കൊളംബോ: ഏഷ്യാ കപ്പിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ എത്തുമ്പോൾ കെ എൽ രാഹുൽ തന്റെ കിറ്റ് ബാഗ് പോലും കയ്യിൽ കരുതിയിരുന്നില്ല. മൂന്നാഴ്ചയ്ക്ക് ശേഷം ലോകകപ്പ് ആരംഭിക്കുന്നതിനാൽ ഏഷ്യാ കപ്പിൽ രാഹുലിന് കുറച്ച് അവസരങ്ങൾ നൽകാനാണ് ഇന്ത്യൻ ടീം തീരുമാനിച്ചത്.
ശ്രേയസ് അയ്യരിന്റെ പരിക്ക് പദ്ധതികൾ മാറ്റിമറിച്ചു. പാകിസ്താനെതിരായ മത്സരത്തിന് മിനിറ്റുകൾക്ക് മുമ്പ് രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചു. ടീം മാനേജരാണ് രാഹുലിന്റെ കിറ്റ് ബാഗ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. പിന്നീടുള്ള 48 മണിക്കൂറാണ് കെ എൽ രാഹുൽ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയത്. പാകിസ്താനെതിരെ സെഞ്ചുറിയും ശ്രീലങ്കയ്ക്കെതിരെ നിർണായകമായ 39 റൺസും രാഹുൽ സംഭാവന ചെയ്തു.
അവസാനത്തെ രണ്ട് മത്സരത്തിലെ പ്രകടനത്തിൽ താൻ സന്തോഷവാനെന്ന് രാഹുൽ പറയുന്നു. എല്ലായിപ്പോഴും തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം താരങ്ങൾക്ക് ലഭിക്കില്ല. ശ്രീലങ്കയിലേക്ക് വരുന്നതിന് മുമ്പ് ലഭിച്ച നാല് മാസക്കാലത്തെ കഠിനാധ്വാനത്തിൽ താൻ വിശ്വസിച്ചു. ഒരൽപ്പം ആശങ്കയോടെയാണ് താൻ ക്രീസിലേക്ക് എത്തിയത്. എന്നാൽ ഓരോ പന്ത് നേരിടുമ്പോഴും തനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. മികച്ച തയ്യാറെടുപ്പുകളുടെ ഫലമാണ് ഇന്ത്യൻ ടീമിലെ സ്ഥാനമെന്ന് താൻ വിശ്വസിച്ചു. മികച്ച രീതിയിൽ കളിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസം ലഭിച്ചതായും രാഹുൽ വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരെ ഒരൽപ്പം പ്രതിരോധിച്ചാണ് രാഹുൽ കളിച്ചത്. സാഹചര്യങ്ങൾ മനസിലാക്കി കളിക്കാനാണ് തീരുമാനിച്ചതെന്നും കെ എൽ രാഹുൽ വെളിപ്പെടുത്തി. തന്റെ ഷോട്ട് സെലഷൻ ശരിയായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി. സെഞ്ചുറി പ്രകടനത്തിന് പിന്നാലെ അമ്പത് ഓവർ വിക്കറ്റ് കീപ്പിംഗും രാഹുൽ പൂർത്തിയാക്കി. ഇതോടെ കായികക്ഷമത പൂർണമായും വീണ്ടെടുത്തെന്നും താരം തെളിയിച്ചു.