ബാഴ്‌സ, ബയേൺ, സിറ്റി; പതിനഞ്ച് വർഷം കൊണ്ട് 38 കിരീടം, ഒരേയൊരു പെപ് ഗ്വാർഡിയോള

വെറും പതിനഞ്ചു സീസൺ കൊണ്ടാണ് ലോക ഫുട്‍ബോളിലെ വിലപിടിപ്പുള്ള 38 കിരീടം അദ്ദേഹം നേടിയത്.
ബാഴ്‌സ, ബയേൺ, സിറ്റി; 
പതിനഞ്ച് വർഷം കൊണ്ട് 38 കിരീടം,
ഒരേയൊരു പെപ്  ഗ്വാർഡിയോള
Updated on

ലണ്ടൻ: ലീഗ് ഏതായാലും കിരീടം നിർബന്ധമാണ് പെപ് ഗ്വാർഡിയോളയ്ക്ക്. ലോക ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും സക്സസ്ഫുളായ പരിശീലകനും ഒരു പക്ഷെ ഗ്വാർഡിയോളയായിരിക്കും. സ്പാനിഷ് ലീഗ് ക്ലബായ ബാഴ്‌സലോണയ്ക്കൊപ്പം 14 കിരീടങ്ങൾ, ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിനൊപ്പം ഏഴ് കിരീടങ്ങൾ, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 17 തുടങ്ങി പരിശീലക കുപ്പായമണിഞ്ഞ എല്ലാ ടീമിനൊപ്പവും അര ഡസനിലേറെ കിരീടം നേടിയ പരിശീലകൻ. വെറും പതിനഞ്ചു സീസൺ കൊണ്ടാണ് ലോക ഫുട്‍ബോളിലെ വിലപിടിപ്പുള്ള 38 കിരീടം അദ്ദേഹം നേടിയത്.

ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ഫെർഗൂസൻ 48 കിരീടം സ്വന്തമാക്കിയത് 34 വർഷം നീണ്ട കാലം കൊണ്ടാണ്. 53 വയസ്സ് മാത്രം പ്രായമുള്ള പെപിന് മുന്നിൽ നീണ്ട പരിശീലന കാലം ബാക്കി നിൽക്കെ ഫെർഗൂസന്റെ നേട്ടം ഉടൻ തന്നെ പഴങ്കഥയാകും. തന്നെ പ്രചോദിപ്പിക്കാനുള്ള ഫാക്റ്റർ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നതാണ് നേട്ടത്തിന് പിന്നിൽ പെപ് കണ്ടെത്തുന്ന തന്ത്രം. സ്വയം വെല്ലുവിളികൾക്ക് വിട്ടുകൊടുക്കുക എന്നതാണ് അത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത് വരെ ഒരു ടീമും നേടാത്ത തുടർച്ചയായ നാലാം കിരീടമായിരുന്നു പെപിന്റെ അവസാന ടാർഗറ്റ്, ആ ടാർഗറ്റ് പൂർത്തിയാക്കിയതോടുകൂടി സിറ്റിയിൽ ഇനി നിൽക്കാൻ തനിക്കൊന്നുമില്ലെന്നും തട്ടകം മാറുമെന്നും പെപ് സൂചന നൽകി. എന്നാൽ പെപിനെ നിലനിർത്താൻ സിറ്റി മാനേജ്‌മെന്റ് ആവുന്ന ശ്രമങ്ങൾ നടത്തുന്നുണ്ട്. പെപ് ക്ലബിൽ നിൽക്കുക എന്നത് അദ്ദേഹത്തിനേക്കാൾ പലപ്പോഴുമാവശ്യം ആ ക്ലബുകൾക്കാണ്.

പതിനാല് കിരീടം നേടികൊടുത്ത് ബാഴ്‍സയുടെ സ്പാനിഷ് തട്ടകത്തിൽ നിന്ന് പിന്മാറുമ്പോൾ കാറ്റലോണിയ മാനേജ്‌മെന്റും കഴിയുന്നത്ര ശ്രമിച്ചതാണ്. ഇനി തനിക്ക് നേരിടാൻ മാത്രം പാകത്തിൽ ബാഴ്‍സയിൽ വെല്ലുവിളികളില്ലായിരുന്നു എന്നായിരുന്നു പെപ് സ്റ്റാൻഡ്. അവിടെ നിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾ മുന്നോട്ട് പെപ് വെക്കുന്ന ഏത് ഓഫറും സ്വീകരിക്കാൻ തയ്യാറായപ്പോൾ അവർക്കൊന്നും പിടികൊടുക്കാതെ അമേരിക്കയിലേക്ക് ഒരു വർഷത്തെ ഇടവേളയ്ക്ക് പോയി. പിന്നീട് തിരിച്ചു വന്ന് ബുണ്ടസ് ലീഗിൽ ബയേൺ മ്യൂണിക്കിനൊപ്പം ചേർന്നു. ഏഴ് കിരീടങ്ങളാണ് ജർമൻ വമ്പൻമാർക്ക് പെപ് നേടി കൊടുത്തത്. അവിടെ നിന്നും 2016 ൽ സിറ്റിയിലെത്തി കഴിഞ്ഞ വർഷം മാത്രം അഞ്ചു സീസൺ കിരീടങ്ങൾ. പ്രീ​മി​യ​ർ ലീ​ഗി​നൊ​പ്പം എ​ഫ്എ ക​പ്പും സൂ​പ്പ​ർ ക​പ്പും ചാ​മ്പ്യ​ൻ​ ലീഗും ,ക്ലബ് കപ്പും തുടങ്ങി ഒരു ക്ലബിന് നേടാവുന്ന എല്ലാ കിരീടവും നേടി കഴിഞ്ഞ തവണ പെപിന്റെ സിറ്റി.

എത്രയോ വർഷങ്ങളുടെ ചരിത്രമുള്ള പ്രീമിയർ ലീഗിൽ 100 പോയിന്റെന്ന ആരും തൊടാത്ത നേട്ടത്തിലേക്ക് സിറ്റി എത്തിയതും ഗ്വാർഡിയോള കാലത്താണ്. 136 വർഷത്തിനിടയിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ ട്രോഫികളുടെ എണ്ണം വെറും എട്ട് വർഷം കൊണ്ട് നേടി എന്ന് പറയുമ്പോൾ തന്നെ ആ റേഞ്ച് നമുക്ക് മനസ്സിലാക്കാം. ബാഴ്‍സയുടെ ടിക്കി ടാക്ക വിട്ടാൽ പെപ് മാനത്ത് നോക്കി നിൽക്കേണ്ടി വരും എന്ന് പറഞ്ഞവർക്ക് മുന്നിൽ കളമറിഞ്ഞു തന്ത്രമെറിയുന്ന കൗശലക്കാരനായി. ഒരേ സമയം ടോട്ടൽ ഫുടബോളിനെയും പൊസിഷൻ ഫുടബോളിനെയും ഉപയോഗിച്ചു. ക്രൈഫിന് കീഴിൽ മനോഹര ഫുട്‍ബോൾ ബാഴ്‍സക്കൊപ്പം കളിച്ചു തുടങ്ങിയ പെപ് പരിശീലനത്തിലും കളിയുടെ ഭംഗി കാത്തു. ഭംഗിക്കൊപ്പം കളി ജയിക്കുക എന്ന തന്ത്രം ഏറ്റവും മനോഹരമായി നടപ്പിലാക്കി. ഈ സീസണിൽ പെപിന് ഇനി ബാക്കിയുള്ളത് എഫ്എ കപ്പ് ഫൈനൽ കൂടിയാണ്. മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള എഫ്എ കപ്പ് കിരീടം കൂടി നേടിയാൽ സിറ്റിക്കൊപ്പം പതിനെട്ടാമത്തെയും പതിനഞ്ച് വർഷത്തെ സീസണിലെ 39 കിരീടവും കിരീട നേട്ടം കൂടി ആകും അത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com