20-ാം വയസ്സിൽ വിരമിക്കൽ, 58-ാം വയസ്സിൽ റാക്കറ്റേന്തി വീണ്ടും ഒളിംപിക്സിൽ;ചിലിയുടെ ടെന്നീസ് മുത്തശ്ശി

തന്റെ 20-ാം വയസിൽ കൈവിട്ട് പോയ സ്വപ്നങ്ങളിലേക്കാണ് 38 വർഷങ്ങൾക്ക് ശേഷം ഷിയിംഗ് സെങ് തന്റെ 58-ാം വയസ്സിൽ വീണ്ടും നടന്നടുക്കുന്നത്
20-ാം വയസ്സിൽ വിരമിക്കൽ, 58-ാം വയസ്സിൽ റാക്കറ്റേന്തി വീണ്ടും ഒളിംപിക്സിൽ;ചിലിയുടെ ടെന്നീസ് മുത്തശ്ശി
Updated on

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇത്തവണ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം 11 വയസ്സ് മാത്രമുള്ള ചൈനീസ് ബാലിക ചെങ് ഹോഹാവോയാണ്. സ്‌കേറ്റ് ബോർഡിങ്ങിലാണ് ഈ കുഞ്ഞു ബാലിക മത്സരിക്കുന്നത്. ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യൻ കൂടിയായ ചെങ് ഹോഹാവോ സ്‌കേറ്റ് ഇനത്തിൽ മെഡൽ നേടിയാൽ ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം കൂടി സ്വന്തമാക്കാൻ കഴിയും.

പാരിസ് ഒളിംപിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചൈനീസ് ബാലിക ചെങ് മാറുമ്പോൾ പാരിസ് ഒളിംപിക്സിൽ മത്സരിക്കുന്ന പ്രായം കൂടിയ കായിക താരമാവാൻ ഒരുങ്ങുകയാണ് 58 വയസ്സുള്ള ചിലിയുടെ ടെന്നീസ് മുത്തശ്ശി. തന്റെ ആദ്യ ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഷിയിംഗിന് ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജൂലായ് 17 നാണ് 58 വയസ്സ് തികഞത്. തന്റെ 20-ാം വയസിൽ കൈവിട്ട് പോയ സ്വപ്നങ്ങളിലേക്കാണ് 38 വർഷങ്ങൾക്ക് ശേഷം ഷിയിംഗ് സെങ് തന്റെ 58-ാം വയസ്സിൽ വീണ്ടും നടന്നടുക്കുന്നത്. ടീമംഗങ്ങൾക്കൊപ്പം ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്കായി പോർച്ചുഗലിലെ ഏറ്റവും മികച്ച ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രമായ മിറാൻഡെല സെൻ്ററിലാണ് ഷിയിംഗ് സെങ് ഇപ്പോൾ.

1970 കളിൽ ചൈനയിലെ പ്രൊഫഷണൽ യൂത്ത് ടീമിൽ കളിച്ചു തുടങ്ങിയ ഷിയിംഗിന്റെ കരിയർ മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ടേബിൾ ടെന്നീസ് പരിശീലകയായിരുന്ന അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടേബിൾ ടെന്നീസിലെത്തുന്നത്. നിരവധി ദേശീയ അന്തർ ദേശീയ ടൂർണമെന്റുകൾ വിജയിക്കാനായ ഷിയിംഗിന് പക്ഷെ ഒളിംപിക്സിൽ എത്താൻ സാധിച്ചില്ല. 1986-ൽ 20-ാം വയസ്സിലാണ് ഷിയിംഗ് പ്രൊഫഷണൽ ടേബിൾ ടെന്നീസിൽ നിന്ന് വിരമിച്ചത്. ദ്വി വർണ്ണ നിയമമെന്ന പുതിയ പരിഷ്‌കാരം ടേബിൾ ടെന്നീസിൽ കൊണ്ട് വന്നതിനെ തുടർന്നാണ് പിന്മാറിയത്. പിന്നീട് പരിശീലക വേഷത്തിലേക്ക് മാറിയ ഷിയിംഗ് പിന്നീട് പരിശീലക കുപ്പായവും അഴിച്ച് വെച്ച് ഫർണിച്ചർ ബിസിനസ്സിലേക്ക് കടന്നു. പിന്നീട് ചിലിയിലേക്ക് കുടിയേറിയ ഷിയിംഗ് പിന്നീട് അവിടെ തുടർന്നു.

2019 ൽ ലോകത്തെ അപ്രതീക്ഷിത യു ടേൺ അടിപ്പിച്ച കോവിഡ് പാൻഡമിക്കാണ് ഷിയിംഗിന്റെ ജീവിതത്തിൽ വീണ്ടും വഴിത്തിരിവായത്. രോഗ വ്യാപനം തടയാൻ രാജ്യം മുഴുവൻ അടച്ചുപൂട്ടിയപ്പോൾ വിരസതയകറ്റാൻ ഷിയിംഗ് ടെന്നീസ് റാക്കറ്റ് വീണ്ടും കയ്യിലെടുത്തു. മണിക്കൂറുകളോളം വീട്ടിൽ ഒറ്റയ്ക്ക് കളിച്ചു തുടങ്ങി. യൗവന കാലത്തെ തന്റെ ടേബിൾ ടെന്നീസ് പ്രിയം മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം ഷിയിംഗിനെ വീണ്ടും ട്രാക്കിലെത്തിച്ചു. പ്രാദേശിക ടൂർണമെൻ്റുകളിലൂടെയായിരുന്നു ആ തിരിച്ചു വരവ്. തന്നെക്കാൾ ഇരട്ടിയോളം പ്രായം കുറവുള്ളവരോടായിരുന്നു ഏറ്റുമുട്ടലൊക്കെയും, അങ്ങനെ 2023-ഓടെ, രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ കളിക്കാരിയായി ഷിയിംഗ് ചിലിയുടെ ദേശീയ ടീമിൽ ഇടം നേടി. ശേഷം ചിലിയുടെ വനിതാ ടീമിൻ്റെ ഭാഗമായി, 2023 ലെ സുഡാമേരിക്കാനോസിൽ ഒന്നാം സ്ഥാനവും 2023 പാൻ-അമേരിക്കൻ ഗെയിംസിൽ വെങ്കലവും നേടി. ഈ രണ്ട് ടൂര്ണമെന്റുകളിലും ഒളിംപിക്‌സിന്റെ യോഗ്യത കടന്നു. പ്രായം 58 കഴിഞ്ഞെങ്കിലും തന്റെ നിശ്ചയദാർഢ്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും മെഡൽ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷിയിംഗ്. പാരീസിലെ ഒളിംപിക്സിന് കൊടിയുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഠിനപരീശലനത്തിലാണ് താരം.

'സമ്മർദ്ദത്തോടെയല്ല സന്തോഷത്തോടെയാണ് ഞാൻ കളിക്കുന്നത്. ചിലിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ചൈനയിൽ വച്ച് എൻ്റെ സ്വപ്നം നേടാൻ എനിക്ക് സാധിച്ചില്ല, പക്ഷെ ഇത്തവണ ഞാനത് നേടുക തന്നെ ചെയ്യും'. ഷിയിംഗ് ഇത് പറയുമ്പോൾ കായിക ലോകം മുഴുവൻ പാരീസിലെ ആ ചരിത്ര നിമിഷത്തിനായി ഉറ്റുനോക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com