അപ്രതീക്ഷിതം പാകിസ്താൻ ക്രിക്കറ്റ്; ഏകദിന ലോകകപ്പിന് ഇനി 21 നാൾ

ഇന്ത്യൻ മണ്ണിൽ ക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന് പാകിസ്താൻ തയ്യാറെടുക്കുകയാണ്

dot image

ലോക ഒന്നാം നമ്പര് ടീമായാണ് പാകിസ്താന് വീണ്ടുമൊരു ലോകകപ്പിന് എത്തുന്നത്. സമീപകാലത്ത് നടത്തിയ മികച്ച പ്രകടനങ്ങള് പാകിസ്താനെ വിജയസാധ്യത ഉള്ളവരില് മുന്നിലെത്തിക്കുന്നു. ബാബര് അസം നയിക്കുന്ന ടീം സ്ഥിരതയാര്ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ശക്തമായ നിര ഉള്ളപ്പോള് തോല്വിയും, ആരും പ്രതീക്ഷിക്കാതെ അപ്രതീക്ഷിത മുന്നേറ്റവും നടത്തുന്ന ടീമാണ് പാകിസ്താന്. ലോകപോരാട്ടത്തിന് തയ്യാറെടുക്കുമ്പോള് എന്തായിരിക്കും പാകിസ്താന്റെ പ്രകടനം?

1947ല് ഇന്ത്യയില് നിന്ന് പാകിസ്താന് വിഭജിക്കപ്പെട്ടത് മുതലാണ് പാക് ക്രിക്കറ്റിന്റെ കഥ ആരംഭിക്കുന്നത്. 1952ല് ടെസ്റ്റ് ക്രിക്കറ്റില് പാകിസ്താന് അരങ്ങേറ്റം കുറിച്ചു. അതിവേഗം ആധുനിക ക്രിക്കറ്റിലെ മികച്ച ടീമുകളിലൊന്നായി പാകിസ്താന് മാറി. ഇന്ത്യയ്ക്ക് എതിരെ ഡല്ഹിയിലായിരുന്നു ആദ്യ ടെസ്റ്റ് പരമ്പര. 1952 ഒക്ടോബറില് നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില് ഇന്ത്യ 2-1 ന് ജയിച്ചു. 1954 ല് പാകിസ്താന് ഇംഗ്ലണ്ടിലേക്ക് വണ്ടികയറി. പരമ്പര 1-1 സമനിലയാക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 1955 ല് പാകിസ്താന് ആദ്യ ടെസ്റ്റ് പരമ്പര നടന്നു. ഇന്ത്യ ആയിരുന്നു എതിരാളികള്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും സമനില ആയി. ചരിത്രത്തില് ആദ്യമായാണ് ഒരു പരമ്പരയിലെ അഞ്ച് മത്സരങ്ങളും സമനില ആകുന്നത്.

ആദ്യ കാലത്ത് കരുത്തരും അപ്രതീക്ഷിത മികവ് പുറത്തെടുക്കുന്നവരുമായിരുന്നു പാകിസ്താന്. പക്ഷേ ടീമില് അച്ചടക്കം കുറവായിരുന്നു. വര്ഷങ്ങള് കഴിയും തോറും ഇന്ത്യ-പാകിസ്താന് ക്രിക്കറ്റ് മത്സരങ്ങള് ആവേശമായി ഉയര്ന്നുവന്നു. ആഷസിനേക്കാളും ലോകകപ്പിനേക്കാളും ആവേശം സൃഷ്ടിക്കാനും ഇന്ത്യ-പാക് മത്സരങ്ങള്ക്ക് കഴിഞ്ഞു.

1973ല് ന്യുസിലന്ഡിനെതിരെ പാകിസ്താന് ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. പക്ഷേ ആദ്യ വിജയത്തിനായി ഒരു വര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു പാകിസ്താന് ആദ്യമായി ഏകദിന ക്രിക്കറ്റില് വിജയിച്ചത്.

1986-ലെ ഓസ്ട്രേലേഷ്യാ കപ്പിലെ ലാസ്റ്റ് ബോള് ത്രില്ലര് ഇന്നും ക്രിക്കറ്റ് ആരാധകര്ക്ക് ഓര്മ ഉണ്ടാകും. ഷാര്ജയില് നടന്ന മത്സരം. ഇന്ത്യ പാക്സിതാന് മുന്നില് വെച്ചത് 245 റണ്സിന്റെ വിജയലക്ഷ്യം. പാകിസ്താന് കൃത്യമായ ഇടവേളകളില് വിക്കറ്റുകള് നഷ്ടമായി. എന്നാല് മൂന്നാം നമ്പറില് എത്തിയ ജാവേദ് മിയാന്ദാദ് ക്രീസില് ഉറച്ചു. അവസാന മൂന്ന് ഓവറില് പാകിസ്താന് ജയിക്കാന് വേണ്ടിയത് 31 റണ്സായിരുന്നു. അത് അവസാന പന്തില് നാല് റണ്സെന്നായി. ചേതന് ശര്മ്മ എറിഞ്ഞ അവസാന പന്ത് ലെഗ് സൈഡില് ഫുള്ടോസായി. ഡീപ് മിഡ് വിക്കറ്റിന് മുകളില് മിയാന്ദാദിന്റെ സിക്സര്. മിയാന്ദാദ് പാകിസ്താന്റെ ഹീറോ ആയി.

മികച്ച ടീം ആയിരുന്നപ്പോഴും പാകിസ്താന് ക്രിക്കറ്റില് ആഭ്യന്തര പ്രശ്നങ്ങള് രൂക്ഷമായിരുന്നു. 1981ലാണ് അത്തരത്തില് ആദ്യമായി ഒരു സംഭവം റിപ്പോര്ട്ട് ചെയ്യുന്നത്. ജാവേദ് മിയാന്ദാദിന്റെ ക്യാപ്റ്റന്സിക്ക് കീഴില് കളിക്കില്ലെന്ന് പത്ത് താരങ്ങള് നിലപാട് എടുത്തു. ഇമ്രാന് ഖാനും ആസിഫ് ഇഖ്ബാലും മജീദ് ഖാനും പാക് നായകന് എതിരായിരുന്നു. മിയാന്ദാദിന്റെ ഏകാധിപത്യമാണ് ടീമിലെന്ന് താരങ്ങള് വാദിച്ചു. പിന്നാലെ മിയാന്ദാദിനെ നായകസ്ഥാനത്ത് നിന്നും നീക്കി.

1992ലും ഇതേ സംഭവം ആവര്ത്തിച്ചു. മിയാന്ദാദ് നായകനായാല് വിരമിക്കുമെന്ന് വസീം അക്രം പ്രഖ്യാപിച്ചു. ലോകകപ്പ് നേടിയ ടീമില് വന്പൊട്ടിത്തെറികള് ഒഴിവാക്കേണ്ടതുണ്ട്. അങ്ങനെ മിയാന്ദാദിന് വീണ്ടും നായകസ്ഥാനം നഷ്ടമായി. വസീം അക്രം ആയിരുന്നു പുതിയ നായകന്. ഏതാനും മാസങ്ങള്ക്കുള്ളില് പുതിയ വിവാദം. അക്രം നായകനായാല് കളിക്കില്ലെന്ന് മിയാന്ദാദിനൊപ്പം വഖാര് യൂനിസും പറഞ്ഞു. അങ്ങനെ അക്രമിന്റെ നായകസ്ഥാനം തെറിച്ചു. 1996 ലും 1998 ലും അക്രം വീണ്ടും പാക് ടീമിന്റെ നായകനായി.

2003ല് ഇന്സമാം ഉള് ഹഖ് പാകിസ്താന് ടീമിന്റെ നായകനായി. ഇന്സമാമിന്റെ മികച്ച നേതൃത്വം പാകിസ്താന് ഏറെ ഗുണം ചെയ്തു. ഇന്സമാം ടീമില് ഉള്ളപ്പോള് പുതിയ നായകനെ പരീക്ഷിക്കാന് പാകിസ്താന് ശ്രമിച്ചു. നായകസ്ഥാനത്ത് നിന്ന് മാറ്റിയാല് വിരമിക്കുമെന്ന് ഇന്സമാം ബോര്ഡിനെ അറിയിച്ചു. ഇതോടെ ഇന്സമാം വിരമിക്കും വരെ മറ്റൊരു നായകന് വേണ്ടെന്ന് പാകിസ്താന് ക്രിക്കറ്റ് തീരുമാനിച്ചു. 2007 ലോകകപ്പിന് ശേഷം ഇന്സമാം കളമൊഴിഞ്ഞു. 2009ല് പാക് ക്രിക്കറ്റില് വീണ്ടും ആഭ്യന്തര കലഹം ഉണ്ടായി. ഷൊയ്ബ് മാലികിന്റെ നേതൃത്വത്തില് എട്ടംഗ സംഘം ഇന്സമാം ഉള് ഹഖിന്റെ വീട്ടിലെത്തി. ഖുറാനില് തൊട്ട് അവര് സത്യം ചെയ്തു. ഇനിയൊരിക്കലും യുനസ് ഖാന്റെ കീഴില് കളിക്കില്ലെന്നായിരുന്നു മാലികും സംഘവും എടുത്ത തീരുമാനം. യൂനസ് ഖാന് ടീം വിട്ടു. പിന്നാലെ മുഹമ്മദ് യൂസഫ് നായകനായി. എതാനും മത്സരങ്ങള്ക്കുള്ളില് മുഹമ്മദ് യൂസഫും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള് മറ നീക്കി പുറത്തുവന്നു. പിന്നാലെ പാകിസ്താന് ക്രിക്കറ്റിന്റെ പുതിയ തീരുമാനം. ഏകദിന നായകനായി അഫ്രീദിയെയും ട്വന്റി 20യില് ഷൊയിബ് മാലികിനെയും നിയമിച്ചു. പിന്നാലെ യൂനസ് ഖാനും മുഹമ്മദ് യൂസഫും ടീമില് വേണ്ടെന്ന് പാക് താരങ്ങള് ബോര്ഡിനെ അറിയിച്ചു.

ഐസിസി ടൂര്ണമെന്റുകളില് അപ്രതീക്ഷിത മുന്നേറ്റം ആണ് പാകിസ്താന് പലപ്പോഴും കാഴ്ചവെച്ചിട്ടുള്ളത്. 1975ലെ പ്രഥമ ലോകകപ്പില് ആദ്യ റൗണ്ടില് പുറത്തായി. എങ്കിലും വിന്ഡീസ് കരുത്തിനെ വിറപ്പിച്ച ശേഷമാണ് പാകിസ്താന് മടങ്ങിയത്. 1979ലും 1983ലും 1987ലും സെമിയില് തോറ്റു. 1992ല് ലോകകപ്പ് നേടുകയെന്ന ലക്ഷ്യത്തോടെ അല്ല പാകിസ്താന് കളിക്കാനെത്തിയത്. എന്നാല് യുവതാരം ഇന്സമാം ഉള് ഹഖിന്റെ പ്രകടനം പല മത്സര ഫലങ്ങളും തിരുത്തി എഴുതി. സെമിയില് ന്യുസിലന്ഡിനെതിരെ 37 പന്തില് 60 റണ്സ് നേടി ഇന്സമാം തകര്ത്തടിച്ചു. ഫൈനലില് ഇംഗ്ലണ്ടിനെ തോല്പ്പിച്ച് പാകിസ്താന് ലോകജേതാക്കളായി. പിന്നാലെ നായകന് ഇമ്രാന് ഖാന് പാകിസ്താന് ക്രിക്കറ്റില് നിന്ന് വിരമിച്ചു.

1996 ല് ക്വാര്ട്ടര് ഫൈനലില് പാകിസ്താന് വീണു. 1999ല് ഫൈനലിസ്റ്റുകളായി. 2003ലും 2007ലും ആദ്യ റൗണ്ടില് പാകിസ്താന് വീണു. പരിശീലകന് ബോംബ് വൂമറുടെ മരണം സൃഷ്ടിച്ച വിവാദം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. വൂമറുടെ മരണം കൊലപാതകം എന്ന് സംശയിക്കപ്പെട്ടു. എങ്കിലും അന്വേഷണ റിപ്പോര്ട്ടില് ഹൃദയാഘാതം എന്ന് കണ്ടെത്തുകയായിരുന്നു. 2008ല് പാകിസ്താന് ട്വന്റി 20 ലോകജേതാക്കളായി. 2011ലെ ഏകദിന ലോകകപ്പില് വീണ്ടും പാകിസ്താന് സെമിയിലെത്തി. അന്ന് ഇന്ത്യയോട് തോറ്റു. 2015ല് ക്വാര്ട്ടര് ഫൈനലില് പോരാട്ടം അവസാനിച്ചു. 2017ല് ആദ്യമായി പാകിസ്താന് ചാമ്പ്യന്സ് ട്രോഫി സ്വന്തമാക്കി. 2019ലെ ഏകദിന ലോകകപ്പില് അഞ്ചാം സ്ഥാനത്ത് പാക് തേരോട്ടം അവസാനിച്ചു.

ഒരിക്കല്കൂടി ലോകകപ്പ് എത്തുകയാണ്. അപ്രതീക്ഷിത പ്രകടനങ്ങള് എന്നും കരുത്തായിട്ടുള്ള പാകിസ്താന് ഇത്തവണ ലോകജേതാക്കളാവുമോ? അത് അറിയാന് ദിവസങ്ങള് മാത്രം.

dot image
To advertise here,contact us
dot image