കൊളംബോ: ഏഷ്യാ കപ്പിലെ നിര്ണായക മത്സരത്തില് പാകിസ്താനെതിരെ ശ്രീലങ്കക്ക് 253 റണ്സ് വിജയലക്ഷ്യം. മഴ കാരണം ആരംഭിക്കാന് വൈകിയ സാഹചര്യത്തില് ഓവറുകള് വെട്ടിച്ചുരുക്കിയിരുന്നു. 43 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന് 252 റണ്സ് നേടിയത്. 73 പന്തില് 86 റണ്സ് നേടി പുറത്താകാതെ നിന്ന മൊഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറര്. ശ്രീലങ്കയ്ക്ക് വേണ്ടി മതീഷ പതിരാന മൂന്നും പ്രമോദ് മധുശന് രണ്ടും വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. പവര്പ്ലേയില് വെറും ഒരു വിക്കറ്റ് മാത്രമാണ് പാകിസ്താന് നഷ്ടമായത്. നാലാം ഓവറിലെ രണ്ടാം പന്തിലാണ് ഓപ്പണര് ഫഖര് സമാനെ പാകിസ്താന് നഷ്ടപ്പെടുന്നത്. 11 പന്തില് നാല് റണ്സ് നേടിയ സമാനെ പ്രമോദ് മധുശനാണ് പുറത്താക്കിയത്. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന് ബാബര് അസം ഓപ്പണര് അബ്ദുള്ള ഷഫീഖിനെ കൂട്ടുപിടിച്ച് സ്കോര് ബോര്ഡ് ചലിപ്പിച്ചു. 15-ാം ഓവറിലെ അവസാന പന്തിലാണ് പാകിസ്താന് ബാബര് അസമിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്. 35 പന്തില് നിന്ന് 29 റണ്സ് നേടിയ പാക് നായകന് ദുനിത് വെല്ലാലഗെയുടെ പന്തില് വിക്കറ്റ് കീപ്പര് കുശാല് മെന്ഡിസ് സ്റ്റംപ് ചെയ്താണ് പുറത്തായത്.
21-ാം ഓവറിലെ നാലാം പന്തില് ഓപ്പണര് അബ്ദുള്ള ഷഫീഖിന്റെ വിക്കറ്റ് വീണു. 69 പന്തില് നിന്ന് 52 റണ്സ് നേടിയ ഷഫീഖിനെ മതീഷ പതിരാന പ്രമോദ് മധുശന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്ന് ബൗണ്ടറികളും രണ്ട് സിക്സുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ടീം സ്കോര് 100 കടത്തിയാണ് ഷഫീഖ് പവിലിയനിലെത്തിയത്. പകരക്കാരനായി ഇറങ്ങിയ മൊഹമ്മദ് ഹാരിസ് മൂന്ന് റണ്സ് നേടി നില്ക്കെ മതീഷ പതിരാന പുറത്താക്കി. 12 പന്തില് 12 റണ്സെടുത്ത മൊഹമ്മദ് നവാസും പതിരാനയ്ക്ക് മുന്നില് മുട്ടുമടക്കി. 40 പന്തില് 47 റണ്സ് നേടിയ ഇഫ്തീഖര് അഹമ്മദ് ടീം സ്കോര് 238ല് എത്തിയപ്പോഴാണ് മടങ്ങിയത്. മൂന്ന് റണ്സ് നേടിയ ഷദബ് ഖാന്റെ വിക്കറ്റാണ് പാകിസ്താന് അവസാനമായി നഷ്ടപ്പെട്ടത്.