നിന്ന് പണിയെടുത്ത് പീക്കിലെത്തി; മലയാളത്തിന്റെ ഫഹദിസം

ഇന്ത്യയിലെ മറ്റേത് സൂപ്പര്‍ താരങ്ങള്‍ക്കും അസൂയ തോന്നുംവിധം അഭിനയത്തിന്റെ പുതിയ ഭാവങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഫഹദ് ഇന്നീ കാണും വിധത്തിലെത്തിയതിന് പിന്നില്‍ പരിഹാസങ്ങളുടെയും പുച്ഛങ്ങളുടെയും ആക്ഷേപങ്ങളുടെയും കയ്പ്പേറിയ അനുഭവങ്ങളുണ്ട്
പാളിപ്പോയിടത്ത് നിന്ന് പണിയെടുത്ത് പീക്കിലെത്തി; മലയാളത്തിന്റെ ഫഹദിസം
Updated on

കള്ളനാണെങ്കില്‍ തനി കള്ളന്‍, കാമുകനാണെങ്കില്‍ കണ്ണു കൊണ്ട് പോലും പ്രണയിക്കുന്ന കാമുകന്‍, ഇനി സൈക്കോ ആണെങ്കില്‍ ശരീരത്തില്‍ പോലും സൈക്കോ ഭാഷ, വില്ലനാണെങ്കില്‍ വയലന്‍സിന്റെ പീക്കിലെത്തി അസാധാരണമാം വിധം പെര്‍ഫോം ചെയ്യുന്ന അസല്‍ വില്ലന്‍. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ വണ്‍ ഓഫ് ദ ഫൈനസ്റ്റ് ആക്ടര്‍. ഫഹദ് ഫാസല്‍, അല്ല മലയാളികളുടെ സ്വന്തം ഫ ഫാ....

ഇന്ത്യയിലെ മറ്റേത് സൂപ്പര്‍ താരങ്ങള്‍ക്കും അസൂയ തോന്നുംവിധം അഭിനയത്തിന്റെ പുതിയ ഭാവങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഫഹദ് ഇന്നീ കാണും വിധത്തിലെത്തിയതിന് പിന്നില്‍ പരിഹാസങ്ങളുടെയും പുച്ഛങ്ങളുടെയും ആക്ഷേപങ്ങളുടെയും കയ്പ്പേറിയ അനുഭവങ്ങളുണ്ട്. 20 വയസ് മാത്രം പ്രായമുള്ള തന്റെ മകന്‍ ഷാനുവിനെ നായകനാക്കി ഫാസില്‍ എന്ന സംവിധായകന്‍ കൈയ്യെത്തും ദൂരത്ത് എന്ന സിനിമ ചെയ്തു പരാജപ്പെട്ടപ്പോള്‍, അന്ന് ഫാസിലിന് പറയാന്‍ ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ തിരികെ വരും എന്ന്. 2002-ലെ ആ ഒറ്റ സിനിമയും അഭിനയിച്ച് അഭിനയ കളരി താത്കാലികമായി വിട്ടിറങ്ങിയ ഷാനു പിന്നീട് വരുന്നത് 2009-ല്‍ ഫഹദ് ഫാസിലായായിരുന്നു.

കേരള കഫേ എന്ന ആന്തോളജിയില്‍ മൃത്യഞ്ജയം എന്ന കഥാഭാഗത്തില്‍ ചെറിയൊരു ഭാഗം അവതരിപ്പിച്ചുകൊണ്ടെത്തിയ ഫഹദിന്റെ ക്യാരക്ടറിന് തരക്കേടില്ലാത്ത അഭിപ്രായങ്ങള്‍ എത്തി. പിന്നീട് മമ്മൂട്ടി നായകനായ പ്രമാണി. 2010-ല്‍ ടൂര്‍ണമെന്റ്. ഫഹദ് വന്നത് ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു, 2012-ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ്. അതും കേരള സംസ്ഥനാ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടനായിക്കൊണ്ട്.

അവിടെ നിന്ന് സ്വയം എങ്ങനെ നവീകരിക്കാം എന്നതായിരുന്നു ഫഹദിന്റെ ധ്യാനം. ഒരു തവണ ശരിയായില്ലെങ്കില്‍ രണ്ടും മൂന്നും നാലും അഞ്ചും അങ്ങനെ എത്ര തവണ വേണമെങ്കിലും റീടേക്ക് എടുക്കാന്‍ മടിയില്ലാത്ത ഫഹദിന്റെ ഹാര്‍ഡ് വര്‍ക്കിനെ പ്രശംസിച്ച താരങ്ങളില്‍ ഉലക നായകന്‍ കമല്‍ഹാസനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വിജയ് സേതുപതിയും രണ്‍ബീര്‍ കപൂറും വരെയുണ്ട്.

ഉള്ള് നിറയെ ശോശന്നയോടുള്ള പ്രണയം കാണിച്ച് നിഷ്‌കളങ്കതയുടെ അങ്ങേയറ്റമായി വെറും സാധുവായി ആമേനിലെ സോളമനായും മതമൊന്നുമല്ല പൊന്നുപോലെ നോക്കാന്‍ മനസ് മതി എന്ന് ധൈര്യപൂര്‍വം അന്നയോട് പറഞ്ഞ റസൂലായും യുവത്വം ധൂര്‍ത്തില്‍ ഒഴുക്കി വിട്ട് ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന്, നിസാഹയതയുടെ പടുകുഴിയിലായി ഒടുവില്‍ മോഷ്ടാവാകേണ്ടി വന്ന പാപ ഭരത്തില്‍ പിടയുന്ന ഡോ. അരുണായും ദുരയും ആര്‍ത്തിയും പണത്തിനുമായി എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വന്തം കുടുംബത്തിനെതിരെ റിബലായി നിന്നുകൊണ്ട് പോരാടിയ ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷിയായും കിട്ടിയ അടി തിരികെ കൊടുക്കാന്‍ കാരട്ടെ പഠിച്ച് കാത്തിരുന്ന് പകരം വീട്ടുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ മഹേഷായും കള്ളനായും വരത്തനായും സൈക്കോ ഷമ്മിയായും അസാമാന്യ പെര്‍ഫോമന്‍സ് കൊണ്ട് അഴിഞ്ഞാടാന്‍ ഫഹദിനല്ലാതെ മറ്റാര്‍ക്ക് പറ്റും.

ഫഹദല്ലാതെ ഈ കഥാപാത്രം ചെയ്യാന്‍ മറ്റാര്‍ക്ക് എന്ന് ഒരു സംവിധായകനെ കൊണ്ട് ചിന്തിപ്പിക്കാന്‍ കഴിയത്തക്ക തരത്തിലും ഫഹദിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ കഥകളെഴുതുന്ന തരത്തിലും വരെ ഈ യുവനടന്‍ വളര്‍ന്നു. മലയാള സിനിമയില്‍ അഭിനയത്തിന്റെ വൈവിധ്യമായ വിസ്മയം സാധിച്ചെടുത്തിട്ടുളള സാക്ഷാല്‍ മോഹന്‍ലാലിനോടൊപ്പം ഫഹദ് ഫാസിലിനെ പല സംവിധായകരും താരതമ്യപ്പെടുത്തന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശേഷിപ്പിക്കാനാവാത്ത വിധം ഫഹദിലെ അഭിനയം എന്ന് ബിഹേവിങ് മെത്തേഡിനെ പഠിക്കാന്‍ മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍ താരങ്ങളും ശ്രമിക്കുകയാണ്.

വേലൈക്കാരനിനെ ക്രൂക്കഡ് ബിസിനസ് മാനായും വിക്രമിന്റെ സീക്രട്ട് ഏജന്റായും മാമന്നനിലെ മാടമ്പിത്തരവും ഫ്യൂഡല്‍ മനോഭാവവുമുള്ള രത്‌നവേലായും പുഷ്പയുടെ ശക്തനായ എതിരാളിയായ എസ് പി ബന്‍വര്‍ സിങ്ങായും പാന്‍ ഇന്ത്യന്‍ നടനായി അയാള്‍ വീണ്ടും വീണ്ടും ഞട്ടിച്ചു.

എന്നിട്ടാ ദാ ഇപ്പോള്‍, റീ ഇന്‍ട്രൊഡ്യൂസിങ് ഫ ഫാ എന്ന ടൈറ്റില്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട് സൈക്കോ ഷമ്മിയെ വെല്ലുന്ന സൈക്കോയ്ക്കും അപ്പുറമായി, തനി ചട്ടമ്പിയായി ആദ്യം മുതല്‍ അവസാനം വരെ ഒരേ എനര്‍ജിയില്‍ ഹൈപ്പറായ രംഗയെയും കൊണ്ടിറക്കുകയാണ് അയാള്‍. ഭൂതകാലമുണ്ടാക്കിയ മെന്റല്‍ ട്രോമയെ കാണിക്കാതെ പുറത്ത് റഫ് ആന്‍ഡ് ടഫ് ആയും സ്വകാര്യ നിമിഷങ്ങളില്‍ മതിമറന്നാടുകയും ചെയ്യുന്ന രംഗ എന്ന ഐറ്റം ഒന്ന് വേറെയാണ്.

ഇത്രയധികം റേഞ്ചുളള ഒരു നടന്‍ മലയാള സിനിമയ്ക്കും തെന്നിന്ത്യന്‍ ദക്ഷിണേന്ത്യന്‍ സിനിമയ്ക്കും ഒരു സ്വത്ത് തന്നെയാണ്. ഫ ഫയിലെ ഇനിയും വൈവിധ്യമുള്ള ഭാവങ്ങളെ സ്‌ക്രീനിലെത്തിക്കേണ്ടത് സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ചലഞ്ചാണ്.

പാളിപ്പോയിടത്ത് നിന്ന് പണിയെടുത്ത് പീക്കിലെത്തി; മലയാളത്തിന്റെ ഫഹദിസം
ചാർളി അമ്മയായി, വിവരമറിഞ്ഞയുടൻ ഓടിയെത്തി രക്ഷിത് ഷെട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com