ഹൈദരാബാദ്: ഏകദിന ലോകകപ്പില് നെതര്ലന്ഡ്സിനെതിരെ ന്യൂസിലന്ഡിന് കൂറ്റന് സ്കോര്. കിവീസിന്റെ മുന്നിരയും വാലറ്റവും തകര്ത്തടിച്ച മത്സരത്തില് ഡച്ച് പടയ്ക്ക് വിജയിക്കണമെങ്കില് 323 റണ്സ് നേടണം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്ഡ് നിശ്ചിത 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 322 റണ്സ് നേടി. ഓപ്പണര് വില് യങ്ങ് (70), രച്ചിന് രവീന്ദ്ര (51), ക്യാപ്റ്റന് ടോം ലാഥം (53) എന്നിവരുടെ അര്ധ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ഹിമാലയന് സ്കോര് നേടിയത്. നെതര്ലന്ഡ്സിന് വേണ്ടി ആര്യന് ദത്ത്, പോള് വാന് മീകെരന്, റോള്ഫ് വാന് ഡെര് മെര്വെ എന്നിവര് രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കമാണ് ഡെവോണ് കോണ്വേയും വില് യങ്ങും ചേര്ന്ന ഓപ്പണിങ് സഖ്യമൊരുക്കിയത്. പവര്പ്ലേയില് വിക്കറ്റുകളൊന്നും നഷ്ടപ്പെട്ടില്ല. 12-ാം ഓവറിലെ ആദ്യ പന്തിലാണ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണര് ഡെവോണ് കോണ്വേയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. 40 പന്തില് നിന്ന് ഒരു സിക്സും അഞ്ച് ബൗണ്ടറിയുമടക്കം 32 റണ്സെടുത്ത് നില്ക്കുന്ന കോണ്വേയെ റോള്ഫ് വാന് ഡെര് മെര്വെ ബാസ് ഡീ ലീഡെയുടെ കൈകളിലെത്തിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയത് രച്ചിന് രവീന്ദ്ര. 26-ാം ഓവറിലെ ആദ്യ പന്തിലാണ് ന്യൂസിലന്ഡിന്റെ രണ്ടാം വിക്കറ്റ് നഷ്ടമാവുന്നത്. ഓപ്പണര് വില് യങ്ങായിരുന്നു രണ്ടാമത് മടങ്ങിയത്. 80 പന്തില് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 70 റണ്സ് നേടിയ യങ്ങിനെ പോള് വാന് മികെരന് പുറത്താക്കി. ഇത്തവണയും ക്യാച്ച് ബാസ് ഡീ ലീഡെയ്ക്കായിരുന്നു.
വണ് ഡൗണായി ഇറങ്ങിയ രച്ചിന് രവീന്ദ്രയും തകര്ത്തടിച്ചു. 32-ാം ഓവറില് രവീന്ദ്ര പുറത്താവുമ്പോള് ടീം സ്കോര് 185 കടന്നിട്ടുണ്ടായിരുന്നു. അര്ധ സെഞ്ച്വറി തികച്ചതിന്റെ പിന്നാലെയായിരുന്നു രവീന്ദ്ര പുറത്തായത്. 51 പന്തില് 51 റണ്സ് നേടിയ രവീന്ദ്രയെ റോള്ഫ് വാന് ഡെര് മെര്വെയാണ് കൂടാരം കയറ്റിയത്. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന് ലാഥമും ഡാരില് മിച്ചലും ഡച്ച് ബൗളര്മാരെ തലങ്ങും വിലങ്ങും പായിച്ചു. അര്ധ സെഞ്ച്വറി നേടാന് രണ്ട് റണ്സ് ബാക്കിയുള്ളപ്പോഴാണ് മിച്ചലിനെ പോള് വാന് മികെരന് പുറത്താക്കിയത്. പിന്നീട് ഇറങ്ങിയ ഗ്ലെന് ഫിലിപ്സും (4) മാര്ക്ക് ചാപ്മാനും (5) നിരാശപ്പെടുത്തി. അര്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ക്യാപ്റ്റന് ലഥാമും മടങ്ങി. വാലറ്റത്ത് ഒരുമിച്ച മിച്ചല് സാന്റ്നര്-മാറ്റ് ഹെന്റി സഖ്യമാണ് കിവീസിനെ 300 കടത്തിയത്. 17 പന്തില് 36 റണ്സ് നേടിയ സാന്റ്നറും നാല് പന്തില് പത്ത് റണ്സ് നേടിയ മാറ്റ് ഹെന്റിയും പുറത്താകാതെ നിന്നു. നെതര്ലന്ഡ്സിന് വിജയിക്കാന് 323 റണ്സ് ലക്ഷ്യം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക