ധരംശാല: ഏകദിന ലോകകപ്പില് ഇന്ന് ദക്ഷിണാഫ്രിക്ക നെതര്ലന്ഡ്സിനെ നേരിടും. തുടര്ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില് ഒന്നാമതെത്താനാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമയം ആഫ്രിക്കന് കരുത്തിനെ അട്ടിമറിച്ച് ആദ്യവിജയവും ആദ്യപോയിന്റും നേടാനാണ് ഡച്ച് പട ഇറങ്ങുന്നത്. ധരംശാലയിലെ ഹിമാചല് പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.
ആദ്യ രണ്ടുമത്സരങ്ങളും വിജയിച്ചതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്കയെ 102 റണ്സിനും ഓസ്ട്രേലിയയെ 134 റണ്സിനും തകര്ത്താണ് തെംബ ബാവുമയും സംഘവും ധരംശാലയില് എത്തുന്നത്. മിന്നും ഫോമിലുള്ള ഓപ്പണര് ക്വിന്റണ് ഡി കോക്കിന്റെ ഇന്നിങ്സിലാണ് ആഫ്രിക്ക സ്വപ്നം കാണുന്നത്. ഐഡന് മര്ക്രവും ബാറ്റിങ്ങില് തകര്പ്പന് പ്രകടനമാണ് കാഴ്ചവെക്കുന്നത്.
മറുവശത്ത് രണ്ടുമത്സരങ്ങളിലും വിജയം കണ്ടെത്താന് കഴിയാത്തതിന്റെ നിരാശയിലാണ് ഡച്ച് പട. പാകിസ്താനോട് 81 റണ്സിനും ന്യൂസിലന്ഡിനോട് 99 റണ്സിനായിരുന്നു സ്കോട്ട് എഡ്വേര്ഡ്സ് നയിക്കുന്ന നെതര്ലന്ഡ്സിന്റെ തോല്വി. രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിലോ ബൗളിങ്ങിലോ മികച്ച പ്രകടനം പുറത്തെടുക്കാന് താരങ്ങള്ക്ക് കഴിഞ്ഞിട്ടില്ല. ഓള്റൗണ്ടര് ബാസ് ഡി ലീഡ്സിന്റെ പ്രകടനത്തിലാണ് നെതര്ലാന്ഡ്സിന്റെ സ്വപ്നങ്ങള്.
അതേസമയം ലോകകപ്പില് അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ ദിവസം ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്ഗാന്റെ വിജയം നെതര്ലന്ഡ്സിന് ഊര്ജം പകരുമെന്നുറപ്പാണ്. കഴിഞ്ഞ വര്ഷത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച ചരിത്രവും ഓറഞ്ച് പടയ്ക്ക് ആത്മവിശ്വാസം നല്കുന്ന ഘടകമാണ്.