പ്രതാപം വീണ്ടെടുക്കുമോ സിംഹളന്മാർ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 24 നാൾ

സന്നത് ജയസൂര്യ മുതൽ മുത്തയ്യ മുരളീധരൻ വരെ നീളുന്ന വലിയ നിരയായിരുന്നു ലങ്കയുടേത്

dot image

ഐസിസി യോഗ്യത റൗണ്ടിൽ ചാമ്പ്യനായാണ് ശ്രീലങ്ക ലോകകപ്പിന് എത്തുന്നത്. ഇന്നത്തെ ശ്രീലങ്കൻ നിരയിലെ താരങ്ങളെ പലർക്കും പരിചയം ഇല്ല. കുറച്ച് വർഷം മുമ്പ് വരെ ഏത് വമ്പന്മാരെയും തോൽപ്പിക്കുന്ന പ്രതിഭകളുടെ നിരയായിരുന്നു ശ്രീലങ്ക. സീനിയർ താരങ്ങൾ ഒരുമിച്ച് വിരമിച്ചു പോയത് സിംഹളവീര്യത്തെ ഇല്ലാതാക്കി. തിരിച്ചടികളിൽ നിന്ന് കരകയറാൻ ശ്രീലങ്കയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പഴയ ശ്രീലങ്കയെ ഇനി എന്ന് കാണാൻ കഴിയും. ലോകപോരാട്ടത്തിന് ഇറങ്ങുമ്പോൾ ലങ്കയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഈ ഒരൊറ്റ ചോദ്യത്തിനുള്ള മറുപടിയാണ്.

1800കളുടെ തുടക്കത്തിൽ തന്നെ ശ്രീലങ്കയിൽ ക്രിക്കറ്റ് പ്രചാരത്തിലുണ്ടായിരുന്നതായി കൊളംമ്പോ ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. മറ്റു രാജ്യങ്ങളെ പോലെ തന്നെ ബ്രിട്ടീഷ് അധിനിവേശമാണ് ശ്രീലങ്കയിലേക്ക് ക്രിക്കറ്റ് എത്തിച്ചത്. 1832 നവംബറിൽ കൊളംബോ ക്രിക്കറ്റ് ക്ലബ് രൂപംകൊണ്ടു. ബ്രിട്ടീഷ് സൈന്യവുമായി കൊളംബോ ക്രിക്കറ്റ് ക്ലബ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചുതുടങ്ങി. 1890ൽ ഓസ്ട്രേലിയൻ ടീം കൊളംബോയിൽ ക്രിക്കറ്റ് കളിക്കാൻ എത്തി.

1922ൽ ശ്രീലങ്കയിൽ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് രൂപംകൊടുത്തു. സിലോൺ ക്രിക്കറ്റ് ക്ലബ് എന്നായിരുന്നു ശ്രീലങ്കൻ ബോർഡിന്റെ ആദ്യ പേര്. ഇന്ത്യൻ ബാറ്റർ സി.കെ നായിഡു ഉൾപ്പെട്ട ലുകാസ് ബോംബെയ്ക്ക് എതിരെ ആയിരുന്നു സിലോണിന്റെ ആദ്യ ടെസ്റ്റ് മത്സരം. ഏഴ് വിക്കറ്റിന്റെ ജയം ആദ്യ മത്സരത്തിൽ സിലോൺ ടീം ആഘോഷിച്ചു. 1937-38 വർഷങ്ങളിൽ ശ്രീലങ്കയിൽ ആഭ്യന്തര ക്രിക്കറ്റ് പ്രചാരത്തിലായി.

പാകിസ്താൻ എ ടീമിനെ സിലോണിലും ഇന്ത്യയെ സ്വന്തം നാട്ടിലും തോൽപ്പിച്ചു. പിന്നാലെ ഇംഗ്ലണ്ടിലേക്ക് പോകാൻ സിലോൺ ക്രിക്കറ്റ് തീരുമാനിച്ചു. മാർലിബൻ ക്രിക്കറ്റ് ക്ലബിനെതിരെയും മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ടീമിന് ഒരു പ്രശ്നമായിരുന്നു. അതിനേക്കാൾ വലിയ പ്രശ്നം മറ്റൊന്നായിരുന്നു. സെലക്ടർമാർ സ്വയം ടീമിൽ സ്ഥാനം കണ്ടെത്തിയത് വിവാദമായി. ഇതോടെ പരമ്പര റദ്ദാക്കി.

1972 ലാണ് ഐസിസിയുടെ അസോസിയേറ്റ് മെമ്പർ പദവി സിലോൺ ക്രിക്കറ്റിനെ തേടിയെത്തുന്നത്. 1975 മുതൽ സിലോൺ ശ്രീലങ്ക ആയി. പ്രഥമ ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്ക് ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞില്ല. 1979 ലെ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ അത്ഭുതപ്പെടുത്തുന്ന വിജയം. ക്രിക്കറ്റിൽ ശ്രീലങ്കൻ മുന്നേറ്റത്തിന് ഊർജം പകരുന്നതായിരുന്നു ഈ ജയം. സുനിൽ ഗാവസ്കറും കപിൽ ദേവും മൊഹീന്ദർ അമർനാഥും ഉൾപ്പെടുന്ന ഇന്ത്യൻ നിരയെ ആണ് അന്ന് ശ്രീലങ്ക തോൽപ്പിച്ചത്. 1983 ൽ കിവീസിനെ മാത്രം തോൽപ്പിച്ചു. 1987 ൽ വീണ്ടും പിന്നോട്ട്. ഒരൊറ്റ മത്സരവും ജയിക്കാൻ കഴിഞ്ഞില്ല. 1992 ലും ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയെയും സിംബാബ്വെയെയും തോൽപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

1982 ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീലങ്കയുടെ ആദ്യ ടെസ്റ്റ്. മത്സരം ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചു. 1985 ൽ ഇന്ത്യയ്ക്കെതിരെ ആയിരുന്നു ശ്രീലങ്കയുടെ ആദ്യ ടെസ്റ്റ് വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര ലങ്ക സ്വന്തമാക്കി. എന്നാൽ ടെസ്റ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. പിന്നെയും ഏഴ് വർഷമെടുത്തു അടുത്ത ടെസ്റ്റ് പരമ്പര വിജയിക്കുവാൻ. ഇത്തവണ ന്യുസിലാൻഡിനെ തോൽപ്പിച്ചാണ് ശ്രീലങ്ക പരമ്പര ജയം ആഘോഷിച്ചത്. 1995 ൽ വിദേശ മണ്ണിൽ ശ്രീലങ്ക ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ചു. അർജുന രണതുംഗ നയിച്ച ടീം പിന്നാലെ ടെസ്റ്റ് പരമ്പരയും വിജയിച്ചു.

1997 ൽ ശ്രീലങ്കൻ ക്രിക്കറ്റ് മറ്റൊരു ചരിത്രമെഴുതി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ. 6 വിക്കറ്റിന് 952 റൺസ്. ശ്രീലങ്കൻ ഓപ്പണർ സന്നത് ജയസൂര്യ 340 റൺസ് നേടി. റോഷൻ മഹാനാമ 225 ഉം അരവിന്ദ ഡി സിൽവ 126 ഉം റൺസ് നേടി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് ഉയർത്തിയതും ശ്രീലങ്കൻ താരങ്ങളാണ്. 2006 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിര മഹേള ജയവർധനയും കുമാർ സംഗക്കാരയും ചേർന്ന് നേടിയത് 624 റൺസിന്റെ കൂട്ടുകെട്ടാണ്. ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളറായി. 800 വിക്കറ്റാണ് മുരളീധരൻ തന്റെ കരിയറിൽ നേടിയത്. ഇനി ഒരിക്കലും ആ റെക്കോർഡ് തകർന്നേക്കില്ല.

1996 ആയിരുന്നു ശ്രീലങ്കയുടെ ലോകകപ്പ്. പാകിസ്താനിലെ ലഹോറിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക കിരീടം സ്വന്തമാക്കി. 2002 ൽ ആദ്യമായി ചാമ്പ്യൻസ് ട്രോഫി കിരീടവും ശ്രീലങ്ക സ്വന്തമാക്കി. ഇന്ത്യയ്ക്ക് ഒപ്പം സംയുക്തമായാണ് ശ്രീലങ്ക ചാമ്പ്യൻസ് ട്രോഫി ഉയർത്തിയത്. പിന്നീട് 2014 ൽ ട്വന്റി 20 ലോകകപ്പ് നേടാനായത് മാത്രമാണ് ശ്രീലങ്കയുടെ ഏക കിരീട നേട്ടം. എങ്കിലും സ്ഥിരതയാർന്ന പ്രകടനത്തോടെ ശ്രീലങ്കൻ ക്രിക്കറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

2007 ലും 2011 ലും ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ടീമാണ് ശ്രീലങ്ക. 2009, 2012 ട്വന്റി ലോകകപ്പിലും ലങ്കൻ ടീം ഫൈനലിസ്റ്റുകളായി. അർജുന രണതുംഗ, മർവൻ അട്ടപ്പെട്ടു, സന്നത് ജയസൂര്യ, മഹേള ജയവർധന, കുമാർ സംഗക്കാര, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, ലസീത് മലിംഗ എന്നിങ്ങനെയുള്ള മഹാരഥന്മാരുടെ നിര ആയിരുന്നു ലങ്കൻ ടീം. 2023 ൽ മറ്റൊരു ലോകകപ്പ് പോരിന് ലങ്ക തയ്യാറെടുക്കുകയാണ്. അധികമാരും ശ്രദ്ധിക്കാതെ വന്ന് അത്ഭുതങ്ങൾ ഉണ്ടാക്കുന്ന ലങ്കൻ നിര ഇത്തവണ വിജയങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us