കരീബിയൻ കരുത്തിൻ്റെ ആവേശമില്ലാത്ത ലോകകപ്പ്; വെസ്റ്റ് ഇൻഡീസിന് തിരിച്ചടി ആയതെന്ത്?

ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 30 ദിവസം

dot image

ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് കളിക്കില്ല. യോഗ്യതാ റൗണ്ടിൽ സിംബാവെ, നെതർലാൻഡ്സ് സ്കോട്ലാൻഡ്, ശ്രീലങ്ക ടീമുകളോട് തോറ്റായിരുന്നു വെസ്റ്റ് ഇൻഡീസിൻ്റെ പുറത്താകൽ. സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പിലെത്തണമെങ്കിൽ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കും യോഗ്യതാ റൗണ്ട് വിജയിക്കണമായിരുന്നു. അസോസിയേറ്റ് രാജ്യങ്ങളോട് ഉൾപ്പടെ യോഗ്യതാ റൗണ്ടിൽ മുൻ ലോകചാമ്പ്യന്മാർ പരാജയപ്പെട്ടു. 1970 കളിലും 80 ലും ലോകക്രിക്കറ്റിലെ കിരീടംവയ്ക്കാത്ത രാജാക്കന്മാരായിരുന്ന വെസ്റ്റ് ഇൻഡീസ് ഇന്ന് ആർക്കും തോൽപ്പിക്കാവുന്ന ടീമായി മാറിയിരിക്കുകയാണ്.

ക്രിക്കറ്റിലെ കരീബിയൻ യുഗം

യൂറോപ്യൻ അധിനിവേശകാലത്തെ ദ്വീപ് സമൂഹങ്ങൾ ചേർന്ന പ്രദേശമാണ് വെസ്റ്റ് ഇൻഡീസ് ആയി മാറിയത്. ട്രിനിഡാഡ് & ടുബാഗോ, ജമൈക്ക, ബാർബഡോസ്, ഗ്രനേഡ, സെന്റ് ലൂസിയ, ആന്റിഗ്വ തുടങ്ങിയ രാജ്യങ്ങൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ ഭാഗമാണ്. ഫാസ്റ്റ് ബൗളിങ്ങും വെടിക്കെട്ട് ബാറ്റിങ്ങുമാണ് എക്കാലവും വെസ്റ്റ് ഇൻഡീസിൻ്റെ കരുത്ത്.

1970 മുതൽ 90 വരെയായിരുന്നു ക്രിക്കറ്റിലെ കരീബിയൻ യുഗം. ഗാരി സോബേഴ്സ്, ആൽവിൻ കാളീചരൺ, ക്ലൈവ് ലോയ്ഡ്, റോഹൻ കൻഹായ്, വിവിയൻ റിച്ചാർഡ്സ്, ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മൺഡ് ഹെയ്ൻസ്, ഗസ് ലോഗി, ജെഫ് ഡുജോൺ, റിച്ചി റിച്ചാർഡ്സൺ, മാൽക്കം മാർഷൽ, മൈക്കൽ ഹോൽഡിംഗ്, ജോയിൽ ഗാർനർ, ആൻഡി റോബർട്ട്സ്, കർട്ടിലി അംബ്രോസ്, കോട്നി വാൽഷ് പ്രതിഭകളുടെ നിരതന്നെയായിരുന്നു ഈ രണ്ട് ദശകങ്ങളിലും വിൻഡീസിനെ പ്രതിനിധീകരിച്ചിരുന്നത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും കരുത്തറിയിച്ച സ്വപ്നസംഘമായിരുന്നു ഇക്കാലത്ത് വിൻഡീസ്.

ജയത്തിനായി ഏത് അറ്റം വരെയും

ക്ലൈവ് ലോയിഡ് എന്ന ഇതിഹാസ നായകൻ്റെ വരവോടെയാണ് ഏത് രീതിയിലും മത്സരം വിജയിക്കുക എന്ന തന്ത്രം വെസ്റ്റ് ഇൻഡീസ് പുറത്തെടുത്തത്. 1976 ലെ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര. ആദ്യ മൂന്ന് ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു. അവസാന മത്സരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഓസ്ട്രേലിയയുടെ ബോഡിലൈൻ ബൗളിങ് പരീക്ഷിക്കാൻ ക്ലൈവ് ലോയിഡ് തീരുമാനിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ നേടിയത് 6 വിക്കറ്റിന് 306 റൺസ്. അപ്പോഴേയ്ക്കും ഒൻപത് ഇന്ത്യൻ ബാറ്ററുമാർ ക്രീസിലെത്തിയിരുന്നു.

വെസ്റ്റ് ഇൻഡീസിൻ്റെ ബോഡിലൈനിൽ പല ഇന്ത്യൻ താരങ്ങളും ആശുപത്രിയിലെത്തി. 85 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡോടെ വെസ്റ്റ് ഇൻഡീസ് 391 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ താരങ്ങളുടെ ശരീരം ലക്ഷ്യംവെച്ച് വെസ്റ്റ് ഇൻഡീസ് ബൗളിങ്ങ് തുടർന്നു. 97 റൺസിൽ അഞ്ച് വിക്കറ്റ് വീണപ്പോഴെയ്ക്കും ബൗളർമാർ ഉൾപ്പടെ ബാറ്റ് ചെയ്തു. നിസഹായനായ ഇന്ത്യൻ നായകൻ കിരൺ ബേദി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 13 റൺസിന്റെ ലക്ഷ്യം മറികടന്ന് വെസ്റ്റ് ഇൻഡീസ് പരമ്പര സ്വന്തമാക്കി. ജയിക്കാനായി ഏതറ്റം വരെയും പോകുന്ന നായകനെന്ന പേര് ലോയിഡിന് ലഭിച്ചു. 1975, 79 ലോകകപ്പ് വിജയങ്ങൾ, 1983 ലെ റണ്ണർ അപ്പ് തുടങ്ങിയ നേട്ടങ്ങൾ വെസ്റ്റ് ഇൻഡീസ് നേടിയത് ലോയിഡിന് കീഴിലാണ്.

ഒടുക്കത്തിൻ്റെ തുടക്കം

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ ഒടുക്കത്തിന്റെ തുടക്കമായി വിശേഷിപ്പിക്കുന്നത് 1983 ലെ ലോകകപ്പാണ്. അന്ന് ഇതിഹാസങ്ങളാൽ നിറഞ്ഞ വെസ്റ്റ് ഇൻഡീസിന് ഫൈനലിൽ എത്താൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്കെതിരായ ഫൈനൽ ചരിത്രത്തിൽ ആദ്യമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ആന്റി റോബർട്ട്സ്, മാൽക്കം മാർഷൽ, മൈക്കൽ ഹോൽഡിംഗ് എന്നിവർക്ക് മുന്നിൽ ഇന്ത്യ തകർന്നു. വെറും 183 റൺസിന് പുറത്ത്. പക്ഷേ അവിടെ അവസാനിച്ചില്ല. ഗോൾഡൻ ഗ്രീനിഡ്ജിനെ വീഴ്ത്തി ബൽവീന്ദർ സന്ധു ആദ്യ വിക്കറ്റെടുത്തു.

വിൻഡീസ് മുൻനിര തകർന്ന് വീണപ്പോൾ പിടിച്ചു നിന്നത് തകർപ്പൻ ഫോമിലുള്ള വിവിയൻ റിച്ചാർഡ്സ്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള റിച്ചാർഡ്സ് 28 പന്തിൽ ഏഴു ബൗണ്ടറികളുമായി 33 റൺസെടുത്ത് ഇന്ത്യയുടെ കൈയ്യിൽ നിന്നും മത്സരം തിരിച്ചു പിടിക്കാനുള്ള കുതിപ്പിലായിരുന്നു. മദൻലാലിന്റെ പന്ത് ഒഴിഞ്ഞു കിടന്ന മിഡ് വിക്കറ്റിന് മുകളിലൂടെ റിച്ചാർഡ് ഉയർത്തി അടിച്ചു. ഷോർട്ട് മിഡ് വിക്കറ്റിൽ നിന്നിരുന്ന കപിൽ 30 വാരയോളം പിന്നോട്ടോടി ആ പന്ത് കൈപ്പിടിയിലൊതുക്കി.

കപിൽ ആ നിമിഷം കൈപ്പിടിയിലൊതുക്കിയത് ലോകകിരീടം കൂടിയായിരുന്നു. പിന്നീട് എല്ലാ ചടങ്ങുപോലെ അവസാനിച്ചു. ഇന്ത്യക്ക് 43 റൺസിൻ്റെ വിജയം, അപരാജിതരെന്ന് ലോകം വിധിയെഴുതിയ വിൻഡീസിനെ നിലംപരിശാക്കി ഇന്ത്യ ലോകകിരീടം സ്വന്തമാക്കി. ലോകക്രിക്കറ്റിൽ വിൻഡീസിന്റെ പ്രഭാവം അവസാനിക്കുന്നതിന്റെ തുടക്കമായി ആ തോൽവി മാറുകയായിരുന്നു.

1983ൽ വിലക്ക് ലംഘിച്ച് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയതിന് ലോറൻസ് റോ, കോളിസ് കിങ്ങ്, സിൽവസ്റ്റർ ക്ലർക്ക് തുടങ്ങി പ്രതിഭകളെ ഐസിസി ക്രിക്കറ്റിൽ നിന്നും ആജീവനാന്തം വിലക്കി. 1985 ഓടെ ക്ലൈവ് ലോയിഡ് പാഡ് അഴിച്ചു. വിവിയൻ റിച്ചാർഡ്സണിൻ്റെ കീഴിലായിരുന്നു വെസ്റ്റ് ഇൻഡീസ് 1987ലെ ലോകകപ്പിന് ഇറങ്ങിയത്. പാക്കിസ്ഥാനും ഇംഗ്ലണ്ടും ശ്രീലങ്കയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് സെമിയിൽ എത്താൻ പോലും വെസ്റ്റ് ഇൻഡീസിന് സാധിച്ചില്ല. 92 ലെ ലോകകപ്പിൽ ആറാം സ്ഥനത്ത് ഒതുങ്ങി. 1996 ൽ സെമിയിൽ എത്തിയതാണ് പിന്നീടുള്ള ലോകകപ്പിലെ വലിയ നേട്ടം.

ആടിയുലയാതെ വെസ്റ്റ് ഇൻഡീസ് കപ്പൽ

ലോകകപ്പിൽ മോശം പ്രകടനം ആയിരുന്നെങ്കിലും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ പ്രതിഭാസമ്പന്നർക്ക് കോട്ടം തട്ടിയിരുന്നില്ല. ബ്രയാൻ ലാറ, കീത്ത് ആതർട്ടൺ, ഫിൽ സിമ്മൺസ്, ക്രിസ് ഗെയിൽ, ശിവ്നാരായണൻ ചന്ദർപോൾ, കാൾ ഹൂപ്പർ, മാർലോൺ സാമുവൽസ്, രാം നരേഷ് സർവൻ, ഡ്വെയിൻ ബ്രാവോ എന്നിവർ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളാണ്. ബ്രയാൻ ലാറയുടെ കീഴിൽ 2004 ൽ വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ് ട്രോഫി നേടി. തൊട്ടടുത്ത തവണ ഫൈനലിസ്റ്റുകൾ. കരീബിയൻ ആധിപത്യം തിരിച്ചുപിടിക്കാൻ ലാറയ്ക്ക് കഴിയുമെന്ന് ലോകം വിലയിരുത്തി. പക്ഷേ മൂർച്ചയുള്ള ഒരു ബോളിങ്ങ് നിര ഇല്ലാതിരുന്നത് വെസ്റ്റ് ഇൻഡീസിന് തിരിച്ചടിയായി.

വെസ്റ്റ് ഇൻഡീസിനെ തളർത്തിയ ലോകകപ്പ്

ഒൻപതാം ലോകകപ്പിന് വേദിയാകാൻ നറുക്ക് വീണത് വെസ്റ്റ് ഇൻഡീസിനായിരുന്നു. സ്വന്തം മണ്ണിലേക്ക് എത്തിയ ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ഉത്സവകാലമായിരുന്നു. നല്ല സ്റ്റേഡിയമില്ല എന്നതായിരുന്നു ലോകകപ്പിന് മുമ്പുണ്ടായ പ്രതിസന്ധി. ഇത് മറികടക്കാൻ ചൈനയിൽ നിന്ന് 2500 കോടി രൂപ കടമെടുത്തു. 200 രാജ്യങ്ങളിൽ മത്സരം തത്സമയം കാണിച്ചു. 2000 കലാകാരന്മാർ അണിനിരന്ന ഉദ്ഘാടന ചടങ്ങ്. ലോകകപ്പിന് ലഭിച്ചത് അതിഗംഭീര തുടക്കം. പക്ഷേ ചരിത്രത്തിലെ ഏറ്റവും നിറംകെട്ട ലോകകപ്പെന്നാണ് ഒൻപതാം പതിപ്പിനെ വിധിയെഴുതിയത്.

ഒന്നര മാസത്തിൽ 51 മത്സരങ്ങൾ. 16 രാജ്യങ്ങൾ പങ്കെടുത്ത ഏക ലോകകപ്പായിരുന്നു 2007 ലേത്. വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമാണ് യഥാർത്ഥ പോരാട്ടം കണ്ടത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായി. പാക്കിസ്ഥാനും സൂപ്പർ എട്ടിലേക്ക് കടന്നില്ല. വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ടിൽ പുറത്തായി. എല്ലാ മത്സരങ്ങളിലും ഏകപക്ഷീയ വിജയങ്ങൾ ഉണ്ടായി. ഓസ്ട്രേലിയയുടെ പടയോട്ടം മാത്രമായി 2007 ലോകകപ്പ് അവസാനിച്ചു.

ബ്രയാൻ ചാൾസ് ലാറയെന്ന ഇതിഹാസം വെസ്റ്റ് ഇൻഡീസ് കുപ്പായം അഴിച്ചു. വൻതുക കടമെടുത്തുള്ള ലോകകപ്പ് പരാജയമായി. ലോകകപ്പിലൂടെ സാമ്പത്തിക ശക്തിയാകുക എന്നായിരുന്നു കരീബിയൻ ലക്ഷ്യം. പിൽക്കാലത്ത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ തകർച്ചയ്ക്ക് കാരണമായത് ഈ തീരുമാനം ആയിരുന്നു. കളിക്കാർക്ക് പ്രതിഫലം കൊടുക്കാൻ പോലും കഴിയാതെ വെസ്റ്റ് ഇൻഡീസ് ബോർഡ് കഴുത്തറ്റം കടത്തിൽ മുങ്ങി. പ്രതിഷേധിച്ച താരങ്ങൾ മത്സരം ബഹിഷ്കരിക്കാൻ തീരുമാനം എടുത്തു. 2009 ലെ ചാമ്പ്യൻസ് ട്രോഫിക്ക് വെസ്റ്റ് ഇൻഡീസ് എത്തിയത് രണ്ടാം നിര ടീമുമായാണ്.

ട്വൻ്റി20 സ്പെഷ്യലിസ്റ്റുകളുടെ നീണ്ട നിര

പ്രതിഫലം കിട്ടാതെ വന്നതോടെ വെസ്റ്റ് ഇൻഡീസ് താരങ്ങൾ പലരുടെയും കരിയർ പാതിവഴിയിൽ അവസാനിച്ചു. വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിൽ ഇന്നും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല. 2012 ലും 2016 ലും വെസ്റ്റ് ഇൻഡീസ് ടീം ട്വൻ്റി20 ലോകകപ്പ് സ്വന്തമാക്കി. 2016 ലെ വിജയത്തിന് ശേഷം നായകൻ ഡാരൻ സാമി പറഞ്ഞു; ദുബായിൽ ടീം ക്യാമ്പിനെത്തുമ്പോൾ ഒരു ജഴ്സി പോലും ഉണ്ടായിരുന്നില്ല. ടീമിലെ 15 പേർക്കും നന്ദി പറയുന്നു. ഇനിയെന്ന് ഇവർക്കൊപ്പം കളിക്കുമെന്ന് പറയാൻ കഴിയില്ല. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ തകർച്ച സാമിയുടെ വാക്കുകളിൽ പ്രതിഫലിച്ചു.

കിരോൺ പൊള്ളാർഡ്, ആന്ദ്രേ റസ്സൽ, സുനിൽ നരേയ്ൻ, ലെൻഡൽ സിമൺസ്, ഷിമ്രോൺ ഹെറ്റ്മെയർ, കെയിൽ മയേഴ്സ്, നിക്കോളാസ് പുരാൻ, ജേസൺ ഹോൾഡർ, കാർലോസ് ബ്രാത് വൈറ്റ് വെടിക്കെട്ടും പ്രതിഭയും നിറഞ്ഞ താരങ്ങൾക്ക് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. എന്നാൽ ടി20 ലീഗിലേക്ക് ഒതുങ്ങുകയാണ് ഈ താരങ്ങൾ. വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിച്ചാൽ ജീവിതം മുന്നോട്ട് പോകില്ല എന്നാണ് താരങ്ങളുടെ നിലപാട്. ആദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്ത അവസ്ഥയിലേക്ക് വെസ്റ്റ് ഇൻഡീസിനെ നയിച്ചത് പ്രതിഭകളുടെ പഞ്ഞമല്ല മറിച്ച് ബിസിസിഐയെപ്പോലെ പ്രൊഫഷണൽ സമീപനമുള്ള ഒരു ക്രിക്കറ്റ് ബോർഡിന്റെ അഭാവമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us