കൊളംബോ: 23 വർഷങ്ങൾക്ക് മുൻപ് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്തെറിഞ്ഞ, നാണംകെടുത്തിയ ശ്രീലങ്കയോടുള്ള പകരം വീട്ടലായിരുന്നു 2023ലെ ഏഷ്യാ കപ്പ് ഫൈനൽ. അന്ന് തലകുനിച്ച് മൈതാനം വിട്ട ഗാംഗുലിയുടെയും സച്ചിന്റെയും കാംബ്ലിയുടേയും മുഖം ഇന്ത്യ മറന്നിട്ടില്ല. ആ തോൽവി നല്കിയ വേദനക്കുള്ള മറുപടി ഇന്ന് പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ കണക്കുതീർത്ത് നൽകി. വിജയത്തിന് ചുക്കാൻ പിടിച്ചത് മുഹമ്മദ് സിറാജെന്ന യുവ പ്രതിഭ. ഇന്ത്യയുടെ സ്വന്തം ഹീറോ..
ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഏഴ് ഓവര് പന്തെറിഞ്ഞ സിറാജ് വെറും 21 റണ്സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തു. മത്സരത്തിന്റെ നാലാം ഓവറില് നാല് വിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് കനത്ത പ്രഹരമാണ് സിറാജ് ഏല്പ്പിച്ചത്. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഇന്ത്യന് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ലങ്കയെ വെറും 50 റണ്സിന് ചുരുട്ടിക്കെട്ടിയ മത്സരത്തില് സിറാജ് ഒരുപിടി റെക്കോര്ഡുകളും പോക്കറ്റിലാക്കി. ഏകദിനത്തില് ഏറ്റവും വേഗത്തില് അഞ്ച് വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്ഡ് ഇനി സിറാജിന്റെ പേരിലായിരിക്കും. 16 പന്തുകള്ക്കിടെയാണ് സിറാജ് അഞ്ചുവിക്കറ്റ് സ്വന്തമാക്കിയത്. ഏകദിനത്തില് ഒരു ഓവറില് നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന് ബൗളറെന്ന നേട്ടവും ഇതിനോടൊപ്പമെത്തി.
ഏകദിനത്തില് 50 വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് താരം ഈ നേട്ടത്തിലെത്തിച്ചേര്ന്നത്. കുറഞ്ഞ മത്സരങ്ങളില് 50 വിക്കറ്റുകള് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന് ബൗളര് കൂടിയാണ് സിറാജ്. അതോടൊപ്പം ഏകദിനത്തില് ഏറ്റവും കുറഞ്ഞ പന്തുകള്ക്കുള്ളില് 50 വിക്കറ്റുകള് തികയ്ക്കുന്ന രണ്ടാമത്തെ താരവും സിറാജാണ്. 1002 പന്തുകളില് നിന്നാണ് താരം 50 ഏകദിന വിക്കറ്റുകള് സ്വന്തമാക്കിയത്. 847 പന്തുകളില് നിന്ന് 50 ഏകദിന വിക്കറ്റുകള് തികച്ച മുന് ലങ്കന് താരം അജന്ത മെന്ഡിസാണ് ഈ റെക്കോര്ഡില് ഒന്നാമന്.
ഇന്നത്തെ മത്സരത്തിൽ ആദ്യ ഓവറിലെ മൂന്നാം പന്തില് കുശാല് പെരേരയുടെ വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുമ്രയാണ് ആതിഥേയരുടെ തകര്ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്ന്ന് അഞ്ച് വിക്കറ്റുകള് നേടി സിറാജ് ലങ്കയുടെ ഹൃദയം തകര്ത്തു. മൂന്നാം ഓവറിലെ ആദ്യ പന്തില് പതും നിസ്സങ്ക (2), മൂന്നാം പന്തില് സധീര സമരവിക്രമ (0), നാലാം പന്തില് ചരിത് അസലങ്ക (0), ആറാം പന്തില് ധനഞ്ജയ ഡി സില് (4) എന്നിങ്ങനെ ലങ്കയുടെ മുന്നിര ബാറ്റര്മാര്ക്കെല്ലാം സിറാജിന് മുന്നില് മുട്ടുമടക്കേണ്ടി വന്നു. ആറാം ഓവറില് ലങ്കന് ക്യാപ്റ്റന് ദസുന് ശനകയെയും (0) 12-ാം ഓവറില് കുശാല് മെന്ഡിസിനെയും (17) ലങ്കന് ക്യാംപിലേക്ക് മടക്കിയയച്ചാണ് സിറാജ് തന്റെ വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്.