ചെന്നൈ: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനിസ്ഥാനെ തകർത്ത് ന്യുസിലൻഡിന് നാലാം ജയം. 149 റൺസിന്റെ തകർപ്പൻ ജയമാണ് ന്യുസിലൻഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യുസിലൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഒരു ഘട്ടത്തിൽ പോലും ന്യുസിലൻഡിന് വെല്ലുവിളി ആയില്ല. 34.4 ഓവറിൽ വെറും 139 റൺസിൽ അഫ്ഗാൻ കഥ അവസാനിച്ചു.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ കിവിസിനെ ബാറ്റിങ്ങിനയച്ചു. ഡെവോൺ കോൺവേ 20, വിൽ യങ്ങ് 54, രച്ചിൻ രവീന്ദ്ര 32, ഡാരൽ മിച്ചൽ ഒന്ന് എന്നിവർ മടങ്ങുമ്പോൾ ന്യുസിലൻഡ് നേടിയത് നാല് വിക്കറ്റിന് 110 റൺസ് മാത്രം. അഞ്ചാം വിക്കറ്റിൽ ടോം ലതാമും ഗ്ലെൻ ഫിലിപ്സും ഒന്നിച്ചതോടെ സ്കോർബോർഡ് മുന്നോട്ടുനീങ്ങി. ഇരുവരെയും പുറത്താക്കാൻ ലഭിച്ച അവസരങ്ങൾ അഫ്ഗാൻ ഫീൽഡർമാർ നഷ്ടപ്പെടുത്തി. 48-ാം ഓവറിലെ ആദ്യ പന്തിൽ ഗ്ലെൻ ഫിലിപ്സ് പുറത്താകുമ്പോൾ കിവിസ് സ്കോർ 254ൽ എത്തിയിരുന്നു. 80 പന്തിൽ നാല് വീതം ഫോറും സിക്സും സഹിതം ഫിലിപ്സ് 71 റൺസെടുത്തു. ടോം ലതാം 74 പന്തിൽ 68 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ മാർക് ചാപ്മാൻ പുറത്താകാതെ നേടിയ 25 റൺസ് കൂടിയായതോടെ കിവിസ് മികച്ച സ്കോറിലെത്തി.
മറുപടി പറഞ്ഞ അഫ്ഗാനിസ്ഥാൻ നിരുപാധികം കീഴടങ്ങി. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് കളിച്ച അഫ്ഗാന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കളത്തിൽ കണ്ടത്. അഫ്ഗാൻ ഓപ്പണർമാരെ പുറത്താക്കി ട്രെന്റ് ബോൾട്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മിച്ചൽ സാന്ററും ലോക്കി ഫെർഗൂസനും മൂന്ന് വീതം വിക്കറ്റുകൾ പങ്കിട്ടു. ഓരോ വിക്കറ്റുകൾ വീഴ്ത്തി രച്ചിൻ രവീന്ദ്രയും മാറ്റ് ഹെൻറിയും അവരുടെ സംഭാവന നൽകി. തുടർച്ചയായ നാലാം ജയത്തോടെ ന്യുസിലൻഡ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.