ഡൽഹി: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് അട്ടിമറി ഭയക്കുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ബാറ്റിങ് തകർച്ച നേരിടുകയാണ്. മത്സരം 26 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ്. അർദ്ധ സെഞ്ചുറി തികച്ച ഹാരി ബ്രൂക്കിലാണ് ഇംഗ്ലണ്ടിന്റെ ഇനിയുള്ള പ്രതീക്ഷ.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 284 എന്ന മാന്യമായ ടോട്ടൽ നേടാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞു. പക്ഷേ മറുപടിയിൽ ഇംഗ്ലണ്ട് മുൻനിര കൃത്യമായ ഇടവേളകളിൽ വിക്കറ്റ് തുലച്ചു. രണ്ട് റൺസെടുത്ത ജോണി ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കി ഫസൽഹഖ് ഫാറൂഖി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
ജോ റൂട്ടിനെ സ്പിന്നർ മുജീബ് ഉര് റഹ്മാന് ക്ലീൻ ബൗൾഡാക്കി. 11 റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. നന്നായി കളിച്ചുവന്ന ഡേവിഡ് മലാന്റെ വിക്കറ്റ് മുഹമ്മദ് നബി സ്വന്തമാക്കി. മലാൻ 32 റൺസെടുത്തു. ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറുടെ മിഡിൽ സ്റ്റംമ്പെടുത്ത് നവീൻ ഉൾ ഹഖ് വീണ്ടും ആഞ്ഞടിച്ചു. ഒമ്പത് റൺസായിരുന്നു ബട്ലർ നേടിയത്.
ലയാം ലിവിങ്സ്റ്റോണെ സ്പിന്നർ റാഷീദ് ഖാൻ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീണു. 10 റൺസ് മാത്രമാണ് ലിവിങ്സ്റ്റോണിന് നേടാനായത്. ഹാരി ബ്രൂക്കിന് കൂട്ടായി സാം കുറാനാണ് ക്രീസിലുള്ളത്. ഒരാൾ പുറത്തായാൽ ക്രിസ് വോക്സ് ക്രീസിലെത്തും. എന്നാൽ അതിനുശേഷമെത്തുന്നവരുടെ ബാറ്റിങ് റെക്കോർഡ് അത്ര മികച്ചതല്ല. അട്ടിമറി ഒഴിവാക്കാൻ ആറാം വിക്കറ്റിലും ഏഴാം വിക്കറ്റിലും ഇംഗ്ലണ്ട് ബാറ്റർമാർ വലിയ കൂട്ടുകെട്ട് ഉണ്ടാക്കേണ്ടതുണ്ട്.