'ഇതൊരു ഓര്മ്മപ്പെടുത്തല്'; മിന്നു മണി ജംഗ്ഷന്റെ ചിത്രവുമായി ഡല്ഹി ക്യാപിറ്റല്സ്

വനിതാ പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റൽസിന്റെ പ്രധാന താരം കൂടിയാണ് മിന്നു മണി

dot image

വയനാട്: ഇന്ത്യന് ക്രിക്കറ്റ് ടീമില് ഇടം നേടിയ ആദ്യ മലയാളി വനിതാ താരമായ മിന്നു മണിയ്ക്ക് ആദരസൂചകമായി മാനന്തവാടി-മൈസൂരു റോഡ് ജംഗ്ഷന് ‘മിന്നു മണി ജംഗ്ഷന്’ എന്ന് പുനര്നാമകരണം ചെയ്തു. മാനന്തവാടി നഗരസഭയാണ് മിന്നുമണി ജംഗ്ഷൻ എന്ന് നാമകരണം ചെയ്തത്. പേര് മാറ്റിയ ജംഗ്ഷനില് മാനന്തവാടി നഗരസഭ സ്ഥാപിച്ചിരിക്കുന്ന ബോര്ഡിന്റെ ചിത്രം ഐപിഎല് ടീമായ ഡല്ഹി ക്യാപിറ്റല്സ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചു.

'കേരളത്തിലെ വയനാട്ടിലെ ഈ ജംഗ്ഷന് നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിനുള്ള ഒരു ഓര്മ്മപ്പെടുത്തലാണ്. ബംഗ്ലാദേശിനെതിരായ അസാധാരണ പ്രകടനത്തെ ആദരിച്ച് മിന്നു മണിയുടെ ജന്മനാട് ഒരു സ്പെഷ്യല് സമ്മാനം നല്കി അവളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്', ഡൽഹി ക്യാപിറ്റൽസ് കുറിച്ചു. വനിതാ പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റൽസിന്റെ പ്രധാന താരം കൂടിയാണ് മിന്നു മണി.

രാജ്യാന്തര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ച മിന്നു ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില് മികച്ച പ്രകടനമാണ് മാനന്തവാടി സ്വദേശിയായ മിന്നുമണി കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില് അഞ്ച് വിക്കറ്റുകള് നേടിയാണ് ഓള്റൗണ്ടര് തിളങ്ങിയത്. പരമ്പരയില് 11 ഓവറുകളില് 58 റണ്സ് വിട്ടുകൊടുത്ത മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെയാണ് മടക്കിയത്. ഇതോടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ മിന്നു രണ്ടാമതെത്തുകയും ചെയ്തു. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

വയനാട്ടില് സ്വന്തം പേരില് റോഡ് വരുന്നതില് അഭിമാനമുണ്ടെന്ന് മിന്നു മണി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞിരുന്നു. അരങ്ങേറ്റ മത്സരത്തിലെ സ്വപ്നനേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇന്ത്യന് ജഴ്സിയണിഞ്ഞപ്പോള് രോമാഞ്ചമുണ്ടായെന്നും ഇരട്ട വിക്കറ്റ് നേട്ടം ഇരട്ടി മധുരമാണെന്നും താരം പറഞ്ഞു. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റമത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഇപ്പോള് പ്രഖ്യാപിച്ച ഏഷ്യന് ഗെയിംസിന്റെ വനിതാ ക്രിക്കറ്റ് ടീമിലും മിന്നു മണി ഇടംപിടിച്ചിരുന്നു.

dot image
To advertise here,contact us
dot image