ചെന്നൈ: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ന്യുസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യുസിലൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ഒരു ഘട്ടത്തിൽ ന്യുസിലൻഡ് ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിപ്പിച്ചു. എന്നാൽ അഫ്ഗാൻ താരങ്ങളുടെ കൈകൾ ചോർന്നപ്പോൾ കിവിസ് മികച്ച സ്കോറിലേക്കെത്തി.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ കിവിസിനെ ബാറ്റിങ്ങിനയച്ചു. സ്കോർബോർഡ് 30ൽ എത്തിയപ്പോൾ 20 റൺസുമായി ഡെവോൺ കോൺവേ മടങ്ങി. പിന്നാലെ വിൽ യങ്ങും രച്ചിൻ രവീന്ദ്രയും രക്ഷാപ്രവർത്തനം നടത്തി. രണ്ടാം വിക്കറ്റിൽ 79 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇരുവർക്കും കഴിഞ്ഞു. കിവിസ് സ്കോർ 109ൽ എത്തിയപ്പോൾ 32 റൺസെടുത്ത രച്ചിൻ രവീന്ദ്രയെ പേസർ അസ്മത്തുള്ള ഒമർസായി ക്ലീൻ ബൗൾഡാക്കി. അധികം വൈകാതെ 54 റൺസെടുത്ത വിൽ യങ്ങും കീഴടങ്ങി. ഡാരൽ മിച്ചൽ ഒരു റൺസ് മാത്രം എടുത്ത് പുറത്തായതോടെ ന്യുസീലൻഡ് നാലിന് 110 എന്ന് തകർന്നു.
അഞ്ചാം വിക്കറ്റിൽ ടോം ലതാമും ഗ്ലെൻ ഫിലിപ്സും ഒന്നിച്ചതോടെ സ്കോർബോർഡ് മുന്നോട്ടുനീങ്ങി. ഇരുവരെയും പുറത്താക്കാൻ ലഭിച്ച അവസരങ്ങൾ അഫ്ഗാൻ ഫീൽഡർമാർ നഷ്ടപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 144 റൺസ് കൂട്ടിച്ചേർത്തു. 48-ാം ഓവറിലെ ആദ്യ പന്തിൽ ഗ്ലെൻ ഫിലിപ്സ് പുറത്താകുമ്പോൾ കിവിസ് സ്കോർ 254ൽ എത്തിയിരുന്നു. 80 പന്തിൽ നാല് വീതം ഫോറും സിക്സും സഹിതം ഫിലിപ്സ് 71 റൺസെടുത്തു. ടോം ലതാം 74 പന്തിൽ 68 റൺസെടുത്ത് പുറത്തായി.
അവസാന ഓവറുകളിൽ മാർക് ചാപ്മാൻ പുറത്താകാതെ നേടിയ 25 റൺസ് കൂടിയായതോടെ കിവിസ് മികച്ച സ്കോറിലെത്തി. ഏഴ് റൺസുമായി മിച്ചൽ സാന്ററും പുറത്താകാതെ നിന്നു. അഫ്ഗാൻ നിരയിൽ നവീൻ ഉൾ ഹഖ്, അസ്മത്തുള്ള ഒമർസായി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുജീബും റാഷീദും ഓരോ വിക്കറ്റും നേടി.