ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസ വാർത്ത. മധ്യനിര താരം ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചുവരുന്നു. അയ്യർ നെറ്റ്സിൽ പരിശീലിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നാളെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അയ്യർ കളിച്ചേക്കുമെന്നാണ് സൂചന. ഏഷ്യാ കപ്പിൽ ഒരു മത്സരം മാത്രമാണ് ശ്രേയസിന് കളിക്കാൻ കഴിഞ്ഞത്. പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ശ്രേയസ് 14 റൺസെടുത്ത് പുറത്തായി. പേശിവലിവ് മൂലം തുടർന്നുള്ള മത്സരങ്ങളിൽ ശ്രേയസ് കളിച്ചിരുന്നില്ല.
നെറ്റ്സിലെ പരിശീലനം അയ്യർ ശാരീരികക്ഷമത പൂർണമായും വീണ്ടെടുത്തെന്ന് സൂചിപ്പിക്കുന്നതാണ്. അയ്യരുടെ സ്ഥിരതയാർന്ന ബാറ്റിങും സ്പിന്നർമാരെ കൈകാര്യം ചെയ്യാനുള്ള മികവും സ്ട്രൈക്ക് കൈമാറ്റവും ഇന്ത്യൻ മധ്യനിരയിൽ ഏറെ ഗുണം ചെയ്യുന്നതാണ്. പരിക്കിൽ നിന്ന് മോചിതനായതോടെ ഏഷ്യാകപ്പിലും ലോകകപ്പിലും അയ്യരുടെ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായി.
മുൻ മത്സരങ്ങളിൽ അയ്യർക്ക് പകരം കളിച്ച കെ എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായി കളിച്ചത് രാഹുലിന് ടീമിലെ സ്ഥാനം നിലനിർത്താൻ സാധിക്കും. നാളത്തെ മത്സരത്തിൽ ഇന്ത്യ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. സൂര്യകുമാർ യാദവിനും നാളത്തെ മത്സരത്തിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.