മീററ്റ്: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ മീററ്റിൽവെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ നിന്ന് പ്രവീൺ കുമാറും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.
പാണ്ഡവ് നഗറിൽ നിന്ന് വരുമ്പോഴാണ് പ്രവീൺ കുമാറിൻ്റെ കാർ അപകടത്തിൽപ്പെട്ടത്. കണ്ടെയ്നർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ പ്രവീണിൻ്റെ ലാന്റ് റോവർ ഡിഫന്റർ അമിത വേഗതയിലാണ് സഞ്ചരിച്ചതെന്നാണ് സൂചന.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ പ്രവീൺ കുമാർ 2007 ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ഇന്ത്യയ്ക്കായി 6 ടെസ്റ്റുകളിലും 68 ഏകദിനങ്ങിലും 10 ട്വന്റി ട്വന്റികളിലും കളിച്ചിട്ടുണ്ട്. 2007 ൽ ഓസ്ട്രേലിയൻ മണ്ണിൽ സിബി സീരിസ് വിജയിച്ച ഇന്ത്യൻ ടീമിൽ പ്രവീൺ കുമാർ അംഗമായിരുന്നു. അന്താരാഷ്ട്ര കരിയറിൽ 112 വിക്കറ്റുകൾ പ്രവീൺ കുമാർ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. 2011 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പരിക്ക് മൂലം പിന്മാറേണ്ടി വന്നു.