കൊച്ചി: തലശ്ശേരി- വള്ളിയൂര്ക്കാവ് ജംഗ്ഷന് ഇനിമുതല് 'മിന്നു മണി ജംഗ്ഷന്' എന്നറിയപ്പെടും. ഇന്ത്യന് ജഴ്സിയണിയുന്ന ആദ്യ മലയാളി വനിതാ താരമായ മിന്നു മണിയുടെ പേര് ജംഗ്ഷന് നല്കി ആദരിക്കാന് മാനന്തവാടി ഗ്രാമ പഞ്ചായത്ത് ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. വനിതാ ക്രിക്കറ്റില് കേരളത്തെ ലോകത്തിന് മുന്നില് അടയാളപ്പെടുത്തിയ മിന്നുവിന്റെ പ്രകടന മികവിന് ആദരമര്പ്പിച്ചാണ് ജംഗ്ഷന് താരത്തിന്റെ പേര് നല്കാന് തീരുമാനിച്ചത്. ഇപ്പോള് പ്രഖ്യാപിച്ച ഏഷ്യന് ഗെയിംസിന്റെ വനിതാ ക്രിക്കറ്റ് ടീമിലും മിന്നു മണി ഇടംപിടിച്ചിരുന്നു.
മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ ജേക്കബ് സെബാസ്റ്റ്യനാണ് ജംഗ്ഷന് പേര് മാറ്റാനുള്ള നീക്കത്തിന് നേതൃത്വം നല്കിയത്. വയനാട്ടിലെ മാനന്തവാടി-മൈസൂര് റോഡിനും 'മിന്നു മണി റോഡ്' എന്ന് പേര് നല്കിയിരുന്നു. മാനന്തവാടി മുനിസിപ്പല് ഭരണസമിതി യോഗം ചേര്ന്നാണ് റോഡിന്റെ പേര് മാറ്റാന് തീരുമാനിച്ചത്.
രാജ്യാന്തര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ച മിന്നു ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില് മികച്ച പ്രകടനം കാഴ്ചവെച്ച മിന്നു വെള്ളിയാഴ്ചയാണ് കേരളത്തിലെത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് എത്തിയ മിന്നുവിനെ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ അസോസിയേഷനുകളും ചേര്ന്ന് മിന്നുവിനെ സ്വീകരിച്ചു. ഇന്ത്യന് മുന് താരം ടിനു യോഹന്നാനും മിന്നുവിനെ സ്വീകരിക്കാനെത്തി.
വയനാട്ടില് സ്വന്തം പേരില് റോഡ് വരുന്നതില് അഭിമാനമുണ്ടെന്ന് മിന്നു മണി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. അരങ്ങേറ്റ മത്സരത്തിലെ സ്വപ്നനേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇന്ത്യന് ജഴ്സിയണിഞ്ഞപ്പോള് രോമാഞ്ചമുണ്ടായെന്നും ഇരട്ട വിക്കറ്റ് നേട്ടം ഇരട്ടി മധുരമാണെന്നും താരം പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില് അഞ്ച് വിക്കറ്റുകള് നേടിയാണ് ഓള്റൗണ്ടര് തിളങ്ങിയത്. പരമ്പരയില് 11 ഓവറുകളില് 58 റണ്സ് വിട്ടുകൊടുത്ത മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെയാണ് മടക്കിയത്. 2-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.