ഇസ്ലാമബാദ്: ഏഷ്യാ കപ്പിൽ ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോർട്ട്. സൂപ്പർ ഫോറിൽ ഒരു മത്സരം മാത്രം ജയിച്ച പാകിസ്താൻ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പാകിസ്താൻ മാധ്യമമായ ബോൾന്യൂസ് റിപ്പോർട്ട് പ്രകാരം ഡ്രസിങ് റൂമിലെത്തിയ പാക് താരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. നായകൻ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിലാണ് തർക്കമുണ്ടായത്. മറ്റൊരു താരമായ മുഹമ്മദ് റിസ്വാനാണ് താരങ്ങളുടെ തർക്കം അവസാനിപ്പിച്ചത്.
റിപ്പോർട്ട് പ്രകാരം പാക് ടീമിലെ സീനിയർ താരങ്ങളുടെ പ്രകടനം മോശമായിരുന്നുവെന്ന് അസം പറഞ്ഞു. താരങ്ങൾ പ്രകടനം നന്നാക്കണമെന്നും അസം ആവശ്യപ്പെട്ടു. നന്നായി ബാറ്റിങ്ങും ബൗളിങ്ങും ചെയ്ത താരങ്ങളെ പ്രശംസിച്ചുകൂടെയെന്ന് ഷഹീൻ ഷാ അഫ്രീദി തിരിച്ചുചോദിച്ചു. പാക് പേസറുടെ വാക്കുകൾ അസമിനെ പ്രകോപിപ്പിച്ചു. അഫ്രീദിക്ക് ആരാണ് നന്നായി കളിക്കുന്നതെന്നും മോശം പ്രകടനം നടത്തുന്നതെന്ന് അറിയാമെന്നും ബാബർ പറഞ്ഞു. ഇതോടെയാണ് താരങ്ങൾ തമ്മിൽ തർക്കമായത്. സാഹചര്യങ്ങൾ കൈവിട്ടുപോകുന്നത് കണ്ടതോടെയാണ് റിസ്വാനും പരിശീലകൻ ഗ്രാന്റ് ബ്രാഡ്ബേണും ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകായിരുന്നു.
സംഭവം അന്വേഷിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ സാക്കാ അഷറഫ് കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പാക് താരങ്ങളുടെ പ്രകടനം വിലയിരുത്തുവാനും സമിതിക്ക് ഉത്തരവാദിത്തമുണ്ട്. നേപ്പാളിനെ തോൽപ്പിച്ച് ഏഷ്യാ കപ്പിൽ മികച്ച തുടക്കമാണ് പാകിസ്താന് ലഭിച്ചത്. ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരം മഴമുടക്കി. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചായിരുന്നു തുടക്കം. ഇന്ത്യയോട് വലിയ തോൽവി വഴങ്ങിയതോടെ ശ്രീലങ്കയ്ക്കെതിരായ മത്സരം നിർണായകമായി. എന്നാൽ അവസാന മത്സരം തോറ്റ് പാകിസ്താൻ ഏഷ്യാ കപ്പിന് പുറത്താകുകയായിരുന്നു.