'ഇവൻ ഹീറോയോ' എന്ന് ചോദിച്ചവരുടെ മുന്നിൽ ഓസ്കറോളം വളർന്ന നായകൻ; എൻ ടി രാമ റാവു ജൂനിയർ

മുത്തച്ഛന്റെ പേര് തനിക്കൊപ്പം ചേർത്ത നന്ദമൂരി താരക് വലിയ ബോഡി ഷെയ്മിങ്ങിന്റെ ഇരകൂടിയായിരുന്നു
'ഇവൻ ഹീറോയോ' എന്ന് ചോദിച്ചവരുടെ മുന്നിൽ ഓസ്കറോളം വളർന്ന നായകൻ; എൻ ടി രാമ റാവു ജൂനിയർ
Updated on

സിനിമയിലും രാഷ്ട്രീയത്തിലും ആന്ധ്രാപ്രദേശിന്റെ ജീവന്റെ ജീവനായ, അവർ ദൈവമായി കാണുന്ന എൻ ടി രാമറാവിന്റെ ചെറുമകൻ. മുത്തച്ഛന്റെ പാരമ്പര്യം അച്ഛനും ചെറിയച്ഛനും ബന്ധുക്കളും പിന്തുട‍‍‍ർന്നപ്പോൾ നന്ദമുരി താരകിന് അങ്ങനെ ഒതുങ്ങിക്കൂടാൻ കഴിയുമായിരുന്നില്ല. എന്നാൽ ഒരു നെപ്പോ കിഡായി ആയിട്ടായിരുന്നില്ല ജൂനിയ‍ർ എൻടിആറിന്റെ വരവ്. മുത്തച്ഛന്റെ പേര് തനിക്കൊപ്പം ചേർത്ത നന്ദമൂരി താരക് വലിയ ബോഡി ഷെയ്മിങ്ങിന്റെ ഇരകൂടിയായിരുന്നു.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ജാപ്പനീസ് എന്നുവേണ്ട രാജ്യത്തിനകത്തും പുറത്തും ജൂനിയർ എൻടിആർ എന്ന പേര് ഇന്നൊരു വികാരമാണ്. 'ഇവൻ ഹീറോയോ' എന്ന് ചോദിച്ചവരെ കൊണ്ട്, തന്നെ ബോഡി ഷെയ്മിങ് നടത്തിയവരെ കൊണ്ട് സൂപ്പർ സ്റ്റാർ എന്ന് വിളിപ്പിച്ച് അയാൾ പകരം വീട്ടി. കാണാൻ തന്റെ ഛായയുള്ള താരകിനെ ജൂനിയർ എൻടിആറെന്ന് വിളിച്ചത് മുത്തച്ഛൻ തന്നായാണ്. നന്ദമൂരി ഹരികൃഷ്ണയുടെ രണ്ടാം വിവാഹത്തിലെ മകനാണ് താരക്. 1991-ൽ റിലീസ് ചെയ്ത 'ബ്രഹ്മശ്രീ വിശ്വാമിത്ര' എന്ന ചരിത്ര സിനിമയിൽ ബാലതാരമായി എൻടിആറിന്റെ കൈപിടിച്ച അദ്ദേഹം ആദ്യ സിനിമ അഭിനയിച്ചു.

1997-ൽ 'ബാലരാമായണം' എന്ന സിനിമയിൽ പിന്നീട് ലീഡ് റോൾ. സിനിമയിൽ ചെറിയ പടികൾ ഒരോന്നും കയറുന്നതിനിടെയാണ് ഒപ്പം സഞ്ചരിച്ച മുത്തച്ഛന്റെ വിയോഗം. ജീവിതത്തിൽ തന്റെ ഏറ്റവും വലിയ തണൽ പെട്ടന്ന് ഇല്ലാതായപ്പോൾ താരക് ഒന്നു തളർന്നു, എന്നാൽ വീഴാൻ അയാൾ തായാറായിരുന്നില്ല. നിവർന്ന് നിന്ന് പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിച്ചു. 18 വയസ് മുതൽ സിനിമയിൽ ഇടം നേടുന്നതിനായി കഠിനമായി പരിശ്രമിച്ചു. പലരോടും ചാൻസ് ചോദിച്ചു. ചില സിനിമകളിൽ വേഷമിട്ടെങ്കിലും തന്റെ തടിച്ച ശരീരത്തിന്റെ പേരിൽ അദ്ദേഹം നേരിട്ടത് കടുത്ത ബോഡി ഷെയ്മിങ്ങായിരുന്നു. എന്നാൽ കുച്ചിപ്പുടിയും ഭരതനാ‍ട്യവും അഭ്യസിച്ച അദ്ദേഹത്തിന് ചടുലതയേറിയ നൃത്തത്തിലൂടെ പ്രേക്ഷകരെ പതിയെ കൈയ്യിലെടുക്കാനായി.

2001-ൽ എസ് എസ് രാജമൗലിയുടെ ആദ്യ ചിത്രം 'സ്റ്റഡന്റ് നമ്പർ വൺ'. നായകൻ ജൂനിയർ എൻടിആർ. പടം സൂപ്പർ ഹിറ്റ്. 2002-ൽ പുറത്തിറങ്ങിയ 'ആദി' കൂടി ഹിറ്റയാതോടെ ജൂനിയർ എൻടിആറിന്റെ സിനിമയിലേക്കുള്ള പാത കൂടുതൽ തെളിച്ചമുള്ളതായി. വീണ്ടും ഒരു രാജമൗലി ചിത്രം. 'സിംഹാദ്രി'. നന്ദമൂരി ബാലകൃഷ്ണ നായകനായി ആദ്യം നിശ്ചയിച്ച സിനിമ പിന്നീട് ജൂനിയർ എൻടിആറിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. അങ്ങനെ 20-ാം വയസിൽ തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തിയെങ്കിലും ഹിറ്റ് സിനിമകൾ പോലെ നിരവധി ഫ്ലോപ്പുകളും ഉണ്ടായി.

ജൂനിയർ എൻടിആർ എന്ന പേര് തെലുങ്ക് സിനിമയിൽ നിന്ന് തന്നെ മാഞ്ഞുപോകും എന്ന ഉറപ്പായ സമയത്ത് ദേവദൂതനെ പോലെ വീണ്ടും രാജമൗലിയുടെ എൻട്രി. സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ശാരീരികമായി മാറ്റങ്ങൾ കൊണ്ടുവരണം. ആ ഉപദേശം അദ്ദേഹം അതേപടി കേട്ടു. അന്ന് ഇൻഡസ്ട്രി കീഴടക്കിക്കൊണ്ടിരുന്ന പുതുമുഖ നായകന്മാർക്ക് പോലും അസൂയ തോന്നും വിധത്തിൽ ബോഡി ട്രാൻസ്ഫോമേഷനിലൂടെ ജൂനിയർ എൻടിആർ തിരിച്ച് വീണ്ടും സിനിമയിലേക്ക്, 2015-ൽ പുറത്തിറങ്ങിയ 'ടെംപർ' എന്ന ചിത്രത്തിലൂടെ.

പിന്നീട് തെന്നിന്ത്യ കണ്ടത് അദ്ദേഹത്തിന്റെ കുതിപ്പായിരുന്നു. മോഹൻലാലിനൊപ്പം മത്സരിച്ചഭിനയിച്ച 'ജനത ഗ്യാരേജി'ലൂടെ മലയാളികൾക്കും അയാൾ പ്രിയപ്പെട്ടവനായി. കരിയറിന്റെ തുടക്കം മുതൽ പ്രതിസന്ധിയിലും കൂടെയുണ്ടായിരുന്ന രാജമൗലി 2022-ൽ കൊമരം ഭീം എന്ന കുപ്പായം കൂടി ഇട്ടുകൊടുത്തതോടെ ഇന്ത്യൻ സിനിമ പ്രേക്ഷക‍‍ർ ആവേശത്തിരയിൽ അദ്ദേഹത്തിന്റെ ഓരോ ഫ്രെയ്മിനും കൈയ്യടിച്ചു. കൊമരം ഭീമിന്റെ തീക്ഷണതയുള്ള നോട്ടവും ഉറച്ച ശബ്ദവും ശരീരം പ്രകടമാക്കും വിധം ഫൈറ്റും 'ആ‍ർ ആർ ആർ' എന്ന സിനിമ കാണാൻ എത്തിയ പ്രേക്ഷക‍ർക്ക് വിരുന്നു തന്നെയായി. എം എം കീരവാണിയുടെ സംഗീതത്തിൽ നാട്ടു നാട്ടു എന്ന ഗാനം ഇന്ത്യൻ സിനിമയുടെ ഗതിമാറ്റി ഓസ്കർ തിളക്കത്തിലെത്തിയപ്പോൾ പാട്ടിന്റെ എന‍ർജിയായി മാറിയത് രാം ചരണിനൊപ്പം ജൂനിയ‍ർ എൻടിആറിന്റെ ചടുലതയേറിയ ചുവടുകളായിരുന്നു.

ഓരോ ഷോട്ടിലും ഫയറായി മാറാൻ കഴിയുന്ന സൂപ്പ‍ർ താരത്തിന്റേതായി ഇനി വരാനിരിക്കുന്നത് കൊരട്ടല ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന 'ദേവര'യാണ്, ബ്രഹ്മാണ്ഡ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ഗാനത്തിന് മികച്ച പ്രതികരങ്ങളാണ് ഇതുവരെ. പരിഹാസങ്ങളിൽ നിന്ന് ഊ‍ർജം ഉൾക്കൊണ്ട് ധീരമായി ഇന്ത്യൻ സിനിമയിലേക്ക് നടന്നുകയറിയ സുപ്പ‍സ്റ്റാറിന് റിപ്പോ‍ർട്ടറിന്റെ ജന്മദിനാശംസകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com