ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില് തുടര്വിജയം ലക്ഷ്യമിട്ട് ഇന്ത്യന് പെണ്പട ഇന്നിറങ്ങും. ആദ്യ ട്വന്റി20യില് ഏഴ് വിക്കറ്റുകള്ക്ക് ടീം ഇന്ത്യ വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിലും വിജയിച്ചാല് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ധാക്കയില് ഉച്ചയ്ക്ക് 1.30നാണ് മത്സരം.
മലയാളി താരം മിന്നു മണിക്ക് രണ്ടാം ട്വന്റി20യിലും ആദ്യ പത്തില് സ്ഥാനം ലഭിച്ചേക്കും. ഒന്നാം ട്വന്റി20യില് തന്റെ ആദ്യ ഓവറില് തന്നെ വിക്കറ്റ് നേടിയ മിന്നു മണി ഇന്ത്യന് ജഴ്സിയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. മൂന്ന് ഓവറുകളില് വെറും 21 റണ്സ് വിട്ടുകൊടുത്താണ് മിന്നു മണി വിക്കറ്റ് നേടിയത്.
ആദ്യ മത്സരത്തില് ബംഗ്ലാ വനിതകള് ഉയര്ത്തിയ 114 റണ്സ് വിജയലക്ഷ്യം 16.2 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് മറികടന്നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അര്ധസെഞ്ച്വറി നേടി തിളങ്ങിയ ക്യാപ്റ്റന് ഹര്മന്പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്പി. 35 പന്തില് 54 റണ്സ് നേടി ഹര്മന്പ്രീതാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന് സ്ക്വാഡ്: ഷെഫാലി വര്മ, സ്മൃതി മന്ദാന, ജെമീമ റെഡ്രിഗസ്, ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്), ഹര്ലീന് ഡിയോള്, ദീപ്തി ശര്മ, പൂജ വസ്ത്രകര്, അമന്ജോത് കൗര്, ബരെഡ്ഡി അനുഷ, മിന്നു മണി, ദേവിക വൈദ്യ, സബിനേനി മേഘ്ന, മേഘ്ന സിംഗ്, അഞ്ജലി സര്വാനി, മോണിക്ക പട്ടേല്, റഷി കനോജിയ, ഉമാ ഛേട്രി