ലോഡ്സ് : രണ്ടാം ആഷസ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം സ്റ്റംമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ മികച്ച ലീഡിലേക്ക്. മഴ മൂലം നേരത്തെ മത്സരം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 130 റൺസെടുത്തിട്ടുണ്ട്. ഉസ്മാൻ ഖവാജ 58 റൺസോടെയും ആറ് റൺസെടുത്ത് സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ 221 റൺസിൻ്റെ ലീഡ് നേടാനായി.
നേരത്തെ 4 ന് 278 എന്ന നിലയിൽ ബാറ്റിങ് പു:നരാരംഭിച്ച ഇംഗ്ലണ്ട് ആദ്യ സെഷനിൽ തന്നെ വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. ഹാരി ബ്രൂക്ക് അർദ്ധ സെഞ്ചുറി തികച്ചത് മാത്രമാണ് ഇംഗ്ലണ്ടിന് എടുത്ത് പറയാനുള്ളത്. അവസാന ആറ് വിക്കറ്റുകൾ വീണത് 46 റൺസിനിടെയാണ്. മിച്ചൽ സ്റ്റാർക്ക് മൂന്നും ഹസ്ലീവുഡ്, ട്രാവിസ് ഹെഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
91 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയ നേടിയത്. മത്സരം രണ്ട് ദിവസം ബാക്കി നിൽക്കെ മികച്ച ലീഡ് നേടിയാൽ മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാകും. നാലാം ദിനം പരമാവധി നേരത്തെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനാവും ഓസീസ് ശ്രമം. ഓസ്ട്രേലിയയെ വേഗത്തിൽ പുറത്താക്കിയില്ലെങ്കിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ കഴിയില്ല. രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിങ് പുറത്തെടുത്തില്ലെങ്കിൽ സമനിലയും ഇംഗ്ലണ്ടിന് ബുദ്ധിമുട്ടാകും.