ഇന്ത്യ കാത്തിരിക്കുന്നു; ഏകദിന ലോകകപ്പിന് 18 നാൾ

സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയാണുള്ളത്

dot image

സമീപകാലത്ത് ക്രിക്കറ്റില് ഏറ്റവും സ്ഥിരതയാര്ന്ന പ്രകടനമാണ് ഇന്ത്യന് ടീം പുറത്തെടുക്കുന്നത്. ഐസിസി ടൂര്ണമെന്റുകളിലും ഇന്ത്യ നടത്തുന്നത് മികച്ച പ്രകടനമാണ്. പക്ഷേ കഴിഞ്ഞ 10 വര്ഷമായി ഇന്ത്യയ്ക്ക് ഐസിസി കിരീടമില്ല. 2013ല് ചാമ്പ്യന്ട്രോഫി ജേതാക്കളായതാണ് ഇന്ത്യയുടെ അവസാന ഐസിസി കിരീടനേട്ടം. പിന്നീട് മൂന്ന് ഫൈനലും നാല് സെമി ഫൈനലും ഇന്ത്യ കളിച്ചു. പക്ഷേ നിര്ണായക മത്സരത്തില് കളി മറന്ന് 'പടിക്കല് കലമുടക്കു'ന്നത് ടീം ഇന്ത്യയുടെ പതിവാണ്. സ്വന്തം മണ്ണില് നടക്കുന്ന ലോകപോരാട്ടത്തില് 2011 ആവര്ത്തിക്കുമോയെന്നാണ് അറിയേണ്ടത്.

ഇന്ത്യയില് ഏറ്റവും അധികം ജനപിന്തുണയുള്ള വിനോദമാണ് ക്രിക്കറ്റ്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഗുജറാത്തിലെ കച്ചിലാണ് ഇന്ത്യന് ക്രിക്കറ്റിന്റെ വിത്തുപാകിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇംഗ്ലീഷ് നാവികരാണ് ആദ്യമായി ഇന്ത്യയില് ക്രിക്കറ്റ് കളിച്ചത്.

1792ല് കല്ക്കത്ത ക്രിക്കറ്റ് ക്ലബ് രൂപീകൃതമായി. 1848ല് പാഴ്സി വിഭാഗം മുംബൈയില് ഓറിയന്റല് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ഇന്ത്യക്കാര് രൂപീകരിച്ച ആദ്യ ക്രിക്കറ്റ് ക്ലബാണ് ഇത്. 1864ല് ഇന്ത്യയില് ആഭ്യന്തര ക്രിക്കറ്റിന് തുടക്കമായി. മദ്രാസും കൊല്ക്കത്തുയും തമ്മിലായിരുന്നു ആദ്യ മത്സരം. 1877ല് പാഴ്സികള് യൂറോപ്പ്യന്മാരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ബോംബെ പ്രസിഡന്സി മത്സരങ്ങള് എന്ന് അറിയപപ്പെട്ടു. ഈ ടൂര്ണമെന്റ് എല്ലാ വര്ഷവും നടന്നു. 1892ല് ടൂര്ണമെന്റിന് ആഭ്യന്തര ക്രിക്കറ്റ് പദവി ലഭിച്ചു.

1900ങ്ങളുടെ തുടക്കത്തില് രണ്ട് ഇന്ത്യന് താരങ്ങള് ഇംഗ്ലീഷ് ടീമിനുവേണ്ടി കളിച്ചു. രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരാണ് ഇംഗ്ലണ്ട് ടീമില് കളിച്ചത്. ഇന്ത്യയ്ക്ക് ടെസ്റ്റ് പദവി ലഭിക്കും മുമ്പായിരുന്നു ഇരുവരും ഇംഗ്ലീഷ് ടീമില് കളിച്ചത്. ഇന്ന് ഇന്ത്യന് ആഭ്യന്തര ടൂര്ണമെന്റുകളായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ഇരുവരുടെയും ബഹുമാനാര്ത്ഥം നല്കിയ പേരാണ്. ഇന്ത്യന് ക്രിക്കറ്റിന്റെ പിതാവെന്നും രഞ്ജിത് സിങ്ജി അറിയപ്പെടുന്നു.

1911ല് ഇന്ത്യന് ടീമിന്റെ ആദ്യ ഇംഗ്ലീഷ് പര്യടനം നടന്നു. ഇംഗ്ലീഷ് കൗണ്ടി ടീമുകള്ക്കെതിരെയാണ് ഇന്ത്യ കളിച്ചത്. 1932ല് ഇന്ത്യയ്ക്ക് ടെസ്റ്റ് പദവി ലഭിച്ചു. അതേവര്ഷം സി കെ നായിഡു നായകനായ ഇന്ത്യന് ടീം ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിച്ചു. ഇംഗ്ലണ്ടായിരുന്നു എതിരാളികള്. മൂന്ന് ദിവസത്തിനുള്ളില് 158 റണ്സിന്റെ വമ്പന് തോല്വി ആയിരുന്നു ആദ്യ ടെസ്റ്റില് ഇന്ത്യയെ കാത്തിരുന്നത്. 1948ല് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നടന്നു. സര് ഡൊണാള്ഡ് ബ്രാഡ്മാന് നയിച്ച ഓസ്ട്രേലിയന് ടീമിനോട് ഇന്ത്യ 4-0ത്തിന് പരാജയപ്പെട്ടു.

1952ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ ജയം. മദ്രാസില് ഇംഗ്ലണ്ടിനെയാണ് ഇന്ത്യന് ടീം തോല്പ്പിച്ചത്. പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പരയും ജയിച്ചു. 1950കളില് തന്നെ ഇന്ത്യ സ്വന്തം നാട്ടില് കരുത്തര് എന്ന പേര് സമ്പാദിച്ചിരുന്നു.

1970കളില് സുനില് ഗാവസ്കര്, ഗുണ്ടപ്പ വിശ്വനാഥ്, അജിത്ത് വഡേക്കര് തുടങ്ങിയ ക്ലാസിക് ബാറ്ററുമാര് ഇന്ത്യന് ടീമിലെത്തി. എന്നാല് ബാറ്റിങ്ങിനെക്കാള് സ്പിന് നിരയാണ് ഇന്ത്യയ്ക്ക് വിജയങ്ങള് നേടിത്തന്നത്. ഇന്ത്യന് പിച്ചുകള് സ്പിന് ബൗളര്മാര് പിന്തുണയ്ക്കുന്നതായിരുന്നു ഇതിന് കാരണം. ബിഷന് സിങ് ബേദി, ബിഎസ് ചന്ദ്രശേഖര്, ശ്രീനിവാസ് വെങ്കിട്ടരാമന് തുടങ്ങിയ സ്പിന്നര്മാര് ഇക്കാലത്ത് ഇന്ത്യന് ടീമില് കളിച്ചു.

1974ല് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം. ഒരു ടെസ്റ്റ് ടീമിന് പറ്റിയ നിരയായിരുന്നു ഇന്ത്യയുടേത്. ഇത് കൃത്യമായി പ്രതിഫലിച്ചത് 1975ലെ ലോകകപ്പിലാണ്. പ്രഥമ ഏകദിന ലോകകപ്പില് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 60 ഓവറില് 4 വിക്കറ്റിന് 334 റണ്സെടുത്തു. ഇന്ത്യയുടെ മറുപടി 60 ഓവറില് 3 വിക്കറ്റിന് 132 റണ്സില് അവസാനിച്ചു. സുനില് ഗാവസ്കറുടെ 174 പന്തില് പുറത്താകാതെയുള്ള 36 റണ്സ് ഈ മത്സരത്തിലായിരുന്നു. ഗാവസ്കര് മത്സരം സമനില ആക്കാന് ശ്രമിച്ചെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ പരിഹാസം.

ലോകകപ്പിലെ രണ്ടാം മത്സരത്തില് കിഴക്കന് ആഫ്രിക്കയെ 10 വിക്കറ്റിന് തോല്പ്പിച്ചു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്. മൂന്നാം മത്സരത്തില് ന്യൂസിലന്ഡിനോട് തോറ്റ് നാട്ടിലേക്ക് വണ്ടി കയറി. ആദ്യ ലോകകപ്പില് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഇന്ത്യ പ്രതീക്ഷിച്ചതുമില്ല.

ഇന്ത്യന് ക്രിക്കറ്റിന്റെ പ്രഭാവം വീണ്ടും ടെസ്റ്റില് മാത്രമായി തുടര്ന്നു. 1976ല് വെസ്റ്റ് ഇന്ഡീസില് ഇന്ത്യ 403 റണ്സ് പിന്തുടര്ന്ന് വിജയിച്ചു. അതേവര്ഷം ന്യൂസിലന്ഡിനെതിരായ ഒരു മത്സരത്തില് ഇന്ത്യന് ടീം 9 വിക്കറ്റ് നഷ്ടത്തില് 524 റണ്സെടുത്തു. ഒരു സെഞ്ചുറി പോലും ഇല്ലാതെ ആറ് താരങ്ങളുടെ അര്ദ്ധ സെഞ്ചുറി മികവിലാണ് ഇന്ത്യ 524ല് എത്തിയത്. താരതമ്യേന മികച്ച ടീമുമായി ഇന്ത്യ 1979ലെ രണ്ടാം ലോകകപ്പിനെത്തി. പക്ഷേ കളിച്ച മൂന്ന് മത്സരങ്ങളും നാണംകെട്ട് തോറ്റ് ഇന്ത്യന് ടീം നാട്ടിലേക്ക് മടങ്ങി.

1980കളിലാണ് ഇന്ത്യന് ക്രിക്കറ്റിന്റെ ഉയര്ച്ചയുടെ തുടക്കം. മുഹമ്മദ് അസ്ഹറുദ്ദീന്, ദിലീപ് വെങ്സര്ക്കാര് ഓള് റൗണ്ടറുമാരായ കപില് ദേവ്, രവി ശാസ്ത്രി തുടങ്ങിയവര് ഈ കാലത്താണ് ഇന്ത്യന് ടീമില് കളിച്ചത്. 1983ല് പ്രവചനങ്ങളെ തെറ്റിച്ച് ഇന്ത്യ ലോകകപ്പ് ഉയര്ത്തി. 1984ല് ലോകചാമ്പ്യന്ഷിപ്പും ഏഷ്യാ കപ്പും ഇന്ത്യയുടെ കരുത്തന്മാര് വിജയിച്ചു. ടെസ്റ്റ് ക്രിക്കറ്റില് സുനില് ഗാവസ്കര് 10,000ത്തിലധികം റണ്സെടുത്തു. അപ്പോഴും ഇന്ത്യന് ഉപഭൂഖണ്ഡത്തിന് പുറത്ത് ദുര്ബലര് എന്ന ചീത്തപ്പേര് ഇന്ത്യന് ടീം നേരിട്ടു.

1987ല് ഇന്ത്യയിലും പാകിസ്താനിലുമായി ലോകകപ്പ് നടന്നു. ഈ ലോകകപ്പില് സെമിയില് എത്താന് ഇന്ത്യന് ടീമിന് കഴിഞ്ഞു. 1990 കളില് ഇന്ത്യന് ടീം കൂടുതല് കരുത്തരുടെ നിരയായി മാറി. മുഹമ്മദ് അസറുദ്ദീൻ, സഞ്ജയ് മഞ്ചരേക്കര്, അജയ് ജഡേജ, കിരണ് മോറെ, ജവഹര്ലാല് ശ്രീനാഥ്, വെങ്കിടപതി രാജു, വിനോദ് കാംബ്ലി എന്നിവര് ഈ കാലഘട്ടത്തിലെ താരങ്ങളാണ്. 1987 ലോകകപ്പില് ബൗണ്ടറി കടന്നെത്തിയ പന്തുകള് എടുത്ത് കൊടുത്തിരുന്ന ഒരു പയ്യനുണ്ടായിരുന്നു. 1989ല് ഇന്ത്യന് ക്രിക്കറ്റ് ടീമില് ആ പയ്യന് ക്രിക്കറ്റ് കളിക്കാന് തുടങ്ങി. മുംബൈക്കാരനായ സച്ചിന് തെണ്ടുല്ക്കര്. മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തില് ഇന്ത്യന് ടീം 1992ലെ ലോകകപ്പിനായി വണ്ടി കയറി. പാകിസ്താനെ ആദ്യമായി ഇന്ത്യ ലോകകപ്പില് നേരിട്ടതും 1992ലാണ്. പക്ഷേ പാകിസ്താനെയും സിംബാവ്വെയും തോല്പ്പിച്ച ശേഷം ഇന്ത്യന് ടീം നാട്ടിലേക്ക് പോന്നു.

1996 ലോകകപ്പില് നാല് ജയവും രണ്ട് തോല്വിയുമായി ഇന്ത്യ സെമിയിലേക്ക് മുന്നേറി. പക്ഷേ സെമിയില് സംഭവിച്ചത് ലോകകപ്പിനെ നാണം കെടുത്തുന്ന സംഭവങ്ങള്. ശ്രീലങ്ക ആയിരുന്നു ഇന്ത്യയുടെ എതിരാളികള്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റിന് 251 റണ്സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് നവജ്യോത് സിംഗ് സിദ്ധുവിനെ ആദ്യം നഷ്ടമായി. സച്ചിന് തെണ്ടുല്ക്കറിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. ഇന്ത്യന് സ്കോര് 98ല് നില്ക്കെ 65 റണ്സെടുത്ത് സച്ചിന് പുറത്തായി. പിന്നാലെ ഇന്ത്യന് നിര ചീട്ടുകൊട്ടാരം പോലെ തകര്ന്നടിഞ്ഞു. 1ന് 98 എന്നായിരുന്ന ഇന്ത്യന് സ്കോര് 8ന് 120 എന്നാകാന് അധിക സമയം വേണ്ടി വന്നില്ല. രോക്ഷം പൂണ്ട ഇന്ത്യന് കാണികള് കുപ്പികള് സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ മത്സരം തുടരാന് കഴിഞ്ഞില്ല. ഇതോടെ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു. 10 റണ്സുമായി ക്രീസിലുണ്ടായിരുന്ന വിനോദ് കാംബ്ലി കണ്ണീരോടെ കളം വിട്ടു.

ലോകകപ്പിലെ നാലാം മത്സരത്തില് ഇന്ത്യയുടെ എതിരാളി ശ്രീലങ്ക ആയിരുന്നു. കഴിഞ്ഞ ലോകകപ്പിലെ തോല്വിയുടെ പ്രതികാരം ഇന്ത്യ ഇത്തവണ തീര്ത്തു. ഗാംഗുലിയും ദ്രാവിഡും തകര്ത്തടിച്ചു. മുരളീധരനും ചാമിന്ദ വാസും പലതവണ നിലംതൊടാതെ ഗ്രൗണ്ടിന് വെളിയിലെത്തി. ആരുടേത് കൂടുതല് മനോഹരമെന്ന് പറയാന് കഴിയാത്ത അത്ര വലിയ ഇന്നിംഗ്സ്. ഗാംഗുലി 158 പന്തില് 183 റണ്സെടുത്തു. ദ്രാവിഡ് 128 പന്തില് 145 റണ്സടിച്ചു. ഇന്ത്യ 6ന് 373 റണ്സ് കുറിച്ചു. 157 റണ്സിന് ഇന്ത്യയുടെ വിജയം.

1999ലെ ലോകകപ്പില് ഇന്ത്യന് പോരാട്ടം സൂപ്പര് സിക്സില് അവസാനിച്ചു. എട്ട് മത്സരങ്ങളില് നിന്ന് 461 റണ്സെടുത്ത ഇന്ത്യയുടെ രാഹുല് ദ്രാവിഡാണ് ലോകകപ്പില് ഏറ്റവും കൂടുതല് റണ്സെടുത്തത്. ആറ് മത്സരങ്ങളില് ദ്രാവിഡിന്റെ ബാറ്റില് നിന്ന് 50ല് അധികം റണ്സ് പിറന്നു. അതില് രണ്ട് മത്സരങ്ങളില് സ്കോര് 100ന് മുകളിലേക്ക് കടന്നു.

2000-ാമാണ്ട് ഇന്ത്യന് ക്രിക്കറ്റില് കോഴക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. താരങ്ങളുടെ ആഡംബര ജീവിതവും ക്രിക്കറ്റിലെ പണക്കൊഴുപ്പും ചര്ച്ചയായി. കൊച്ചിയില് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില് നടന്ന മത്സരം. നാടകീയത അവസാനം വരെ നീണ്ടു. മത്സരത്തിലെ സംഭവങ്ങള് പലതും മുന്കൂട്ടി എഴുതിയ തിരക്കഥയെന്ന് ആരോപിക്കപ്പെട്ടു. അന്നത്തെ ഇന്ത്യയുടെ സൂപ്പര്താരങ്ങളായ മുഹമ്മദ് അസറുദ്ദീനും അജയ് ജഡേജയും അന്വേഷണ വിധേയമായി ടീമില് നിന്ന് പുറത്തായി. വര്ഷങ്ങള്ക്ക് ശേഷം ഇരുവരും നിരപരാധികളെന്ന് വിധിക്കപ്പെട്ടു. എങ്കിലും കരിയറിന്റെ നല്ലകാലം അവസാനിച്ചിരുന്നു.

അസറുദ്ദീന് പകരം സച്ചിന് തെണ്ടുല്ക്കര് ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തി. സച്ചിന്റെയും ഇന്ത്യയുടെയും പ്രകടനം മോശമായി. യഥാര്ത്തില് ഇന്ത്യന് ക്രിക്കറ്റിന്റെ ഇന്നത്തെ പ്രതാപത്തിന്റെ തുടക്കം അവിടെ നിന്നുമായിരുന്നു. സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനായി. വിരേന്ദര് സേവാഗിനെ ഓപ്പണറാക്കിയും രാഹുല് ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയും പരീക്ഷണം നടത്തി. അനില് കുംബ്ലെയ്ക്കൊപ്പം ഇന്ത്യന് സ്പിന് നിരയിലേക്ക് ഹര്ഭജന് സിംഗിന്റെ വരവ്. സഹീര് ഖാനും അജിത്ത് അഗാര്ക്കറും ഇര്ഫാന് പഠാനും ആശിഷ് നെഹ്റയുമെല്ലാം അടങ്ങുന്ന പേസ് നിര. അണ്ടര് 19 ലോകകപ്പ് നേടിയ ഇന്ത്യന് ടീമില് നിന്ന് മുഹമ്മദ് കൈഫും യുവരാജ് സിംഗും ദേശീയ ടീമിലെത്തി. എല്ലാത്തിനും ഉപരിയായി സാക്ഷാല് സച്ചിന് തെണ്ടുല്ക്കറും. അഗ്രസീവ് ക്യാപ്റ്റന്സിയിലൂടെ ടീം ഇന്ത്യയുടെ മനോധൈര്യവും ആത്മവിശ്വാസവും ഗാംഗുലി ഉയര്ത്തി. ആരെയും വെല്ലുവിളിക്കാന് ശേഷിയുള്ള ക്രിക്കറ്റ് ശക്തിയായി ഇന്ത്യന് ടീമിനെ മാറ്റിയ കാലയളവായിരുന്നു ഗാംഗുലിയുടെ നായകകാലഘട്ടം.

2003ലെ ലോകകപ്പിന് അത്ര പ്രതീക്ഷയോടെയല്ല ഇന്ത്യ വണ്ടി കയറിയത്. ആദ്യ മത്സരത്തില് നെതര്ലാന്റ്സിനെതിരെ ബാറ്റിങ് നിരയുടെ മോശം പ്രകടനം. എങ്കിലും മത്സരം ജയിച്ചു. രണ്ടാം മത്സരത്തില് ഓസ്ട്രേലിയയോട് നാണം കെട്ട തോല്വി. സൗരവ് ഗാംഗുലിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. സിംബാവവെയ്ക്കെതിരായ മത്സരത്തില് തിരിച്ചുവരവ്. നമീബീയയ്ക്കെതിരെയും ഇന്ത്യയ്ക്ക് ജയം. അടുത്ത മത്സരത്തില് ഇംഗ്ലണ്ടിനെ തോല്പ്പിച്ചതോടെ ഇന്ത്യയെ ശ്രദ്ധിച്ചുതുടങ്ങി. പാക്കിസ്ഥാനെയും നെതര്ലാന്റ്സിനെയും തോല്പ്പിച്ച് ആധികാരികമായി സൂപ്പര് സിക്സില്. ന്യൂസിലാന്റിനെയും ശ്രീലങ്കയെയും തോല്പ്പിച്ച് സെമിയിലേക്ക്. കെനിയയെ തോല്പ്പിച്ച് കലാശപ്പോരിന്. പക്ഷേ അവസാന നിമിഷം ഗാംഗുലിയുടെ തന്ത്രങ്ങള് പിഴച്ചു. ഇന്ത്യന് ക്രിക്കറ്റ് എക്കാലവും മറക്കാന് ആഗ്രഹിക്കുന്ന ഫൈനല് ആയിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മത്സരം. ഡാമിയൻ മാർട്ടിനും റിക്കി പോണ്ടിങും തകർത്തടിച്ചു. ഓസ്ട്രേലിയ 2ന് 359. ഗ്ലെൻ മഗ്രാത്തിന്റെ കൃത്യതയിൽ കുടങ്ങി ഇന്ത്യ 234ന് എല്ലാവരും പുറത്ത്.

2000ത്തില് ഇന്ത്യന് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ന്യൂസിലാന്ഡ് ഇതിഹാസം ജോണ് റൈറ്റിന്റെ കീഴിലായിരുന്നു ഈ നേട്ടങ്ങളെല്ലാം ഉണ്ടായത്. എന്നാല് 2005 ല് റൈറ്റ് ഇന്ത്യന് പരിശീലക സ്ഥാനം ഉപേക്ഷിച്ചത് വേദനയോടെ ആയിരുന്നു. ഇന്ത്യന് താരങ്ങളുമായി ഉണ്ടായ പടലപിണക്കങ്ങള് ഡ്രസ്സിംഗ് റൂമിന് വെളിയിലെത്തി. പരിശീലക സ്ഥാനം ഏറ്റെടുത്ത ഗ്രെയിഗ് ചാപ്പലും ഇന്ത്യന് താരങ്ങളുമായി ചേര്ന്ന് പോയില്ല. ആദ്യ ഇര സൗരവ് ഗാംഗുലി ആയിരുന്നു. നായക സ്ഥാനം നഷ്ടമായി. പിന്നാലെ ടീമില് നിന്നും പുറത്തായി. ഒരു വര്ഷത്തിന് ശേഷം ഗാംഗുലി ടീമില് മടങ്ങിയെത്തി.

2007ല് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമ്പോള് ഇന്ത്യയ്ക്ക് പ്രതീക്ഷകള് ഏറെ ആയിരുന്നു. കരീബിയന് മണ്ണില് കപ്പടിക്കുന്ന ടീം ഇന്ത്യയെന്ന് പ്രവചിക്കപ്പെട്ടു. പക്ഷേ പ്രവചനങ്ങള് തെറ്റിപ്പോയി. ആദ്യ മത്സരത്തില് ക്രിക്കറ്റിലെ കുഞ്ഞന്മാരായ ബംഗ്ലാദേശിനോട് ഇന്ത്യയുടെ വമ്പന്നിര തോല്വി വഴങ്ങി. രണ്ടാം മത്സരത്തില് ബര്മുഡയോട് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം. നിര്ണായകമായ മൂന്നാം മത്സരത്തില് തോറ്റ് നാട്ടിലേക്ക് തിരിച്ചെത്തി. താന് ഇഷ്ടപ്പെട്ട ടീമിനെ ലഭിച്ചില്ലെന്ന് ഗ്രെയ്ഗ് ചാപ്പല് പരാതി പറഞ്ഞു. പിന്നാലെ പരിശീലക സ്ഥാനം നഷ്ടമായി. നായകസ്ഥാനം ഒഴിയാന് രാഹുല് ദ്രാവിഡ് തയ്യാറായില്ല. ആറ് മാസത്തിന് ശേഷം അപ്രതീക്ഷിതമായി ദ്രാവിഡ് നായകസ്ഥാനം വലിച്ചെറിഞ്ഞു.

2007 ഇന്ത്യയ്ക്ക് സന്തോഷത്തിന്റെ കൂടി വര്ഷമായിരുന്നു. കരീബിയന് മണ്ണിലെ തോല്വിക്ക് ശേഷം മറ്റൊരു ലോകകപ്പ് വന്നു. ആദ്യ ട്വന്റി 20 ലോകകപ്പ്. മുതിര്ന്ന താരങ്ങളായ സച്ചിനും ദ്രാവിഡും ഗാംഗുലിയും ലോകകപ്പില് നിന്ന് പിന്മാറി. മഹേന്ദ്ര സിംഗ് ധോണിയെ നായകനാക്കി പുതിയ ടീമിനെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. ബിസിസിഐക്ക് പോലും ഇന്ത്യന് ടീമില് പ്രതീക്ഷ ഉണ്ടായിരുന്നില്ല. ധോണിയെന്ന നായകന്റെ ഉദയം ദക്ഷിണാഫ്രിക്കയില് കണ്ടു. ഫൈനലില് പാകിസ്താനെ അഞ്ച് റണ്സിന് തോല്പ്പിച്ച് ഇന്ത്യ പ്രഥമ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി.

ലോകവിജയവുമായി നാട്ടിലെത്തിയ ധോണി ഇന്ത്യന് ടീമിന്റെ ക്യാപ്റ്റനായി. മുതിര്ന്ന താരങ്ങളെ ഒഴിവാക്കി യുവനിരയെ ധോണി ടീമിലെത്തിച്ചു. ഇതിന്റെ ഫലം കിട്ടിയത് നാല് വര്ഷങ്ങള്ക്ക് ശേഷമാണ്. ധോണി വളര്ത്തിയെടുത്ത യുവനിര 2011ല് ലോകകപ്പ് സ്വന്തമാക്കി. വിരേന്ദര് സേവാഗ്, സച്ചിന് തെണ്ടുല്ക്കര്, യുവരാജ് സിംഗ്, വിരാട് കോഹ്ലി, സഹീര് ഖാന്, ഹര്ഭജന് സിംഗ് തുടങ്ങിയ താരങ്ങള് ആ ടീമിലുണ്ടായിരുന്നു. 28 വര്ഷത്തിന് ശേഷം ഇന്ത്യയുടെ ലോകവിജയം.

2012 അവസാനത്തോടെ ഇന്ത്യന് ടീമില് മറ്റ് ചില അഴിച്ചുപണികളും ധോണി നടത്തി. മുതിര്ന്ന താരങ്ങളെ ഒഴിവാക്കി വീണ്ടും യുവതാരങ്ങളെ ടീമിലെത്തിച്ചു. 2013ല് ചാമ്പ്യന്സ് ട്രോഫി ജയിച്ച് തന്റെ തീരുമാനം ശരിയെന്ന് ധോണി തെളിയിച്ചു. 2015ലെ ലോകകപ്പില് ലോകചാമ്പ്യന്മാര്ക്കൊത്ത മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ഒരു മത്സരം പോലും തോല്ക്കാതെ സെമിയിലേക്ക്. പക്ഷേ സെമിയില് ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായി. 2019ല് ഇംഗ്ലണ്ടിനോട് തോറ്റതൊഴിച്ചാല് ആധികാരികമായി ഇന്ത്യ സെമിയിലെത്തി. പക്ഷേ ന്യൂസിലാന്ഡിനോട് തോറ്റ് ലോകകപ്പിന് പുറത്തായി.

കിരീട ദാരിദ്രം അവസാനിപ്പിക്കാന് ഇന്ത്യ സ്വന്തം മണ്ണില് അഭിമാനപോരാട്ടത്തിന് ഇറങ്ങുകയാണ്. ഒക്ടോബര് 8ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരം. രോഹിത് ശര്മ്മയാണ് നായകന്. വിരാട് കോഹ്ലിയും ശുബ്മാന് ഗില്ലും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയുമെല്ലാം ടീമിലുണ്ട്. ഇന്ത്യ ലോകകപ്പ് നേടുന്നതും ത്രിവര്ണ പതാക ഉയരുന്നതും കാണാന് 140 കോടി ജനങ്ങള് കാത്തിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us