17കാരനായ ചൈനീസ് ബാഡ്മിൻ്റൺ താരത്തിന് ദാരുണാന്ത്യം,മെഡിക്കല്‍ സംഘമെത്തിയത് വൈകിയെന്ന് ആരോപണം; വീഡിയോ

ഇന്‍ഡൊനീഷ്യയിലെ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം
17കാരനായ ചൈനീസ് ബാഡ്മിൻ്റൺ താരത്തിന് ദാരുണാന്ത്യം,മെഡിക്കല്‍ സംഘമെത്തിയത് വൈകിയെന്ന് ആരോപണം; വീഡിയോ
Updated on

ജക്കാര്‍ത്ത: മത്സരത്തിനിടെ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് പതിനേഴുകാരനായ ചൈനീസ് ബാഡ്മിന്റണ്‍ താരം ജാങ് ജിജിയെക്ക് ദാരുണാന്ത്യം. ഇന്‍ഡൊനീഷ്യയിലെ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. ഞായറാഴ്ച ജപ്പാന്റെ കസുമ കവാനോയുമായി ഏറ്റുമുട്ടുന്നതിനിടെ താരം പെട്ടെന്ന് വീഴുകയായിരുന്നു. മത്സരം 11-11 എന്ന നിലയില്‍ സമനിലയില്‍ നില്‍ക്കുമ്പോഴാണ് വീഴ്ച സംഭവിച്ചത്. തുടര്‍ന്ന് അടിയന്തരമായി ആരോഗ്യ പരിചരണം നടത്തിയെങ്കിലും ആശുപത്രിയില്‍വെച്ച് മരണം സ്ഥിരീകരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ താരമാണ് ജാങ് ജിജിയെ.

'വൈകീട്ട് നടന്ന ബാഡ്മിന്റണ്‍ മത്സരത്തിനിടെ ചൈനയുടെ ജാങ് ജിജിയെ കോര്‍ട്ടില്‍ കുഴഞ്ഞു വീണു. ടൂര്‍ണമെന്റ് ഡോക്ടറും മെഡിക്കല്‍ ടീമും അദ്ദേഹത്തെ പരിശോധിച്ചു. പിന്നീട് രണ്ട് മിനിറ്റിനുള്ളില്‍ അദ്ദേഹത്തെ സ്റ്റാന്‍ഡ്‌ബൈ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയച്ചു. അവിടെവെച്ച് ഇന്നലെ പ്രാദേശിക സമയം 11.20-ന് ജാങ്ങ് മരിച്ചു. '-ബാഡ്മിന്റണ്‍ ഏഷ്യയും ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡൊനീഷ്യയും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

വീഴ്ചയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. വീണ് പിടഞ്ഞിട്ടും 40 സെക്കന്‍ഡോളം സമയം കഴിഞ്ഞാണ് മെഡിക്കല്‍ സംഘമെത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം മെഡിക്കല്‍ സംഘത്തിന് റഫറിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഗ്രൗണ്ടില്‍ പ്രവേശിക്കാനാവൂ എന്ന് നിയമമുണ്ടെന്നും അത് കൊണ്ടാണ് വൈകിയത് എന്നും അധികൃതർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com