
2023 ആഷസ് പരമ്പരക്ക് ശേഷം ഇംഗ്ലീഷ് താരങ്ങള്ക്കും ഓസീസ് താരങ്ങള്ക്കും ഐസിസി ടെസ്റ്റ് റാങ്കിംഗില് മുന്നേറ്റം. പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം മുന് ഇംഗ്ലീഷ് ക്യാപ്റ്റന് ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ന്യൂസിലന്ഡ് താരം കെയ്ന് വില്യംസണാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആഷസില് ഒരു സെഞ്ച്വറിയും രണ്ട് അര്ധ സെഞ്ച്വറിയും നേടി തിളങ്ങിയ ഓസ്ട്രേലിയന് താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് ഉയര്ന്നു.
ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് രണ്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തി ഒന്പതാം സ്ഥാനത്തെത്തി. ഓസീസ് താരം ഉസ്മാന് ഖവാജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തിയപ്പോള് മാര്നസ് ലാഹുഷെയ്നിന് റാങ്കിംഗില് തിരിച്ചടിയുണ്ടായി. ഓസ്ട്രേലിയന് താരം മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്താണിപ്പോള്.
അതേസമയം ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മാസം വെസ്റ്റ് ഇന്ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില് സെഞ്ച്വറിയടക്കം 240 റണ്സ് നേടിയെങ്കിലും ഇന്ത്യന് താരത്തിന് റാങ്കിംഗില് തിരിച്ചടി നേരിടുകയായിരുന്നു. വിന്ഡീസിനെതിരെ സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വിരാട് കോഹ്ലി പതിനാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ബൗളിംഗില് ഇന്ത്യയുടെ രവിചന്ദ്രന് അശ്വിന് ഐസിസി ടെസ്റ്റ് റാങ്കിംഗില് ഒന്നാമതെത്തിയപ്പോള് സ്പിന്നര് രവീന്ദ്ര ജഡേജ രണ്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര് പേസര് കഗിസോ റബാദയാണ് റാങ്കിംഗില് രണ്ടാമത്.