ദ ഫ്ലൈയിങ് കിവിസ്; ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്തു

78 റൺസെടുത്ത കെയ്ൻ വില്യംസൺ പരിക്കേറ്റ് റിട്ടയർ ഹർട്ട് ചെയ്തു

dot image

ചെന്നൈ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ന്യൂസീലൻഡിന് മൂന്നാം ജയം. എട്ട് വിക്കറ്റിന്റെ വിജയമാണ് ബ്ലാക്ക്കാപ്സ് നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ 246 എന്ന ലക്ഷ്യം 42.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലൻഡ് അടിച്ചെടുത്തു. മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ടീം ബൗളിങ് ആണ് തിരഞ്ഞെടുത്തത്. ആദ്യ ബോളിൽ ലിട്ടൺ ദാസിനെ പൂജ്യനാക്കി ട്രെന്റ് ബോൾട്ട് ആഞ്ഞടിച്ചു. തൻസീദ് ഹസ്സനും മെഹിദി ഹസ്സനും ഇരുവരും അൽപ്പസമയം പിടിച്ചുനിന്ന ശേഷം മടങ്ങി. തൻസീദ് 16ഉം മെഹിദി 30ഉം റൺസെടുത്തു. 1ന് 40 എന്ന നിലയിൽ നിന്ന് 4ന് 56ലേക്ക് കടുവകൾ നിലംപതിച്ചു.

അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കർ റഹീം സ്കോർബോർഡ് ഉയർത്തി. ക്യാപ്റ്റൻ ഷക്കീബ് അൽ ഹസ്സൻ പിന്തുണ നൽകി. ഇരുവരും ചേർന്ന് നേടിയത് 96 റൺസ്. നായകൻ ഷക്കീബ് 40 റൺസെടുത്ത് പുറത്തായി. പിന്നാലെ 66 റൺസെടുത്ത് മുഷ്ഫിക്കറും പവലിയനിലേക്ക് മടങ്ങി. എട്ടാമനായി ക്രീസിലെത്തി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മഹമ്മദുള്ളാ സ്കോർ 200 കടത്തി. 41 റൺസെടുത്ത മഹമ്മദുള്ള പുറത്താകാതെ നിന്നു.

മറുപടി പറഞ്ഞ ന്യൂസീലൻഡ് മെല്ലെയാണ് തുടങ്ങിയത്. രചിൻ രവീന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ കിവിസിന് നഷ്ടമായി. പിന്നീട് വിക്കറ്റ് കളയാതിരിക്കാൻ കിവികൾ നന്നായി ശ്രമിച്ചു. 59 പന്തിൽ 45 റൺസെടുത്ത ഡെവോൺ കോൺവേയുടെ ഇന്നിംഗ്സിൽ മൂന്ന് ഫോർ മാത്രമാണുണ്ടായിരുന്നത്. ന്യൂസീലൻഡ് സ്കോർ 92 റൺസിൽ നിൽക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. അപ്പോഴേയ്ക്കും കിവിസ് 20.1 ഓവർ ബാറ്റ് ചെയ്തിരുന്നു.

78 റൺസെടുത്ത കെയ്ൻ വില്യംസൺ പരിക്കേറ്റ് റിട്ടയർ ഹർട്ട് ചെയ്തു. ഡാരൽ മിച്ചൽ 89 റൺസെടുത്ത് പുറത്താകാതെ നിന്നു. ഗ്ലെൻ ഫിലിപ്സ് 11 റൺസുമായി തന്റെ സംഭാവനയും നൽകി. മൂന്ന് മത്സരങ്ങളും ജയിച്ച കിവിസ് ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഒരു ജയം മാത്രമുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us