ഗാല: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ധനഞ്ജയ - മാത്യൂസ് സഖ്യമാണ് ശ്രീലങ്കയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ആദ്യ ദിനം സ്റ്റംമ്പെടുക്കുമ്പോൾ ധനഞ്ജയ ഡി സിൽവ 94 റൺസുമായി സെഞ്ചുറിയുടെ അരികിലാണ്. മൂന്ന് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ശ്രീലങ്കയെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞത്.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക ആറ് റൺസ് മാത്രം എടുത്തപ്പോൾ നിഷന് മധുഷ്ക പുറത്തായി. നാല് റൺസ് മാത്രമാണ് മധുഷ്ക നേടിയത്. 12 റൺസെടുത്ത് കുശാല് മെന്ഡിൻസും 29 റൺസെടുത്ത് ക്യാപ്റ്റൻ ദിമുത് കരുണാരത്നെയും പുറത്തായി. ഒരു റൺസ് മാത്രമായിരുന്നു ദിനേശ് ചണ്ഡിമാലിൻ്റെ സമ്പാദ്യം. ആദ്യ സെഷനിൽ ശ്രീലങ്ക 4 ന് 30 എന്ന നിലയിൽ തകർന്നു.
അഞ്ചാം വിക്കറ്റിൽ ധനഞ്ജയ ഡി സിൽവയും എയ്ഞ്ചലോ മാത്യൂസും ഒന്നിച്ചതോടെ ശ്രീലങ്ക മുന്നോട്ട് നീങ്ങി. ഇരുവരും അഞ്ചാം വിക്കറ്റിൽ 131 റൺസ് കൂട്ടിച്ചേർത്തു. മാത്യൂസിനെ പുറത്താക്കി അബ്രാര് അഹമ്മദാണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. ഒൻപത് ഫോർ അടക്കം 64 റൺസെടുത്താണ് എയ്ഞ്ചോലോ മാത്യൂസ് നേടിയത്. ആദ്യ ദിനത്തെ അവസാന പന്തിൽ സദീര സമരവിക്രമയുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമായി. 36 റൺസാണ് സമരവിക്രമ നേടിയത്. ഒന്നാം ദിനം ലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തിട്ടുണ്ട്.