സിംബാബ്വെ: ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ സിംബാബ്വെ. ക്വാളിഫയറിലെ സൂപ്പര് സിക്സ് പോരാട്ടത്തില് സ്കോട്ട്ലന്ഡിനോട് 31 റണ്സിന് പരാജയം വഴങ്ങിയതോടെയാണ് സിംബാബ്വെ ലോകകപ്പില് നിന്ന് പുറത്തായത്. യോഗ്യതക്ക് ഒരു ജയം മാത്രമകലെ നില്ക്കെ കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റാണ് സിംബാബ്വെ പുറത്താകുന്നത്.
സ്കോട്ട്ലന്ഡ് ഉയര്ത്തിയ 235 റണ്സിന്റെ വിജയലക്ഷ്യം സിംബാബ്വെ നിസ്സാരമായി മറികടക്കുമെന്ന് കരുതിയെങ്കിലും ഫലം മറ്റൊന്നായിരുന്നു. 41.1 ഓവറില് 203 റണ്സ് എന്ന നിലയില് സിംബാബ്വെക്ക് മുഴുവന് വിക്കറ്റും നഷ്ടമായി. 84 പന്തില് 83 റണ്സ് നേടിയ റയാന് ബേളിന്റെ ഒറ്റയാള് പോരാട്ടവും ലക്ഷ്യം കണ്ടില്ല. മൂന്ന് താരങ്ങളെ വീഴ്ത്തിയ ക്രിസ് സോള് സിംബാബ്വെ പ്രതീക്ഷകളെ തച്ചുടച്ചു. ക്രിസ് സോള് ആണ് മാന് ഓഫ് ദ മാച്ച്. ബ്രാന്ഡന് മക്മല്ലനും മൈക്കല് ലീസ്ക്കും രണ്ടുവീതം വിക്കറ്റെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില് പരാജയം അറിയാതെയായിരുന്നു സിംബാബ്വെയുടെ വരവ്. സൂപ്പര് സിക്സിലെ ആദ്യ മത്സരത്തില് സിംബാബ്വെ ഒമാനെ കഷ്ടപ്പെട്ട് പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തില് ശ്രീലങ്കയോട് പരാജയപ്പെടുകയും ചെയ്തു. ഒമാനെതിരെ വലിയ വിജയം നേടി നെറ്റ് റണ് റേറ്റ് ഉയര്ത്താന് സാധിക്കാതെ പോയതും ശ്രീലങ്കയ്ക്കെതിരെ കനത്ത തോല്വി ഏറ്റുവാങ്ങിയതും സിംബാബ്വെയ്ക്ക് തിരിച്ചടിയായി. വെറും രണ്ട് പോയിന്റ് മാത്രമായി സൂപ്പര് സിക്സില് പ്രവേശിച്ച സ്കോട്ട്ലന്ഡ് വെസ്റ്റ് ഇന്ഡീസിനെയും സിംബാബ്വെയും തകര്ത്തുകൊണ്ടാണ് ലോകകപ്പ് യോഗ്യതക്കരികെ എത്തിയിരിക്കുന്നത്. ഇനി ജൂലൈ ഏഴിന് നടക്കുന്ന മത്സരത്തില് നെതര്ലന്ഡ്സാണ് സ്കോട്ട്ലന്ഡിന്റെ എതിരാളികള്.