തുടക്കം പിഴച്ച ബംഗ്ലാദേശിനെ കരകയറ്റി മധ്യനിര; ഇന്ത്യക്ക് 266 റണ്സ് വിജയലക്ഷ്യം

85 പന്തില് നിന്ന് 80 റണ്സ് നേടിയ ക്യാപ്റ്റന് ഷാകിബ് അല് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്

dot image

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര് ഫോറിലെ അവസാന മത്സരത്തില് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 266 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശ് നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 265 റണ്സ് നേടി. തുടക്കത്തില് തകര്ച്ച നേരിട്ട ബംഗ്ലാദേശിനെ ക്യാപ്റ്റന് ഷാകിബ് അല് ഹസന്റെയും തൗഹിദ് ഹൃദോയിയുടെയും അര്ധസെഞ്ച്വറികളാണ് മികച്ച സ്കോറിലെത്തിച്ചത്. 85 പന്തില് നിന്ന് 80 റണ്സ് നേടിയ ക്യാപ്റ്റന് ഷാകിബ് അല് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്. ഇന്ത്യക്ക് വേണ്ടി ഷാര്ദ്ദുല് താക്കൂര് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. രണ്ടാം ഓവറില് തന്നെ ഓപ്പണര് ലിറ്റണ് ദാസിന്റെ വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. നേരിട്ട രണ്ട് പന്തില് നിന്ന് ഒരു റണ്ണുമെടുക്കാന് കഴിയാതിരുന്ന ലിറ്റണെ മുഹമ്മദ് ഷമി ക്ലീന് ബൗള്ഡ് ആക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില് തന്നെ സഹ ഓപ്പണര് തന്സിദ് ഹസനും പുറത്തായി. 12 പന്തില് നിന്ന് 13 റണ്സ് നേടിയ തന്സിദിന്റെ സ്റ്റംപ് ഷാര്ദ്ദുല് താക്കൂറാണ് തെറിപ്പിച്ചത്. നാല് റണ്സെടുത്ത അനാമുല് ഹഖിനെ ഷാര്ദ്ദുല് കെ എല് രാഹുലിന്റെ കൈകളില് എത്തിച്ചു. 28 പന്തില് 13 റണ്സെടുത്ത മെഹിദി ഹസനെ അക്സര് പട്ടേല് ക്യാപ്റ്റന് രോഹിത്തിന്റെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് 59 റണ്സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊരുമിച്ച ക്യാപ്റ്റന് ഷാകിബ് അല് ഹസനും തൗഹിദ് ഹൃദോയിയുമാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. ഇരുവരും ചേര്ന്ന സഖ്യം 101 റണ്സ് കൂട്ടിച്ചേര്ത്താണ് ബംഗ്ലാദേശിന്റെ സ്കോര് ബോര്ഡ് ഉയര്ത്തിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഷാകിബിനെ (80) മടക്കി ഷാര്ദുല് താക്കൂറാണ് ഈ കൂട്ടുകെട്ട് തകര്ത്തത്. തൊട്ടടുത്ത ഓവറില് ഷമിം ഹുസൈനെ (1) മടക്കി ജഡേജ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പക്ഷേ നസും അഹമ്മദിനെ കൂട്ടുപിടിച്ച് ഹൃദോയ് സ്കോര് ബോര്ഡ് ചലിപ്പിച്ചു.

ആറാമനായി ക്രീസിലെത്തിയ ഹൃദോയ് 81 പന്തില് നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്സെടുത്താണ് പുറത്തായത്. എട്ടാമനായി ഇറങ്ങിയ നസും അഹമ്മദും ഇന്ത്യയ്ക്ക് ഭീഷണിയായി. 45 പന്തില് നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റണ്സെടുത്ത നസും 48-ാം ഓവറിലാണ് കൂടാരം കയറിയത്. വാലറ്റത്ത് മഹെദി ഹസനും (23 പന്തില് നിന്ന് 29 റണ്സ്) തന്സിം ഹസന് സാക്കിബും (8 പന്തില് 14) ടീം ടോട്ടല് 265ലേക്കെത്തിച്ചു. ഷാര്ദ്ദുല് താക്കൂറിനും മുഹമ്മദ് ഷമിക്കും പുറമേ ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും അക്സര് പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us