ചരിത്രം തിരുത്താൻ ന്യൂസിലൻഡ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 23 നാൾ

രണ്ട് തവണ ലോകകപ്പ് ഫൈനലിൽ എത്തിയതാണ് കിവിസിന്റെ മികച്ച നേട്ടം

dot image

ഓരോ ഐസിസി ടൂര്ണമെന്റുകള് വരുമ്പോഴും കറുത്ത കുതിരകള് ആകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടീമുണ്ട്. കറുത്ത ജഴ്സിയില് എത്തുന്ന കിവികള്. താരസമ്പനമല്ലെങ്കിലും ഭേദപ്പെട്ട നിരയുമായി ഓരോ തവണയും ന്യൂസിലൻഡ് ലോകകപ്പിനെത്തും. 2007 മുതല് ലോകകപ്പിന്റെ അവസാന നാലില് ന്യൂസിലന്ഡും ഉണ്ടാകും. കഴിഞ്ഞ രണ്ട് ലോകകപ്പിലും കിവികള് ഫൈനലിസ്റ്റുകളാണ്. 2019ല് കപ്പിനും ചുണ്ടിനുമിടയില് കിവീസിന് ലോകകപ്പ് നഷ്ടമായപ്പോള് ദൗര്ഭാഗ്യത്തില് പരിതപിച്ച് ക്രിക്കറ്റ് ലോകം തലയില് കൈവെച്ചു. ഫൈനല് മത്സരം ടൈ ആയി. സൂപ്പര് ഓവറിലും ഇരുടീമുകള്ക്കും ഒരേ സ്കോര്. ഒടുവില് ബൗണ്ടറികളുടെ എണ്ണത്തില് കിവിസിന് രണ്ടാം സ്ഥാനം വിധിക്കപ്പെട്ടു. ലോകകപ്പിലെ ദൗര്ഭാഗ്യങ്ങളുടെ ചരിത്രം തിരുത്തിക്കുറിക്കാനാണ് കിവികള് ഇത്തവണ ഇന്ത്യന് മണ്ണില് ചിറക് വിടര്ത്തുന്നത്.

1842 ലാണ് ന്യൂസിലന്ഡില് ആദ്യമായി ക്രിക്കറ്റ് നടന്നതെന്നാണ് ചരിത്രരേഖകള്. വെല്ലിങ്ടണ് ബ്ലൂവും റെഡും തമ്മിലായിരുന്നു ആദ്യ മത്സരം. രണ്ട് പതിറ്റാണ്ടിന് ശേഷം 1863 ല് ഇംഗ്ലണ്ടില് നിന്നും ഓസ്ട്രേലിയയില് നിന്നും ക്രിക്കറ്റ് ടീമുകള് ന്യൂസിലന്ഡിലേക്ക് എത്തി. 1863 നും 1914 നും ഇടയ്ക്ക് 22 ടീമുകള് ന്യൂസിലന്ഡില് ക്രിക്കറ്റ് കളിക്കാനെത്തി. ആറ് ടീമുകള് ഇംഗ്ലണ്ടില് നിന്നും 15 ടീമുകള് ഓസ്ട്രേലിയയില് നിന്നുമാണ് എത്തിയത്. ഒരു ടീം ഫിജിയില് നിന്നായിരുന്നു. 1894 ല് ന്യൂസിലന്ഡ് ദേശീയ ടീം ആദ്യ മത്സരം കളിച്ചു. ന്യൂ സൗത്ത് വെയ്ല്സിനെതിരായ മത്സരത്തില് കിവികള് 160 റണ്സിന്റെ വമ്പന് തോല്വി വഴങ്ങി. ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം. എന്നാല് മഴ മൂലം മത്സരം ഉപേക്ഷിച്ചു. രണ്ടാം മത്സരത്തില് ന്യൂസിലന്ഡിന് 358 റണ്സിന്റെ വമ്പന് തോല്വി വഴങ്ങി.

1927 ലായിരുന്നു ന്യൂസിലന്ഡിന്റെ ആദ്യ വിദേശ പര്യടനം. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളുമായി 26 മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. ഏഴ് മത്സരങ്ങളില് ന്യൂസിലന്ഡ് ജയിച്ചു. മോശമല്ലാത്ത പ്രകടനം എന്ന് കിവിസ് വിജയത്തെ വിലയിരുത്തി. പിന്നാലെ ഇംഗ്ലണ്ട്, സിലോണ് (ശ്രീലങ്ക), ഓസ്ട്രേലിയ ടീമുകള് ന്യൂസിലന്ഡിലേക്ക് എത്തി. രണ്ടാം ലോക മഹായുദ്ധത്തെ തുടര്ന്ന് ഏഴ് വര്ഷം ന്യൂസിലന്ഡ് ക്രിക്കറ്റ് കളിച്ചില്ല.

ലോക മഹായുദ്ധത്തിന് ശേഷം 1945ലാണ് ന്യൂസിലന്ഡ് ക്രിക്കറ്റ് കളി പുഃനരാരംഭിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു മത്സരം. 1949 ല് ന്യൂസിലന്ഡ് ശക്തമായ നിരയായി മാറി കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടില് കളിച്ച നാല് ടെസ്റ്റുകള് സമനിലയിലായി. ബെര്ട്ട് സട്ട്ക്ലിഫ്, മാര്ട്ടിന് ഡോണലി, ജാക്ക് കോവി തുടങ്ങിയവര് അന്നത്തെ കിവിസ് നിരയുടെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിനെതിരെ തോല്വി അറിയാതെ പരമ്പര അവസാനിപ്പിച്ച രണ്ടാമത്തെ ടീമായി ന്യൂസിലന്ഡ്.

1950 മുതല് ന്യൂസിലന്ഡ് ക്രിക്കറ്റ് കൂടുതല് ടീമുകള്ക്കെതിരെ മത്സരിക്കാന് തുടങ്ങി. 1973ല് റിച്ചാര്ഡ് ഹാര്ഡ്ലി ന്യൂസിലന്ഡ് ടീമില് അരങ്ങേറി. ന്യൂസിലന്ഡ് ക്രിക്കറ്റിന്റെ തലവര മാറുന്നതായിരുന്നു ഹാഡ്ലിയുടെ അരങ്ങേറ്റം. ദുര്ബലമായിരുന്ന കിവിസ് ബൗളിങ് നിരയിലേക്കാണ് ഹാഡ്ലി എത്തിയത്. 1980കളോടെ ലോകത്തെ ഏറ്റവും മികച്ച ടീമായി ന്യൂസിലന്ഡ് മാറി. മാര്ട്ടിന് ക്രോ, ജെഫ് ക്രോ, ജോണ് റൈറ്റ്, ബ്രൂസ് എഡ്ഗര്, ആന്ഡ്രു ജോണ്സ്, ഇയാന് സ്മിത്ത്, ജോണ് ബ്രേയ്സ് വെല് എന്നിവര് കിവിസ് നിരയില് കളിച്ചത് ഇക്കാലത്താണ്.

1973ല് പാകിസ്താന് എതിരെ ആയിരുന്നു ന്യൂസിലന്ഡിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം. 22 റണ്സിന്റെ വിജയത്തോടെ ന്യൂസിലന്ഡിന് മികച്ച തുടക്കം.1975 ലെ ആദ്യ ലോകകപ്പില് തന്നെ സെമിയില് എത്താന് ന്യൂസിലന്ഡിന് കഴിഞ്ഞു. പക്ഷേ സെമിയില് വെസ്റ്റ് ഇന്ഡീസിനോട് തോറ്റ് പുറത്തായി. ആദ്യ ലോകകപ്പിന്റെ തനി ആവര്ത്തനം തന്നെയായിരുന്നു 1979ലെ കിവിസ് പ്രകടനം. ഇത്തവണ സെമിയില് ഇംഗ്ലണ്ടിനോടായിരുന്നു തോല്വിയെന്ന് മാത്രം.

1981ല് ലോകക്രിക്കറ്റിന് നാണക്കേടായ അണ്ടര് ആം ബൗളിങ്ങില് ഇരയായത് ന്യൂസിലന്ഡ് ആയിരുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തില് ന്യൂസിലന്ഡിന് അവസാന പന്തില് ജയിക്കാന് വേണ്ടത് ആറ് റണ്സ്. ന്യൂസിലന്ഡ് ബാറ്റര് സിക്സര് അടിക്കുന്നത് ഒഴിവാക്കിയെ തീരു. അതിനായി ഗ്രെയ്ഗ് ചാപ്പല് സഹോദരനായ ട്രെവര് ചാപ്പലിനെ അണ്ടര് ആം ബൗളിങ്ങിന് ഉപദേശിച്ചു. ഉരുണ്ടുവന്ന പന്തിനെ നിസഹായതയോടെ തട്ടി ഇടുവാനെ ബ്രിയന് മെക്കെഷിന് ആകുമായിരുന്നുള്ളു. പിന്നാലെ വിവാദത്തിലായ അണ്ടര് ആം ബൗളിങ്ങ് രീതി ക്രിക്കറ്റില് നിന്ന് എടുത്തുകളഞ്ഞു.

1983ല് ന്യൂസിലന്ഡ് ഇല്ലാത്ത ആദ്യ ലോകകപ്പ് സെമിക്ക് സാക്ഷ്യം വഹിച്ചു. മൂന്ന് ജയവും മൂന്ന് തോല്വിയുമായി ഗ്രൂപ്പ് ഘട്ടത്തില് തന്നെ കിവിസ് പോരാട്ടം അവസാനിച്ചു. 1987 ല് ജയം രണ്ടായി കുറഞ്ഞു. നാല് മത്സരങ്ങളില് തോല്വി വഴങ്ങി. 1992ലെ അഞ്ചാം ലോകകപ്പ് ന്യൂസിലൻഡിന്റെ പടയോട്ടമായിരുന്നു കണ്ടത്. സെമി ഫൈനലിന് മുമ്പുള്ള എല്ലാ മത്സരങ്ങളും വലിയ ആധിപത്യത്തോടെ ന്യൂസിലൻഡ് വിജയിച്ചുപോന്നു. മാർട്ടിൻ ക്രോയുടെ നേതൃത്വത്തിലുള്ള ടീമിൽ ആൻഡ്രു ജോൺസ്, കെൻ റൂതർഫോർഡ്, ഇയാൻ സ്മിത്ത്, ജോൺ റൈറ്റ്, റോഡ് ലഥാം, ദീപക് പട്ടേൽ തുടങ്ങി വലിയ നിര അണിനിരന്നു.

ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവർ പേസർമാർക്കെന്ന പരമ്പരാഗത ചിന്തകൾ മാർട്ടിൻ ക്രോ പൊളിച്ചെഴുതി. സ്പിന്നർ ദീപക് പട്ടേലിനെ ആദ്യ ഓവർ എറിയാൻ നിയോഗിച്ചു. കിവീസ് താരങ്ങൾ ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവർ മുതൽ അടിച്ചുതകർക്കാനുള്ളതെന്നും ലോകത്തെ കാണിച്ചുതന്നു. കിവിസ് വിശ്വകിരീടം ഉയർത്തുമെന്ന് ലോകം വിശ്വസിച്ചു. അപ്രതിക്ഷിതമായി പാകിസ്താനോട് സെമിയിൽ തോറ്റ ന്യൂസിലന്ഡ് നാട്ടിലേക്ക് മടങ്ങി.

1996 ല് കിവിസ് പോരാട്ടം ക്വാര്ട്ടര് ഫൈനലില് അവസാനിച്ചു. ഇതേ വര്ഷം മറ്റൊരു നേട്ടം കിവിസ് ടീമിനെ തേടിയെത്തി. അതേ വര്ഷം ഒരു അപൂര്വ്വ നേട്ടത്തിനും കിവിസ് ടീം അര്ഹരായി. മത്സരത്തില് മികച്ച താരത്തിനുള്ള പുരസ്കാരം ആദ്യമായി ന്യൂസിലന്ഡ് ടീമിന് മുഴുവനായി സമ്മാനിച്ചു. വെസ്റ്റ് ഇന്ഡീസിനെതിരായ മത്സരത്തിലാണ് ഈ അപൂര്വ്വ നേട്ടം ന്യൂസിലന്ഡ് ടീമിനെ തേടി എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്ഡിന് 158 റണ്സ് മാത്രമാണ് നേടാനായത്. ക്രെയിഗ് സ്പിയര്മാന്റെ 41 റണ്സാണ് ഉയര്ന്ന സ്കോര്.

കിവിസ് നായകന് ലീ ജെര്മോണ് ബൗളര്മാരെ നന്നായി ഉപയോഗിച്ചു. ആറ് ബൗളര്മാര് പന്തെറിഞ്ഞു. എല്ലാവരും വിക്കറ്റ് നേടി. മത്സരം നാല് റണ്സിന് കിവീസ് ജയിച്ചു. ഓരോ താരങ്ങളും കിവിസിന്റെ വിജയത്തിനായി സംഭാവന നല്കി. ഇതോടെ ന്യൂസിലന്ഡ് ടീമിന് ഒന്നാകെ മാന് ഓഫ് ദ മാച്ച് അവാര്ഡ് സമ്മാനിച്ചു.

1999ലെ ലോകകപ്പിലും ന്യൂസിലന്ഡ് പോരാട്ടം സെമിയില് അവസാനിച്ചു. പാകിസ്താനോട് ആയിരുന്നു ഇത്തവണ തോല്വി. 2000 ത്തില് ചാമ്പ്യന്സ് ട്രോഫി ജേതാക്കളായി. 2003 ലോകകപ്പില് സൂപ്പര് സിക്സില് തോല്വി. 2007 ല് സെമിയില് ശ്രീലങ്കയോട് തോറ്റു. 2011 ലും അത് ആവര്ത്തിച്ചു. 2015 ല് ഫൈനലില് എത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റു. 2021 ല് ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് നേടാനായി. 2022 ല് ട്വന്റി 20 ലോകകപ്പ് ഫൈനലില് ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. കിവീസ് നിര ഒരിക്കല്കൂടെ ലോകകപ്പിന് തയ്യാറെടുക്കുന്നു. നിര്ഭാഗ്യം വിട്ടൊഴിഞ്ഞ് ഇത്തവണ കിവി പക്ഷികള് കപ്പ് ഉയര്ത്തുമോ? അത് അറിയാന് ഇനി ആവേശത്തോടെ കാത്തിരിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us