ഡൽഹി: ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. 69 റൺസിന്റെ വിജയമാണ് ലോകചാമ്പ്യന്മാർക്കെതിരെ അഫ്ഗാനിസ്ഥാൻ നേടിയത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. മുമ്പ് 2015 ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്ഗാന്റെ ഇതിന് മുമ്പുള്ള ഏക വിജയം.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറെ അഫ്ഗാൻ ഓപ്പണർമാർ ഞെട്ടിച്ചു. റഹ്മാനുള്ള ഗുർബാസ് അടിച്ചുതകർത്തു. ഇബ്രാഹിം സദ്രാൻ പിന്തുണ നൽകി. ക്രിസ് വോക്സും മാർക് വുഡും സാം കുറാനും റീസ് ടോപ്ലിയുമെല്ലാം ഗ്രൗണ്ടിന്റെ അതിർത്തികളിലേക്ക് പാഞ്ഞു.
ആദ്യ വിക്കറ്റിൽ അഫ്ഗാൻ ഓപ്പണർമാർ 116 റൺസ് കൂട്ടിച്ചേർത്തു. 48 പന്തിൽ 28 റൺസെടുത്ത ഇബ്രാഹിം സദ്രാനെ ആദിൽ റഷീദ് മടക്കി. പിന്നാലെ ഡഗ് ഔട്ടിലേക്ക് ഘോഷയാത്ര തുടങ്ങി. റഹ്മത്ത് ഷാ മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായി. റഹ്മാനുള്ള ഗുർബാസിന്റെ റൺഔട്ടായിരുന്നു അഫ്ഗാന് വലിയ തിരിച്ചടിയായത്. ക്യാപ്റ്റൻ ഹസ്മത്തുള്ളാഹ് ഷാഹിദിയുടെ ഇല്ലാത്ത റൺസിനായുള്ള ക്ഷണമാണ് ഗുർബാസിനെ റൺഔട്ടാക്കിയത്. 57 പന്ത് മാത്രം നേരിട്ട് 80 റൺസെടുത്ത ഗുർബാസ് പുറത്തായതിന് പിന്നാലെ അഫ്ഗാന്റെ റൺറേറ്റ് താഴാൻ തുടങ്ങി.
ആറാമനായി ഇറങ്ങി അർദ്ധ സെഞ്ചുറി നേടിയ ഇക്രം അലിഖിൽ അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 23 റൺസുമായി റാഷിദ് ഖാനും 28 റൺസുമായി മുജീബ് റഹ്മാനും മികച്ച പിന്തുണ നൽകി. ഇംഗ്ലീഷ് നിരയിൽ ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. മാർക് വുഡ് രണ്ടും രണ്ടും ടോപ്ലിയും ജോ റൂട്ടും ലിവിങ്സ്റ്റോണും ഓരോ വിക്കറ്റും വീഴ്ത്തി. 49.5 ഓവറിൽ 10 വിക്കറ്റും നഷ്ടപ്പെടുമ്പോൾ അഫ്ഗാനിസ്ഥാൻ 284 റൺസെന്ന മാന്യമായ സ്കോറിലെത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് മുൻനിര കൃത്യമായ ഇടവേളകളിൽ വിക്കറ്റ് തുലച്ചു. രണ്ട് റൺസെടുത്ത ജോണി ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കി ഫസൽഹഖ് ഫാറൂഖി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ജോ റൂട്ടിനെ സ്പിന്നർ മുജീബ് ഉര് റഹ്മാന് ക്ലീൻ ബൗൾഡാക്കി. 11 റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. നന്നായി കളിച്ചുവന്ന ഡേവിഡ് മലാന്റെ വിക്കറ്റ് മുഹമ്മദ് നബി സ്വന്തമാക്കി. മലാൻ 32 റൺസെടുത്തു. ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറുടെ മിഡിൽ സ്റ്റംമ്പെടുത്ത് നവീൻ ഉൾ ഹഖ് വീണ്ടും ആഞ്ഞടിച്ചു. ഒമ്പത് റൺസായിരുന്നു ബട്ലർ നേടിയത്. ലയാം ലിവിങ്സ്റ്റോണെ സ്പിന്നർ റാഷീദ് ഖാൻ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീണു. 10 റൺസ് മാത്രമാണ് ലിവിങ്സ്റ്റോണിന് നേടാനായത്.
അർദ്ധ സെഞ്ചുറിയുമായി പൊരുതിയ ഹാരി ബ്രൂക്ക് പ്രതീക്ഷ നൽകി. അതിനിടെ മറുവശത്ത് സാം കുറാനും ക്രിസ് വോക്സും പുറത്തായി. കുറാൻ 10 റൺസെടുത്ത് മുഹമ്മദ് നബിക്ക് വിക്കറ്റ് നൽകി. 26 പന്തിൽ ഒമ്പത് റൺസെടുത്ത ക്രിസ് വോക്സിനെ മുജീബ് ഉര് റഹ്മാന് പുറത്താക്കി. 66 റൺസെടുത്ത ഹാരി ബ്രൂക്കും എട്ടാമനായി പുറത്തായതോടെ ലോകചാമ്പ്യന്മാർ തോൽവി മണത്തു.
ആദിൽ റഷീദിന്റെയും മാർക് വുഡിന്റെയും പോരാട്ടം അധിക സമയം നീണ്ടില്ല. അഫ്ഗാനിസ്ഥാൻ നിരയിൽ മുജീബ് ഉർ റഹ്മാനും മൂന്നും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് നബി രണ്ടും നവീൻ ഉൾ ഹഖും ഫസൽഹഖ് ഫാറൂഖിയും ഓരോ വിക്കറ്റ് വീതമെടുത്തു. 40.3 ഓവറിൽ 215 റൺസിൽ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു.