കരുത്തരായി ദക്ഷിണാഫ്രിക്ക; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 22 നാൾ

1998ല് പ്രഥമ ചാമ്പ്യന്സ് ട്രോഫി ടൂര്ണമെന്റില് ദക്ഷിണാഫ്രിക്ക ജേതാക്കളായിരുന്നു

dot image

ഐസിസിയുടെ ഏത് കായിക മാമാങ്കം വന്നാലും സാധ്യമായതില് ഏറ്റവും മികച്ച ടീമിനെ ആണ് ദക്ഷിണാഫ്രിക്ക ആയക്കാറുള്ളത്. കടലാസിലെ കരുത്തെടുത്താല് ടൂര്ണമെന്റ് വിജയിക്കാന് ഏറ്റവും സാധ്യത ഉള്ള ടീമുകളുടെ മുന്പന്തിയില് ദക്ഷിണാഫ്രിക്ക ആയിരിക്കും. 1998 ല് പ്രഥമ ചാമ്പ്യന്സ് ട്രോഫി ടൂര്ണമെന്റില് ദക്ഷിണാഫ്രിക്ക ജേതാക്കളായിരുന്നു. പിന്നീട് 2014ലെ അണ്ടര് 19 ലോകകപ്പ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് പറയാനുള്ള ഏക ഐസിസി കിരീടനേട്ടം. നല്ല ടീമുമായി വന്ന് നന്നായി കളിച്ച് നിര്ഭാഗ്യത്തിന്റെ കാലില് തട്ടി വീഴുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പതിവ്. 2023ല് വീണ്ടും ഒരു ലോകപോരാട്ടത്തിന് ഇറങ്ങുകയാണ് ദക്ഷിണാഫ്രിക്കന് ടീം. ഇത്തവണ ലോകജേതാക്കളായി മടങ്ങാന് ആഫ്രിക്കന് കരുത്തര്ക്ക് കഴിയുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

നെപ്പോളിയന് യുദ്ധകാലത്ത് ബ്രിട്ടീഷുകാര് വഴിയാണ് ദക്ഷിണാഫ്രിക്കന് മണ്ണിലേക്ക് ക്രിക്കറ്റ് കുടിയേറിയത്. 1808 ല് കേപ് ടൗണില് ആദ്യ മത്സരം നടന്നു. 1843 ല് സ്ഥാപിതമായ പോര്ട്ട് ഓഫ് എലിസബത്താണ് ആദ്യ ക്രിക്കറ്റ് ക്ലബ്. 1876 ല് പോര്ട്ട് എലിസബത്ത്, കേപ് ടൗണ്, ഗ്രഹാംടൗണ്, കിംഗ് വില്യംസ് ടൗണ് തുടങ്ങിയ ക്ലബുകള് തമ്മില് ക്രിക്കറ്റ് ചാമ്പ്യന്ഷിപ്പ് നടന്നു. കിംഗ് വില്യംസ് ടൗണ് ജേതാക്കള് ആയി.

1888 ല് ഇംഗ്ലണ്ട് ടീം ദക്ഷിണാഫ്രിക്കന് പര്യടനത്തിനെത്തി. സര് ഡൊണാള്ഡ് ക്യൂറി ആയിരുന്നു സ്പോണ്സര്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇംഗ്ലണ്ട് ജയിച്ചു. പക്ഷേ അന്താരാഷ്ട്ര തലത്തില് അറിയപ്പെടുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറി. പിന്നാലെ ദക്ഷിണാഫ്രിക്കയിലെ അഞ്ച് സംസ്ഥാനങ്ങള് കൂട്ടിച്ചേര്ത്ത് ക്യൂറി കപ്പിനും രൂപം നല്കി. ദക്ഷിണാഫ്രിക്കയില് ക്രിക്കറ്റിന്റെ വളര്ച്ചയ്ക്ക് കാരണമായത് ഡൊണാള്ഡ് ക്യൂറിയെന്ന സ്കോട്ടീഷ് വ്യാപാരി ആയിരുന്നു. 1894 ല് ദക്ഷിണാഫ്രിക്കന് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. 1900 ആയതോടെ ആഭ്യന്തര തലത്തിലും രാജ്യന്തര തലത്തിലും ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് വളര്ന്നു. 1906 ല് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗില് ഇംഗ്ലണ്ടിനെതിരെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് വിജയം നേടി. വിദേശത്തെ ആദ്യ ജയവും ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. 1935ല് ഇംഗ്ലണ്ടില് വെച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി ടെസ്റ്റ് വിജയവും പരമ്പരയും സ്വന്തമാക്കി.

1938 ലെ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ ചില റെക്കോര്ഡുകള് ഇന്നും നിലനില്ക്കുന്നു. ഇന്നത്തെ രീതിയില് അല്ലായിരുന്നു അന്നത്തെ ടെസ്റ്റ് മത്സരങ്ങള് നടന്നത്. സമയ പരിധി ഇല്ല. ഒരു ടീം വിജയിക്കുകയോ അല്ലെങ്കില് രണ്ട് ടീമിന്റെയും നായകന്മാര് സമനില സമ്മതിക്കുകയോ വേണം. അങ്ങനെ ഒരു മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 530 റണ്സെടുത്തു. മറുപടി ബാറ്റിങ്ങില് ഇംഗ്ലണ്ട് 316 റണ്സിന് ഓള് ഔട്ടായി. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില് 481 റണ്സെടുത്തു. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 696 റണ്സ്. മെല്ലെ തിരിച്ചടിച്ച ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങി.

മത്സരം പത്താം ദിവസത്തിലേക്ക് എത്തി. വിശ്രമ ദിനങ്ങളും കൂട്ടി മത്സരത്തിന്റെ 12-ാം ദിനമായിരുന്നു അത്. ഇംഗ്ലണ്ട് സ്കോര് 5 ന് 654 ല് എത്തി. ജയത്തിലേക്ക് ഇനി വേണ്ടത് 42 റണ്സ് മാത്രം. അപ്പോഴാണ് ഇംഗ്ലണ്ട് താരങ്ങള്ക്ക് ഒരു വിവരം ലഭിച്ചത്. മത്സരം വിജയിക്കാന് നിന്നാല് നാട്ടിലേക്കുള്ള ബോട്ട് നഷ്ടമാകും. അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് അടുത്ത ബോട്ട്. അത്രയും ദിവസം നില്ക്കാന് ഇംഗ്ലണ്ട് താരങ്ങള്ക്ക് കഴിയില്ലായിരുന്നു. അങ്ങനെ ചരിത്രത്തിലേക്ക് നീങ്ങിയ റണ്ചേസ് അവസാന നിമിഷം ഇംഗ്ലണ്ട് അവസാനിപ്പിച്ചു. ഇന്നും നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്ന്ന സ്കോര് ഇംഗ്ലണ്ടിന്റെ 5ന് 654 ആണ്. ഈ മത്സരത്തില് ആകെ എടുത്ത ന്യുബോളുകള് 12 എണ്ണം ആണ്. പിന്നാലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് കളിച്ചില്ല.

ലോകമഹായുദ്ധകാലത്തിന് ശേഷം 1948 ല് ദക്ഷിണാഫ്രിക്കയില് ക്രിക്കറ്റ് പുഃനരാരംഭിച്ചു. എങ്കിലും മൂന്ന് വര്ഷത്തിന് ശേഷം വീണ്ടും നിര്ത്തി വെയ്ക്കേണ്ടി വന്നു. വര്ണ വിവേചനമായിരുന്നു ദക്ഷിണാഫ്രിക്കന് ക്രിക്കറ്റിന് തിരിച്ചടി ആയത്. ബേസില് ഡി ഒലിവേര ദക്ഷിണാഫ്രിക്ക വിട്ട് ഇംഗ്ലണ്ട് ടീമില് കളിക്കാന് ശ്രമിച്ചെങ്കിലും വിലക്ക് നേരിട്ടു.

1963-64 കാലത്ത് ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ചില താരങ്ങള് ടീമിലേക്ക് എത്തി. പൊള്ളോക്ക് സഹോദരന്മാരായ പീറ്റര് പൊള്ളോക്ക്, ഗ്രെയിം പൊള്ളോക്ക്, എഡി ബാര്ലോ, കോളിന് ബ്ലാണ്ട് തുടങ്ങിയവര് അന്നത്തെ ദക്ഷിണാഫ്രിക്കന് ടീം അംഗങ്ങളായിരുന്നു. ഓസ്ട്രേലിയയെ 4-0 ത്തിന് പരാജയപ്പെടുത്തി മികച്ച ടെസ്റ്റ് ടീമായി ദക്ഷിണാഫ്രിക്ക ഉയര്ന്നു. പക്ഷേ ദക്ഷിണാഫ്രിക്കന് സര്ക്കാരിന്റെ വര്ണവിവേചനം രാജ്യത്തെ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തി.

ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ന്യുസിലാന്ഡിനും എതിരെ മത്സരിക്കാനായിരുന്നു ദക്ഷിണാഫ്രിക്കന് ടീമിനെ അനുവദിച്ചിരുന്നത്. 1970 ല് ദക്ഷിണാഫ്രിക്കന് ടീം ഐസിസിയുടെ വിലക്ക് നേരിട്ടു. 1991 സ്വാതന്ത്രം ലഭിച്ചതോടെയാണ് ദക്ഷിണാഫ്രിക്കന് ക്രിക്കറ്റിന് പുതുയുഗ പിറവി ഉണ്ടായത്. അതേ വര്ഷം ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക ആദ്യമായി ഏകദിന ക്രിക്കറ്റ് കളിച്ചു. പിന്നെ കുറഞ്ഞ കാലത്തിനുള്ളില് ബാറ്റിങ്ങിലും ബൗളിങ്ങിലും ഫില്ഡിങ്ങിലും എല്ലാം ഏറ്റവും മികച്ച ടീമായി മാറാന് ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു.

1992 ലെ ലോകകപ്പില് വിവാദമായ മഴനിയമത്തില് ദക്ഷിണാഫ്രിക്ക തോല്വി വഴങ്ങി. 1996 ല് ക്വാര്ട്ടര് ഫൈനലില് പരാജയം. രണ്ട് വര്ഷങ്ങള്ക്ക് ശേഷം ചാമ്പ്യന്സ് ട്രോഫി നേടി. പക്ഷേ 1999 ല് സെമി ഫൈനലില് അതിനാടകീയതയ്ക്ക് ഒടുവില് ഓസ്ട്രേലിയയോട് തോറ്റു. 2000 ത്തില് ലോകത്തെ നടുക്കിയ കോഴവിവാദത്തില് ദക്ഷിണാഫ്രിക്കന് ടീമിന്റെ പേരുയര്ന്നു. നായകന് ഹാന്സി ക്രോണ്യ ആയിരുന്നു പ്രധാന കുറ്റാരോപിതന്. പിന്നാലെ വിമാനപകടത്തില് ക്രോണ്യ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നിലെ ദുരൂഹത ഇന്നും തുടരുകയാണ്.

2003 ല് സ്വന്തം നാട്ടില് നടന്ന ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ദക്ഷിണാഫ്രിക്ക വരവേറ്റത്. എന്നാല് ഗ്രൂപ്പ് ഘട്ടത്തില് തന്നെ അവര് പുറത്തായി. 2006 ല് ഓസ്ട്രേലിയയ്ക്ക് എതിരെ 438 റണ്സ് പിന്തുടര്ന്ന് ജയിച്ച് ദക്ഷിണാഫ്രിക്കന് ടീം റെക്കോര്ഡിട്ടു. ഏകദിന റാങ്കിങ്ങില് ഒന്നാമനായാണ് ദക്ഷിണാഫ്രിക്ക 2007 ല് ലോകകപ്പിന് എത്തിയത്. ഇത്തവണ സെമിയില് അപ്രമാദിത്വത്തിന് കീഴടങ്ങാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി.

2011 ല് സൂപ്പര് എട്ടില് ന്യുസിലാന്ഡിനോട് കീഴടങ്ങി. 2015 ല് അവസാനം വരെ പൊരുതിയെങ്കിലും ന്യുസിലാന്ഡിനോട് തോറ്റു. ഇത്തവണ സെമിയില് ആണ് ദക്ഷിണാഫ്രിക്കന് പോരാട്ടം അവസാനിച്ചത്. 2019 ല് റൗണ്ട് റോബിന് ഫോര്മാറ്റില് അവസാന നാലിലേക്ക് എത്താന് ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. ആഫ്രിക്കന് കരുത്തര് ഇത്തവണ എന്താണ് സമ്മാനിക്കുക? ലോകകപ്പില് കാണാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us