പ്രോട്ടീസ് നിങ്ങൾ പോരാട്ടം തുടരണം; ഒരിക്കൽ ദക്ഷിണാഫ്രിക്ക കിരീടമുയർത്തും

ബാർബഡോസിൽ പ്രോട്ടീസ് സംഘം കളത്തിലിറങ്ങിയത് ചരിത്രം തിരുത്തവാനായിരുന്നു
പ്രോട്ടീസ് നിങ്ങൾ പോരാട്ടം തുടരണം; ഒരിക്കൽ ദക്ഷിണാഫ്രിക്ക കിരീടമുയർത്തും
Updated on

ക്രിക്കറ്റ് നിലനിൽക്കുന്ന കാലത്തോളം ഈ നിമിഷങ്ങൾ കായിക ലോകം മറിക്കില്ല. ഹെർഷൽ ​ഗിബ്സ് കൈവിട്ട ക്യാച്ച് ലോകകപ്പിന്റെ വിധിയെഴുതി. നാടകീയ റൺഔട്ടിന് ശേഷം അലൻ ഡൊണാൾഡ് കരഞ്ഞുതീർത്ത രാത്രി. അവസാനം ഇല്ലാതെ തുടരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ദുരന്തചിത്രങ്ങൾ. ഐസിസിയുടെ ഏത് ടൂർണമെന്റിന് എത്തുമ്പോഴും ശക്തമായ നിരയെ അയക്കാൻ ദക്ഷിണാഫ്രിക്ക മടികാണിക്കില്ല. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനങ്ങൾ നടത്തും. ഒടുവിൽ നിർഭാ​ഗ്യത്തിന്റെ കാലിൽ തട്ടി വീഴും. 2024 ജൂൺ 29ന് ബാർബഡോസിലും ചരിത്രം ആവർത്തിച്ചു.

ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ വർണവിവേചനത്തിന്റെ ഇരുണ്ട അറകളിൽ നിന്ന് 1991ൽ പ്രോട്ടീസ് ക്രിക്കറ്റ് മോചനം നേടി. തൊട്ടടുത്ത വർഷം ദക്ഷിണാഫ്രിക്കൻ ടീം ആദ്യമായി ലോകകപ്പിനെത്തി. കെപ്ലെർ വെസൽസിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക ശക്തമായി മത്സരിച്ചു. പക്ഷേ സെമിയിൽ മഴനിയമത്തിൽ കുരുങ്ങി പുറത്തേയ്ക്ക്.

1999. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത വർഷം. സൂപ്പർ സിക്സിലെ അവസാന മത്സരം. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ. ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്ക് മത്സരം നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹെർഷൽ ​ഗിബ്സിന്റെ സെഞ്ചുറി മികവിൽ 7വിക്കറ്റിന് 271 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ മൂന്നിന് 48. ക്യാപ്റ്റൻ സ്റ്റീവ് വോ രക്ഷകനായെത്തി. വോയുടെ സ്കോർ 56ൽ നിൽക്കെ മിഡ്‌വിക്കറ്റിൽ നൽകിയ ക്യാച്ച് എടുത്ത ​ഗിബ്സ് ആവേശത്തിൽ മുകളിലേക്ക് എറിയുന്നതിനിടെ കൈയ്യിൽ നിന്ന് ചോർന്നു. സ്റ്റീവ് വോ ​ഗിബ്സിനോട് പറഞ്ഞു, കൈവിട്ടത് ക്യാച്ച് അല്ല ലോകകപ്പ് ആണ്. പിന്നെ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വോ ഓസ്ട്രേലിയയെ സെമിയിലേക്ക് കടത്തി.

ഗിബ്സ് നഷ്ടമാക്കിയ ക്യാച്ചിന്റെ വിലയറിഞ്ഞത് സെമിയിലാണ്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വീണ്ടും നേർക്കുനേർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 213 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയും തകർച്ച നേരിട്ടു. ഒടുവിൽ 49 ഓവറിൽ 9ന് 205 റൺസിലെത്തി. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ഫോർ അടിച്ച് ലാൻസ് കുൾസണർ സ്കോർനില തുല്യമാക്കി. ഓസീസ് നായകൻ സ്റ്റീവ് വോ സഹതാരങ്ങളെ ഉപദേശിച്ചു- 'എതിരാളികൾ ഉയർത്തി അടിച്ച് ജയിച്ചാൽ പ്രശ്നമില്ല. പക്ഷേ സിം​ഗിൾ എടുത്തോ ബൗണ്ടറി നേടിയോ വിജയിക്കരുത്'. അങ്ങനെ 11 താരങ്ങളും 30 യാർഡ് സർക്കിളിനുള്ളിൽ ഫിൽഡിങ്ങിന് അണിനിരന്നു.

മൂന്നാം പന്തിൽ റൺസില്ല. നാലാം പന്തിൽ കുൾസനർ അടിച്ച പന്ത് മിഡ് ഓഫിലേക്ക് നീങ്ങി. കുൾസനർ റണ്ണിനായി ഓടിയപ്പോൾ അലൻ ഡൊണാൾഡ് ഓടിയില്ല. കുൾസനർ ഓടിയെത്തിയത് കണ്ട് ഡൊണാൾഡ് റണ്ണിനായി ഓടി. ആദ്യം മാർക്ക് വോ പന്ത് ഡാനിയേൽ ഫ്ലെമിങ്ങിന്റെ കൈകളിൽ എത്തിച്ചു. ഫ്ലെമിങ്ങ് പന്ത് ആദം ​ഗിൽക്രിസ്റ്റിന് കൈമാറി. ഈ സമയത്ത് അലൻ ഡൊണാൾഡിന് ഓടിയെത്താൻ കഴിഞ്ഞില്ല. ഡൊണാൾഡിന്റെ റൺഔട്ടിൽ മത്സരം ടൈയിലായി. സൂപ്പർ സിക്സിലെ ജയത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്. കലാശപ്പോരിൽ പാകിസ്താനെ മറികടന്ന് ഓസ്ട്രേലിയ ലോകകിരീടം ഉയർത്തി.

അലൻ ഡൊണാൾഡ് കരഞ്ഞുതീർത്ത് കളം വിട്ടു. അതിനേക്കാൾ നഷ്ടം അന്നത്തെ നായകൻ ഹാൻസി ക്രോണ്യയ്ക്കായിരുന്നു. മറ്റാരേക്കാലും അയാൾ ലോകകപ്പ് അർഹിച്ചിരുന്നു. 2000ത്തില്‍ ലോകത്തെ നടുക്കിയ കോഴവിവാദം ഉയർന്ന ദിനങ്ങൾ. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യ ആയിരുന്നു പ്രധാന കുറ്റാരോപിതന്‍. പിന്നാലെ ഒരു വിമാനപകടത്തില്‍ ക്രോണ്യ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നിലെ ദുരൂഹത ഇന്നും തുടരുകയാണ്.

അന്ന് ഒരു റൺസ് അകലെ ഫൈനൽ പ്രവേശനം നഷ്ടമായതാണ്. പിന്നീടൊരിക്കലും ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഫൈനൽ കളിച്ചില്ല. 2024 ജൂൺ 29 വരെ. ബാർബഡോസിൽ ചരിത്രം തിരുത്തവാൻ പ്രോട്ടീസ് സംഘം കളത്തിലിറങ്ങി. പക്ഷേ 13 വർഷത്തിന് ശേഷം ഹിറ്റ്മാന്റെ നീലപ്പടയാളികൾ വിജയികളായി. പ്രോട്ടീസ് സംഘം ഇനിയും കാത്തിരിക്കണം. നിങ്ങൾ പോരാടിയിട്ടുണ്ട്. തല ഉയർത്തിപ്പിടിക്കണം. ഒരിക്കൽ ക്രിക്കറ്റ് ലോകത്തിന്റെ പ്രകാശം ദക്ഷിണാഫ്രിക്കയിൽ ഉദിക്കുമെന്നുറപ്പാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com