ഇംഗ്ലണ്ട് ലോകത്തിന് നല്കിയ വിനോദത്തിനെത്തുന്നു, ചാമ്പ്യന്മാരായി; ഏകദിന ലോകകപ്പിന് ഇനി 19 നാളുകള്

ഉദ്ഘാടന മത്സരത്തില് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്ഡ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്

dot image

നിലവിലത്തെ ചാമ്പ്യന്മാരായാണ് 13-ാം ലോകകപ്പിന് ഇംഗ്ലീഷ് ടീമെത്തുന്നത്. ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ച ബെന് സ്റ്റോക്സ് മികച്ച ഫോമിലാണ്. ഡേവിഡ് മലാനും ജോസ് ബട്ലറും ലയാന് ലിവിങ്ങ്സ്റ്റോണും ജോണി ബെയര്സ്റ്റോയും മൊയീന് അലിയുമെല്ലാം ഉള്പ്പെടുന്ന വമ്പന് നിര. ക്രിക്കറ്റ് എന്ന വിനോദം ലോകത്തിന് പരിചയപ്പെടുത്തിയത് ഇംഗ്ലണ്ടാണ്. പക്ഷേ ഒരു ഏകദിന ലോകകപ്പ് സ്വന്തമാക്കാന് ഇംഗ്ലണ്ടിന് 2019 വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണ ഇന്ത്യന് മണ്ണില് ഇംഗ്ലീഷുകാര് കരുതിവെച്ചിരിക്കുന്നത് എന്താണ് ?

1611ല് ഇംഗ്ലണ്ടിന്റെ തെക്കന് മേഖലകളില് രൂപപ്പെട്ട വിനോദമാണ് ക്രിക്കറ്റ് എന്നാണ് ചരിത്രം. ആടുകളെ മേയ്ക്കാന് വിട്ട ശേഷം ഇടയന്മാര് നേരം പോക്കിനായി കളിച്ചിരുന്ന ഒരു വിനോദം. അതിന് മുമ്പ് എഡി 1300ല് എഡ്വേര്ഡ് ഒന്നാമന് രാജാവും കുടുംബവും ക്രിക്കറ്റ് കളിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല് ഇതിന് കൃത്യമായ രേഖകള് ഒന്നുമില്ല. 17-ാം നൂറ്റാണ്ടിന്റെ പകുതിയോടെ 'കൗണ്ടി ടീംസ്' എന്ന ടീമും 1709ല് 'ലോക്കല് എക്സ്പേര്ട്സും' രൂപീകൃതമായി. പിന്നാലെ ഇംഗ്ലണ്ടിന്റെ വിവിധ മേഖലകളിലേക്ക് ക്രിക്കറ്റ് വ്യാപിച്ചു. 1744ല് ക്രിക്കറ്റില് ആദ്യ നിയമങ്ങള് എഴുതിചേര്ക്കപ്പെട്ടു. 1744ല് ആദ്യ നിയമങ്ങള്ക്ക് ഭേദഗതി വന്നു. എല്ബിഡബ്ല്യു, മൂന്നാം സ്റ്റമ്പായി മിഡില് സ്റ്റമ്പ് എന്നിവ കൂട്ടിച്ചേര്ക്കപ്പെട്ടു. 'സ്റ്റാര് ആന്ഡ് ഗാര്ട്ടര് ക്ലബ്' ആണ് ക്രിക്കറ്റിന്റെ നിയമങ്ങള് എഴുതിയത്. ഇതിലെ അംഗങ്ങള് ചേര്ന്ന് 1787ല് മാര്ലിബന് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു.

1814ല് ലോര്ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് നിലവില് വന്നു. മാര്ലിബന് ക്രിക്കറ്റ് ക്ലബില് അംഗവും ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്ററുമായ തോമസ് ലോര്ഡ്സിന്റെ പേരിലാണ് ഗ്രൗണ്ട് നിലവില് വന്നത്. ആഭ്യന്തര ക്രിക്കറ്റിന്റെ ജനപ്രീതിയെ തുടര്ന്ന് 1870ല് മാര്ലിബന് ക്രിക്കറ്റ് ക്ലബ് ലോര്ഡ്സ് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കാന് തുടങ്ങി. 1877ല് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നു. ഈ മത്സരത്തില് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 45 റണ്സിന് തോല്പ്പിച്ചു.

1882ല് സ്വന്തം നാട്ടില് ഓസ്ട്രേലിയയ്ക്കെതിരെ തോറ്റത് ഇംഗ്ലണ്ടിന് അഭിമാനക്ഷതമുണ്ടാക്കി. പിന്നാലെ വിജയം ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഓസ്ട്രേലിയന് പര്യടനം നടത്തി. ഇത് ആഷസ് പരമ്പര എന്നറിയപ്പെട്ടു. 1890വരെ ആഷസില് ഇംഗ്ലണ്ട് മാത്രമായിരുന്നു വിജയികള്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് വിവിധ രാജ്യങ്ങളിലേക്ക് പ്രചരിച്ചു. ബ്രിട്ടീഷ് കോളനി രാജ്യങ്ങളിലാണ് ക്രിക്കറ്റ് പ്രചാരത്തിലായത്.

1909 ഐസിസി രൂപീകൃതമായി. ഇംപീരിയല് ക്രിക്കറ്റ് കോണ്ഫറന്സ് എന്നായിരുന്നു ആദ്യ പേര്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരായിരുന്നു ആദ്യ അംഗങ്ങള്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില് ഇംഗ്ലണ്ടിന്റെ പ്രധാന എതിരാളികള് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ആയിരുന്നു. 1965ല് ഐസിസി ഇന്റര്നാഷണല് ക്രിക്കറ്റ് കോണ്ഫറന്സ് എന്നും പിന്നീട് 1989ല് ഇന്റര്നാഷണല് ക്രിക്കറ്റ് കൗണ്സില് എന്നും പുനര്നാമകരണം ചെയ്തു.

1971ല് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരമാണ് ഏകദിന ക്രിക്കറ്റിന് രൂപം നല്കിയത്. മെല്ബണ് ടെസ്റ്റിന്റെ മൂന്ന് ദിവസം മഴമൂലം ഉപേക്ഷിച്ചു. 50,000ത്തോളം വരുന്ന കാണികളെ തൃപ്തിപ്പെടുത്താന് നടത്തിയ 40 ഓവറിന്റെ മത്സരം ക്രിക്കറ്റിന്റെ ചരിത്രം തിരുത്തി എഴുതി. ആദ്യം 60 ഓവറായും പിന്നീട് 50 ഓവറായും ഏകദിന ക്രിക്കറ്റ് തുടര്ന്നുപോരുന്നു.

ഏകദിന ക്രിക്കറ്റിന് നാല് വര്ഷം മാത്രം പ്രായമുള്ളപ്പോള് ആദ്യ ലോകകപ്പ് നടന്നു. ആദ്യ ലോകകപ്പില് സെമിയില് തോല്ക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. 1977ല് നൂറ്റാണ്ടിന്റെ ടെസ്റ്റ് നടന്നു. ചരിത്രത്തിലെ ആദ്യ ടെസ്റ്റിലെ അതേ എതിരാളികള്. സ്കോര്ബോര്ഡില് മാറ്റങ്ങള് വന്നു. പക്ഷേ മത്സരഫലം മാറിയില്ല. 1877ന് സമാനമായി 1977ലും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 45 റണ്സിന് തോല്പ്പിച്ചു.

1979 ലോകകപ്പില് ഇംഗ്ലണ്ട് ഫൈനലിലെത്തി. ആദ്യ ലോകകപ്പിലെ ചാമ്പ്യന്മാരായിരുന്ന വെസ്റ്റ് ഇന്ഡീസ് രണ്ടാം തവണയും ഫൈനലിന് യോഗ്യത നേടി. ഫൈനലില് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്ഡീസ് 60 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 286 റണ്സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഗംഭീരമായി തുടങ്ങി. ആദ്യ വിക്കറ്റില് ഇംഗ്ലണ്ട് 129 റണ്സ് സ്കോര് ചെയ്തു. പക്ഷേ 38 ഓവര് പൂര്ത്തിയായിരുന്നു. മൈക്ക് ബ്രെയര്ലിയുടെയും ജഫ്രി ബോയ്ക്കോട്ടിന്റെയും അര്ദ്ധ സെഞ്ചുറികള് ഇരട്ടിയോളം പന്തുകള് നേരിട്ടായിരുന്നു. ഇരുവരും പുറത്തായതിന് ശേഷമെത്തിയ സ്കോറിങ്ങിന്റെ വേഗത ഉയര്ത്താന് ശ്രമിച്ച് പരാജയപ്പെട്ടു. അവസാന ഏഴ് ബാറ്ററുമാര് രണ്ടക്കം കാണാതെ പുറത്തായി. 51 ഓവറില് 194 റണ്സില് ഇംഗ്ലീഷ് മറുപടി അവസാനിച്ചു.

1983ലും ഇംഗ്ലണ്ട് സെമിയിലെത്തി. ഇത്തവണ കപിലിന്റെ ചെകുത്താന്മാര്ക്ക് മുന്നില് ഇംഗ്ലണ്ട് വീണു. 1987ല് ആദ്യമായി ലോകകപ്പ് വേദി ഇംഗ്ലണ്ടിന് പുറത്തേയ്ക്ക് എത്തി. ഇന്ത്യയും പാകിസ്താനും സംയുക്ത ആതിഥേയര്. ഇത്തവണ വീണ്ടും ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിന് യോഗ്യത നേടി. എതിരാളികള് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില് അഞ്ച് വിക്കറ്റിന് 253 റണ്സ്. ഇംഗ്ലീഷ് മറുപടി എട്ട് വിക്കറ്റിന് 246ല് എത്തിയപ്പോള് ഓവര് തീര്ന്നുപോയി. ഏഴ് റണ്സ് ജയത്തോടെ കങ്കാരുപ്പട ആദ്യ ലോകകപ്പ് സ്വന്തമാക്കി.

1992ലും ഇംഗ്ലണ്ട് കലാശപ്പോരിന് യോഗ്യത നേടി. ഇത്തവണ തോല്വി വഴങ്ങിയത് പാകിസ്താന് മുന്നില്. 22 റണ്സിനായിരുന്നു ഫൈനലിലെ ഇംഗ്ലീഷ് ദുരന്തം. 1996ല് ആദ്യമായി ഇംഗ്ലണ്ട് ഇല്ലാതെ ലോകകപ്പിന്റെ സെമി ഫൈനല് നടന്നു. സെമിയിലേക്ക് ഒരു മത്സരത്തിന്റെ മാത്രം അകലെ ഇംഗ്ലണ്ടുകാര് ശ്രീലങ്കയോട് തോറ്റു. 1999ല് സ്വന്തം ഉപഭൂഖണ്ഡത്തില് നടന്ന ലോകകപ്പില് ഇംഗ്ലണ്ട് വീണ്ടും പിന്നോട്ടുപോയി. ഗ്രൂപ്പ് ഘട്ടത്തില് തന്നെ പോരാട്ടം അവസാനിപ്പിച്ചു. 2003ലും കാര്യമായി ഒന്നും ചെയ്തില്ല. ആദ്യ റൗണ്ടില് തന്നെ ദക്ഷിണാഫ്രിക്ക വിട്ട് ഇംഗ്ലണ്ടുകാര് നാട്ടിലെത്തി.

2007ല് സൂപ്പര് എട്ടില് തോറ്റ് മടങ്ങി. 2011ല് അയര്ലന്ഡിനോട് അട്ടിമറി നേരിട്ടു. എങ്കിലും ക്വാര്ട്ടര് വരെയെത്തി. ശ്രീലങ്കയോട് തോറ്റ് ലോകപോരാട്ടം ക്വാര്ട്ടറില് അവസാനിപ്പിച്ചു. 2015 ലോകകപ്പില് വീണ്ടും പിന്നോട്ട്. ഗ്രൂപ്പ് ഘട്ടത്തില് തന്നെ നാട്ടിലേക്ക് വണ്ടികയറി. അന്നത്തെ നായകന് ഇയാന് മോര്ഗനെ മാറ്റാന് ഇംഗ്ലീഷ് ബോര്ഡ് തയ്യാറായില്ല. 2019ല് വീണ്ടും സ്വന്തം നാട്ടില് ലോകകപ്പെത്തി. ഇയാന് മോര്ഗന് തന്നെ ആയിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റിനെ നയിച്ചത്. 1992ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി കളിച്ചു. അനായാസം ഓസ്ട്രേലിയയെ മറികടന്ന് ഫൈനലിലേക്ക്. ന്യൂസിലന്ഡുമായി അവസാന നിമിഷം വരെ നീണ്ട പോരാട്ടം. രണ്ടും ടീമും ബാറ്റിങ് പൂര്ത്തി ആയപ്പോള് സ്കോര്ബോര്ഡ് സമനില ആയി. സൂപ്പര് വെച്ചപ്പോഴും സമനില തുടര്ന്നു. ഇതോടെ ആകെ നേടിയ ബൗണ്ടറികളുടെ എണ്ണം ഇംഗ്ലണ്ടിനെ വിജയികളാക്കി.

വര്ഷങ്ങളോളം നിര്ഭാഗ്യം തട്ടിത്തെറിപ്പിച്ച ലോകകപ്പാണ് 2019ല് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. വീണ്ടും ഒരു ലോകകപ്പിനെത്തുമ്പോള് കിരീടം നിലനിര്ത്തുകയെന്ന വലിയ ദൗത്യമാണ് ഇംഗ്ലീഷ് നിരയ്ക്ക് മുന്നിലുള്ളത്. ഒക്ടോബര് അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്ഡ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്. ലോകചാമ്പ്യന്മാര് കിരീടം നിലനിര്ത്തുമോ? അതറിയാന് കാത്തിരക്കേണ്ടത് ഏതാനും ആഴ്ചകള് മാത്രമാണ്.

dot image
To advertise here,contact us
dot image