ലമിനെ യമാൽ; ഭാവിയിലെ 'ഗോട്ട്' ഡിസ്കഷന് അവകാശിയായ പതിനേഴുകാരൻ

മെസ്സി കയ്യിലെടുക്കുമ്പോൾ മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന ആ കുഞ്ഞ് യമാലായി ഇപ്പോൾ ക്യാമ്പ് നൗവും കടന്ന് മ്യൂണിച്ചും കീഴടക്കി ബെർലിൻ മതിലിന്റെ ഉയരത്തിലെത്തി നിൽക്കുന്നു
ലമിനെ യമാൽ; ഭാവിയിലെ 'ഗോട്ട്' ഡിസ്കഷന്  അവകാശിയായ പതിനേഴുകാരൻ
Updated on

ആഴ്ച്ചകൾ നീണ്ട് നിന്ന ഗ്രൂപ്പ് -നോക്കൗട്ട് പോരാട്ടങ്ങൾക്ക് ഒടുവിൽ ലാറ്റിനമേരിക്കയിലും യൂറോപ്പിലും പുതിയ ഫുട്‍ബോൾ കിരീടാവകാശിയെ തീരുമാനിക്കപ്പെടുകയാണ്. കോപ്പയിൽ നിലവിലെ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരുമായ അർജന്റീന കൊളംബിയയെ നേരിടുമ്പോൾ യൂറോ കലാശപ്പോരിൽ സ്‌പെയിൻ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെ നേരിടുന്നു. ഫുട്‍ബോൾ ലോകം ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കൗതുകവും ചരിത്രമാറ്റവും നടക്കുന്ന രണ്ട് ഫൈനലുകളാണ് നമുക്ക് മുന്നിലുള്ളത്. യൂറോ-കോപ്പ ടൂർണമെന്റുകളുടെ ആവേശം മുറുകിയ കഴിഞ്ഞ ആഴ്ച്ചകളിൽ ഏറെ ചർച്ചയായ ഒരു ചിത്രം തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

പതിനാറ് വർഷങ്ങൾക്ക് മുമ്പ്, ഫുട്‍ബോൾ ലോകത്തെ ഭാവിയിൽ ഇടം കാലിലാക്കുമെന്ന് കരുതിയിരുന്ന ഒരു കൗമാരക്കാരൻ ക്യാമ്പ് നൗവിൽ നിന്നും ഒരു കുഞ്ഞു കുട്ടിയെ കയ്യിലെടുത്ത് കുളിപ്പിക്കുന്ന ചിത്രമായിരുന്നു അത്. മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന ആ കുട്ടി കുഞ്ഞ് യമാലായി ഇപ്പോൾ ക്യാമ്പ് നൗവും കടന്ന് മ്യൂണിച്ചും കീഴടക്കി ബെർലിൻ മതിലിന്റെ ഉയരത്തിലെത്തി നിൽക്കുന്നു. ബാഴ്‌സലോണയുടെ യൂനിസെഫുമായുള്ള ഒരു ക്ലബ് ചാരിറ്റി പ്രോഗ്രാമിൽ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ യൊവാന്‍ മോണ്‍ഫോര്‍ട്ട് പകർത്തിയ ആ ചിത്രം അങ്ങനെ ലോക ചരിത്രത്തിലെ തന്നെ അവിശ്വസനീയവും എന്നാൽ അത്ഭുതകരവുമായ ഒരു നിമിഷത്തിന്റെ സാക്ഷി പകർപ്പായി മാറുന്നു.

പതിനാറ് വർഷങ്ങൾക്ക് ശേഷം 2024 കോപ്പയിൽ അന്നത്തെ കൗമാരക്കാരൻ 37 വയസ്സുള്ള എല്ലാം തികഞ്ഞ നായകനായി തന്റെ രാജ്യത്തിന് ഒരു കോപ്പ കിരീടം കൂടി നേടി കൊടുക്കാൻ മയാമിയിലെ കടുപ്പമുള്ള മൈതാനത്ത് വീണ്ടുമെത്തുന്നു. മറുവശത്ത് തന്നെ കയ്യിലെടുത്ത് താലോലിച്ചത് ആരാണെന്ന് പോലുമറിയാത്ത, മുട്ട് മടക്കി തുടങ്ങാത്ത ആ കുഞ്ഞ് ഇന്ന് വൻകരയ്ക്കപ്പുറത്ത് വമ്പന്മാരെ മുട്ടു കുത്തിക്കുന്നു. ഭാവിയിൽ ‘ആ കൗമാരക്കാരന്റെയും തല തൊട്ടപ്പനാകുമോ ഈ കുഞ്ഞ് ’ എന്ന ഒരു ആകാംക്ഷ ആരാധകരിൽ കോരിയിട്ട് കാളകൂട്ടന്മാർക്കൊപ്പം യൂറോ ഫൈനലിലെത്തുന്നു. അന്ന് തനിക്ക് ചുറ്റും വട്ടമിട്ട് പറന്ന ഡിസ്കഷനുകൾക്കും പ്രതീക്ഷകൾക്കും മേലെ, കളിച്ചും തെളിയിച്ചും നേടിയും കരിയറിന്റെയവസാനം 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഇൻ ഫുടബോളി'ന് തന്റെ പേരിലേക്ക് ഒരു തീർപ്പ് കല്പിച്ച മെസ്സി, ആ മെസ്സിയുടെ 'ഗോട്ട്' വിളിക്ക് ഭാവിയിൽ വെല്ലുവിളി ഉയർത്താനാവുമോ മെസ്സി തന്നെ ജ്ഞാനസ്‌നാനം ചെയ്ത യമാലിന് എന്ന ആകാംക്ഷയിലാണ് ഫുട്‍ബോൾ ലോകം ഇപ്പോൾ എത്തി നിൽക്കുന്നത്.

Sara Gordon

ഇരുവരുടെയും ഫുട്ബാേൾ ജീവിതത്തിന്റെ അസാമാന്യ സാമ്യവും ബന്ധവും തന്നെയാണ് അതിന് കാരണവും. പലപ്പോഴും ഇടത് വിങ്ങിൽ നിന്നും തന്നെക്കാൾ ഇരട്ടി തടിമിടുക്കുള്ള പ്രതിരോധ താരങ്ങളെ വെട്ടി ഒഴിഞ്ഞ് യമാൽ ബോക്സിലേക്കും സഹതാരങ്ങളിലേക്കും കുതിക്കുമ്പോൾ പഴയ കൗമാരക്കാരനായ മെസ്സിയുടെ കാലിൽ പന്ത് പറ്റി പിടിപ്പിച്ചുള്ള ഓട്ടത്തെ ഓർമിപ്പിക്കും. അങ്ങനെയുള്ള ഡസനുകളോളം നിമിഷങ്ങൾ ഈ യൂറോയിലുണ്ടായി. മെസ്സിയെ പോലെ തന്നെ ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെയും വളര്‍ച്ച. ഒടുവിൽ അത് മെസ്സിയെ മിശിഹായാക്കിയ ബാഴ്‌സലോണയിലെത്തി നിൽക്കുന്നു. ബി ടീമിൽ വെറും ഒരു മത്സരത്തിന്റെ പരിചയത്തിൽ ബാഴ്‌സലോണ പോലെയുള്ള ഒരു ടീം പതിനഞ്ചാം വയസ്സിൽ സീനിയർ ടീമിനൊപ്പമിറക്കിയത് വെറുതെയായിരുന്നില്ല.

കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു സംഭവം അതിനൊരു ഉദാഹരണമാണ്. ഈ സീസണോടെ തങ്ങളുടെ സൂപ്പർ താരം എംബാപ്പെ ടീം വിടുമെന്ന് ഏകദേശം ഉറപ്പിച്ച പി എസ് ജി മാനേജ്‌മെന്റ് യമാലിന് വേണ്ടി ചരടുവലികൾ നടത്തി. പി എസ്ജി മാനേജ്‌മെന്റ് പതിനാറുകാരന് വിലയിട്ടത് 18,000 കോടിയായിരുന്നു. എന്നാൽ ഒരു ചർച്ചയ്ക്ക് പോലും നിൽക്കാതെ ബാഴ്‌സ മാനേജ്‌മെന്റ് ആ വാഗ്ദാനം തള്ളി. സ്പാനിഷ് ലാലിഗയില്‍ ബാഴ്സയ്ക്കായി കളിക്കുകയും ഗോള്‍ നേടുകയും ചെയ്ത പ്രായം കുറഞ്ഞ താരമായി പിന്നീട് യമാല്‍. യൂറോയിലും അതാവർത്തിച്ചു. ജൂൺ 15 ന് മോഡ്രിച്ചിന്റെ ക്രൊയേഷ്യക്കെതിരെയിറങ്ങുമ്പോൾ യമാൽ യൂറോകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ആ മത്സരത്തിൽ തന്നെ ഡാനി കാർവാഹലിന് നൽകിയ അസിസ്റ്റിലൂടെ യൂറോകപ്പിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.

ഏറ്റവുമൊടുവിൽ ഫ്രാൻസിനെതിരെയുള്ള നിർണ്ണായക സെമിയിൽ നേടിയ വണ്ടർ ഗോളിലൂടെ യൂറോയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി. എംബാപ്പെയുടെ ഫ്രാൻസിന് യൂറോയുടെ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. സെമി ഫൈനലിന് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ യമാല്‍ മറ്റൊരു ചരിത്രം കുറിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതായിരുന്നു അത്. ഇനി ഫൈനലിൽ കളിക്കുമ്പോൾ പ്രധാന ടൂർണമെന്റ് ഫൈനൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാകും. വരാനുള്ള ഫുട്‍ബോൾ കലണ്ടറുകളിലെ ഓരോ ദിവസവും യമാൽ പുതിയ ചരിത്രങ്ങൾ കുറിക്കും. ഫുട്ബോളിന്റെ ഭാവിയിൽ ‘ഗോട്ട്‘ ഡിസ്കഷനിലേക്കും യമാലെത്തും തീർച്ച. യമാലിന് 17 ആം പിറന്നാൾ ആശംസകൾ. രണ്ട് ദിവസം കഴിഞ്ഞുള്ള ബെർലിനിലെ ഇംഗ്ലണ്ടുമായുള്ള കലാശപ്പോരിൽ യൂറോ കിരീടം നേടി ഒരു ഗംഭീര പിറന്നാൾ ആഘോഷം യമാലിന് സാധിക്കട്ടെ,

ലമിനെ യമാൽ; ഭാവിയിലെ 'ഗോട്ട്' ഡിസ്കഷന്  അവകാശിയായ പതിനേഴുകാരൻ
ഫ്രാൻസിൽ ഇടതുപക്ഷം 'ഗോൾ' നേടിയതിൽ എംബാപ്പെ ഹാപ്പി!

Related Stories

No stories found.
logo
Reporter Live
www.reporterlive.com