ഡൽഹി: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോർ ഉയർത്തി അഫ്ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 49.5 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ഇംഗ്ലണ്ടിന്റേത് ബൗളിങ്ങ് തിരഞ്ഞെടുക്കാനുള്ള തീരുമാനമായിരുന്നു. പക്ഷേ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറെ അഫ്ഗാൻ ഓപ്പണർമാർ ഞെട്ടിച്ചു. റഹ്മാനുള്ള ഗുർബാസായിരുന്നു കൂടുതൽ അപകടകാരി. ക്രിസ് വോക്സും മാർക് വുഡും സാം കുറാനും റീസ് ടോപ്ലിയുമെല്ലാം ഗ്രൗണ്ടിന്റെ അതിർത്തികളിലേക്ക് പാഞ്ഞു.
ആദ്യ വിക്കറ്റിൽ അഫ്ഗാൻ ഓപ്പണർമാർ നേടിയത് 116 റൺസാണ്. 48 പന്തിൽ 28 റൺസുമായി ഇബ്രാഹിം സദ്രാൻ പുറത്തായി. പിന്നാലെ ഡഗ് ഔട്ടിലേക്ക് ഘോഷയാത്ര തുടങ്ങി. റഹ്മത്ത് ഷാ മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായി. ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ റൺഔട്ടായിരുന്നു അഫ്ഗാന് വലിയ തിരിച്ചടിയായത്. ക്യാപ്റ്റൻ ഹസ്മത്തുള്ളാഹ് ഷാഹിദിയുടെ ഇല്ലാത്ത റൺസിനായുള്ള ക്ഷണമാണ് ഗുർബാസിനെ റൺഔട്ടാക്കിയത്. 57 പന്ത് മാത്രം നേരിട്ട് 80 റൺസെടുത്ത ഗുർബാസ് പുറത്തായതിന് പിന്നാലെ അഫ്ഗാന്റെ റൺറേറ്റ് താഴാൻ തുടങ്ങി.
ആറാമനായി ഇറങ്ങി അർദ്ധ സെഞ്ചുറി നേടിയ ഇക്രം അലിഖിൽ അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 23 റൺസുമായി റാഷിദ് ഖാനും 28 റൺസുമായി മുജീബ് റഹ്മാനും പിന്തുണ നൽകി. ഇംഗ്ലീഷ് നിരയിൽ ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. മാർക് വുഡ് രണ്ടും രണ്ടും ടോപ്ലിയും ജോ റൂട്ടും ലിവിങ്സ്റ്റോണും ഓരോ വിക്കറ്റും വീഴ്ത്തി.