കേരളത്തിന്റെ പൊന്തിളക്കം; ടീമിന്റെ ഭാഗമായതില് തന്നെ സന്തോഷമുണ്ടെന്ന് മിന്നു മണി

'സെമിയിലും ഫൈനലിലും കളിക്കാനാവാത്തതില് നിരാശയില്ല'

dot image

ഹാങ്ചൗ: ഏഷ്യന് ഗെയിംസിലെ ഇന്ത്യന് വനിതകളുടെ സ്വര്ണ നേട്ടത്തിന് ഒരു മലയാളിത്തിളക്കമുണ്ട്, മാനന്തവാടിക്കാരി മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം ഏഷ്യന് ഗെയിംസില് സ്വര്ണമണിഞ്ഞാണ് മിന്നു മലയാളികളുടെ അഭിമാനം ഉയര്ത്തിയത്. ഹാങ്ചൗ ഏഷ്യന് ഗെയിംസില് സ്വര്ണം നേടുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയും ഇതോടെ മിന്നുവിനെ തേടിയെത്തി.

മെഡല് നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിന്നു മണി. ശ്രീലങ്കക്കെതിരായ ഫൈനലില് ഗ്രൗണ്ടിലിറങ്ങാന് സാധിച്ചില്ലെങ്കിലും മെഡല് നേടാന് കഴിഞ്ഞതില് അഭിമാനമുണ്ടെന്നാണ് മിന്നു പറഞ്ഞത്. 'ടീമിന് സ്വര്ണം നേടാന് സാധിച്ചതില് വളരെ സന്തോഷമുണ്ട്. കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചത്. ഏഷ്യന് ഗെയിംസ് ക്രിക്കറ്റില് സ്വര്ണം നേടണമെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു, അത് സാധിച്ചു. സെമിയിലും ഫൈനലിലും കളിക്കാനാവാത്തതില് നിരാശയില്ല. കാരണം നമ്മള് ടീമിന്റെ ഭാഗം തന്നെയാണ്. മറ്റു താരങ്ങള് ഗ്രൗണ്ടില് ഇറങ്ങി കളിക്കുന്നത് ഞങ്ങളുടെ കൂടി സഹായത്തോടെയാണ് . ടീമിന്റെ ഭാഗമായതില് തന്നെ സന്തോഷമുണ്ട്', മിന്നു മണി പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഏഷ്യന് ഗെയിംസിനുള്ള ടീമില് മിന്നുവിന് സ്ഥാനം നേടിക്കൊടുത്തത്. സെമിയിലും ഫൈനലിലും മിന്നുവിന് ഗ്രൗണ്ടിലിറങ്ങാന് സാധിച്ചിരുന്നില്ല. മലേഷ്യക്കെതിരായ ക്വാര്ട്ടറില് മാത്രമാണ് താരത്തിന് കളിക്കാന് കഴിഞ്ഞത്. അന്നു പക്ഷേ താരത്തിന് ബൗളിങ്ങിനും ബാറ്റിങ്ങിനും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന് ബാറ്റിങ്ങിന് പിന്നാലെ മഴ കളി മുടക്കുകയായിരുന്നു. പിന്നീട് റാങ്കിങ്ങിന്റെ അടിസ്ഥാനത്തില് ഇന്ത്യ സെമി പ്രവേശനം നേടുകയായിരുന്നു.

തിങ്കളാഴ്ച നടന്ന ഫൈനലില് ലങ്കയെ 19 റണ്സിന്റെ തകര്പ്പന് വിജയമാണ് ഇന്ത്യന് വനിതകള് സ്വന്തമാക്കിയത്. ഇതോടെ ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ സ്വര്ണ നേട്ടം രണ്ടായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 116 റണ്സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 97 റണ്സ് മാത്രമാണ് നേടാനായത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image