ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സുവർണ നേട്ടം. ഫൈനൽ മത്സരം മഴയെടുത്തതോടെ ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ വിജയികളായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ 5 വിക്കറ്റിന് 112 റൺസെടുത്തു. ശക്തമായ മഴയിൽ അഞ്ച് ഓവറായി ചുരുക്കി മത്സരം നടത്താൻ പോലും കഴിഞ്ഞില്ല. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വനിതകൾക്ക് ശേഷം പുരുഷന്മാരും സുവർണ നേട്ടം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി.
അഫ്ഗാനിസ്ഥാന് വേണ്ടി ഷാഹിദുള്ള കമൽ പുറത്താകാതെ 49 റൺസ് നേടി. ക്യാപ്റ്റൻ ഗുൽബദീൻ നയീബിനൊപ്പം അഫ്ഗാൻ മികച്ച സ്കോറിലേക്ക് നീങ്ങവെയാണ് മഴ വില്ലനായെത്തിയത്. മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. ആദ്യത്തെ മൂന്ന് ഓവറിനുള്ളില് മൂന്ന് വിക്കറ്റുകള് അഫ്ഗാന് നഷ്ടമായി. ഓപ്പണര്മാരായ സുബൈദ് അഖ്ബാറി (5), മൊഹമ്മദ് ഷഹ്സാദ് (4), വണ് ഡൗണായി ഇറങ്ങിയ നൂര് അലി (1) എന്നിവരുടെ വിക്കറ്റാണ് ആദ്യം വീണത്. ഇതോടെ മൂന്നാം ഓവറിലെ രണ്ടാം പന്തില് 12 റണ്സിന് മൂന്ന് വിക്കറ്റെന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന് ഒതുങ്ങി.
ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ അഞ്ചിന് 52 എന്ന നിലയിൽ തകർന്നിരുന്നു. ആറാം വിക്കറ്റിലാണ് ഷാഹിദുള്ള-നയീബ് കൂട്ടുകെട്ട് അഫ്ഗാനെ മികച്ച സ്കോറിലേക്ക് നീക്കിയത്. നയീബ് പുറത്താകാതെ 27 റൺസെടുത്തു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 102-ാം മെഡലാണിത്. 27 സ്വർണവും 35 വെള്ളിയും 40 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം നേടി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക