പല്ലേക്കെലേ: ഇന്ത്യ- പാകിസ്താൻ മത്സരങ്ങൾ പലപ്പോഴും ടീമുകൾ തമ്മിലുള്ള പോരാട്ടം മാത്രമല്ല. ഇരു ടീമുകളിലെ താരങ്ങൾ തമ്മിലും മത്സരം ഉണ്ട്. സച്ചിൻ-അക്തർ, ധോണി-അക്തർ, ഗംഭീർ-ഷാഹിദ് അഫ്രീദി, കോഹ്ലി-അസം എന്നിങ്ങനെ നിരവധി പോരുകൾ ഇന്ത്യ പാക് മത്സരങ്ങൾക്കിടയിൽ നടന്നിട്ടുണ്ട്. ഇത്തവണയും അത്തരം ഒരു പോരാട്ടം നടക്കുന്നുണ്ട്. അത് ഇന്ത്യൻ ബാറ്റർ ശുബ്മാൻ ഗില്ലും പാക് പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിലാണ്.
പഞ്ചാബിലെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിൽ നിന്നാണ് ശുബ്മാൻ ഗില്ലിന്റെ വരവ്. അഫ്രീദിയുടെ വരവ് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പട്ടണത്തിൽ നിന്നുമാണ്. ക്രിക്കറ്റ് ഇരുവരെയും ചെറിയ പ്രായത്തിൽ തന്നെ വീട്ടിൽ നിന്നകറ്റി. നാലാം വയസിലാണ് ഇരു താരങ്ങളും ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഒരാൾ ഓപ്പണിങ്ങ് ബാറ്റർ ആണെങ്കിൽ മറ്റൊരാൾ ഇടം കൈയ്യൻ പേസർ.
ഇരുവരും ഒരിക്കൽ മാത്രമാണ് നേർക്കുനേർ വന്നിട്ടുള്ളത്. 2018 ലെ അണ്ടർ 19 ലോകകപ്പിലായിരുന്നു അത്. ഷഹീൻ ഷായ്ക്ക് അത് മറക്കാൻ ആഗ്രഹിക്കുന്ന ദിവസമാണ്. ഗിൽ ആവട്ടെ സെഞ്ചുറിയോടെ ഇന്ത്യൻ ജയത്തിൽ നിർണായകമായി. പക്ഷേ അന്നത്തെ മത്സരത്തിൽ മറ്റു ചില കാര്യങ്ങളും സംഭവിച്ചു. ആദ്യ ഓവറിൽ പാക് ബൗളറുടെ ബൗൺസിനെ നേരിടാൻ ഗിൽ വിഷമിച്ചു. ഇതോടെ അഫ്രീദിയും സഹതാരവും ഗില്ലിന്റെ അടുത്തേക്ക് എത്തി. ഞങ്ങൾ ബംഗ്ലാദേശിന്റെ ബൗളർമാർ അല്ല എന്ന് ഗില്ലിന് മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശിന് എതിരായ മുമ്പത്തെ മത്സരത്തിൽ ഗിൽ 86 റൺസ് നേടിയിരുന്നു. ഗിൽ പാക് ബൗളർമാർക്ക് മറുപടി നൽകിയില്ല. എന്നാൽ പിന്നീട് പാക് ബൗളർമാരെ അതിർത്തി കടത്തി മുന്നേറിയ ഗിൽ സെഞ്ചുറി നേടി. മത്സര ശേഷം മാധ്യമ പ്രവർത്തകരോട് താൻ ഒരു പാക് ബാറ്ററല്ലെന്ന് ഗിൽ പറഞ്ഞു. പിന്നാലെ പാക് താരങ്ങൾക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിൽ വിജയാഘോഷം നടത്താൻ ഗിൽ ശ്രമിച്ചു. എന്നാൽ അന്നത്തെ ഇന്ത്യൻ ജൂനിയർ ടീം പരിശീലകനായിരുന്ന ദ്രാവിഡ് അത് തടഞ്ഞു. വിരാട് കോഹ്ലി മാതൃകയിലുള്ള വിജയാഘോഷം വേണ്ടെന്ന് ദ്രാവിഡ് വ്യക്തമാക്കി.
അഞ്ച് വർഷത്തിന് ശേഷം ദേശീയ ടീമിൽ ഗില്ലും അഫ്രീദിയും നേർക്കുനേർ വരികയാണ്. ദ്രാവിഡ് ഇന്ത്യയുടെ സീനിയർ ടീമിന്റെ പരിശീലകനായി ഒപ്പമുണ്ട്. ഇത്തവണ അഫ്രീദിയെ നേരിടുന്ന ഗിൽ എത്ര റൺസ് അടിക്കും. പാക് താരത്തിന്റെ പ്രകോപനം ഇത്തവണയും ഉണ്ടാകുമോ ? ടീമുകൾക്ക് അപ്പുറത്തെ താരപോരാട്ടത്തിന് കാത്തിരിക്കാം.