ബുലാവായോ: 2023 ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താമത്തെ ടീമായി നെതര്ലന്ഡ്സ്. സൂപ്പര് സിക്സിലെ നിര്ണായക മത്സരത്തില് സ്കോട്ട്ലന്ഡിനെ തോല്പ്പിച്ചാണ് നെതര്ലന്ഡ്സ് ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്തത്. വ്യാഴാഴ്ച ബുലാവായോ ക്വീന്സ് സ്പോര്ട്സ് ക്ലബ്ബില് നടന്ന മത്സരത്തില് നാല് വിക്കറ്റിനാണ് നെതര്ലന്ഡ്സ് സ്കോട്ലന്ഡിനെ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലന്ഡ് നിശ്ചിത 50 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 277 റണ്സ് എടുത്തു. മറുപടി ബാറ്റിംഗില് 42.5 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് നെതര്ലന്ഡ്സ് വിജയലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ബ്രാണ്ടന് മക്മല്ലനും (106) അര്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന് ബെറിംഗ്ടണുമാണ് (64) സ്കോട്ലന്ഡിന് ഭേദപ്പെട്ട സ്കോര് സമ്മാനിച്ചത്.
മറുവശത്ത് അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടിയ ബാസ് ഡിലീഡിന്റെ പ്രകടനമാണ് നെതര്ലന്ഡ്സിനെ വിജയത്തിലേക്ക് എത്തിച്ചത്. ബൗളിംഗില് അഞ്ച് വിക്കറ്റ് നേടി ഡിലീഡ് സ്കോട്ടിഷ് പടയെ എറിഞ്ഞിട്ടു. ബാറ്റിംഗില് 92 പന്തുകളില് നിന്ന് 123 റണ്സാണ് ഡച്ച് താരം അടിച്ചുകൂട്ടിയത്. ഒക്ടോബര് അഞ്ചിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.