പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. സെമിയിൽ ജർമ്മനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ സംഘത്തിന്റെ പരാജയം. ഫൈനലിൽ ജർമ്മനിയ്ക്ക് നെതർലൻഡ്സ് ആണ് എതിരാളികൾ. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും.
തുടക്കം മുതൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കായിരുന്നു. ഏഴാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ജർമ്മനിയുടെ പ്രതിരോധ പിഴവ് മുതലാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ ഇന്ത്യയ്ക്ക് ഒരു ഗോളിന് ലീഡ് ചെയ്യാനും കഴിഞ്ഞു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ജർമ്മനി തിരിച്ചടിച്ചു. ഗോൺസാലോ പെയിലറ്റ് ആണ് ജർമ്മനിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ക്വാർട്ടർ അവസാനിക്കും മുമ്പായി ജർമ്മനി മുന്നിലെത്തി. 27-ാം മിനിറ്റിൽ ക്രിസ്റ്റഫർ റൂർ ആണ് ജർമ്മനിക്കായി രണ്ടാം ഗോൾ നേടിയത്.
പ്രതിഷേധത്തിന്റെ തെരുവുകളിൽ നിന്ന് പാരിസിലെ പോഡിയത്തിലേക്ക്; സ്വർണത്തിനരികെ വിനേഷ് ഫോഗട്ട്മൂന്നാം ക്വാർട്ടറിൽ തിരിച്ചടിക്കാൻ ഉറച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. തുടർച്ചായായ ആക്രമണങ്ങൾക്കൊടുവിൽ 36-ാം മിനിറ്റിൽ അഭിഷേക് ലക്ഷ്യം കണ്ടു. ഇതോടെ മത്സരം ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിലായി. മൂന്നാം ക്വാർട്ടർ പിരിയുമ്പോഴും ഇന്ത്യയും ജർമ്മനിയും സമനില തുടർന്നു. നിർണായകമായ നാലാം ക്വാർട്ടറിൽ ഇരുടീമുകളും വിജയത്തിനായി മത്സരിച്ചു. ഇന്ത്യൻ ആരാധകരെ നിരാശരാക്കി 54-ാം മിനിറ്റിൽ ജർമ്മനിയുടെ ഗോൾ പിറന്നു. മാർക്കോ മിൽറ്റ്കൗ ആണ് ജർമ്മൻ സംഘത്തിനായി ഗോൾ നേടിയത്. അവശേഷിച്ച സമയത്ത് തിരിച്ചടിക്കാൻ കഴിയാതിരുന്നതോടെ ഇന്ത്യ പരാജയം ഏറ്റുവാങ്ങി.