മിർപൂർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം മിന്നിച്ച് മിന്നുമണി. ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് മിന്നു രാജ്യാന്തര ട്വൻ്റി 20യിലെ ആദ്യ വിക്കറ്റും സ്വന്തമാക്കി. മിന്നു മണി ഉൾപ്പെടെ രണ്ട് പുതുമുഖങ്ങൾക്കാണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. സ്പിന്നർ അനുഷ ബാറെഡ്ഡിയാണ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മറ്റൊരു താരം. അനുഷയ്ക്ക് ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻ പ്രീത് കൗറും മിന്നുവിന് ഓപ്പണർ സ്മൃതി മന്ദാനയുമാണ് ക്യാപ് സമ്മാനിച്ചത്.
ഇതാദ്യമായാണ് ഇന്ത്യൻ ടീമിൽ ഒരു മലയാളിയായ ഒരു വനിത ഇടം പിടിക്കുന്നത്. ഇടം കൈയ്യൻ ബാറ്ററും വലം കൈയ്യൻ ബൗളറുമായ മിന്നു ഓൾ റൗണ്ടറായാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുന്നത്. മുമ്പ് പുരുഷ ടീമിൽ മൂന്ന് മലയാളി താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ടിനു യോഹനാൻ, എസ് ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യൻ ടീമിലെത്തിയ മലയാളി താരങ്ങൾ.
ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ഓപ്പണിങ്ങ് റോളിലെത്തും. റിച്ച ഘോഷിന് പകരം യാസ്തിക ഭാട്ടിയയ്ക്കാണ വിക്കറ്റ് കീപ്പറുടെ ചുമതല. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബൗളിങ്ങിന് അയച്ചിരിക്കുകയാണ്.