പൂനെ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറിൽ 10 റൺസ് മാത്രമാണ് ബംഗ്ലാദേശ് സ്കോർ ചെയ്തത്. എന്നാൽ പിന്നീട് ട്രാക്കിലേക്ക് വന്ന ബംഗ്ലാദേശ് ഓപ്പണർമാർ അടിച്ചു തകർത്തു.
ആദ്യ വിക്കറ്റിൽ ബംഗ്ലാദേശ് 93 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്ത തൻസീദ് ഹസ്സനാണ് ആദ്യം പുറത്താകുന്നത്. കുൽദീപ് യാദവിനാണ് വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. നജ്മുൾ ഹൊസൈൻ ഷാന്റോ എട്ടും മെഹിദി ഹസ്സൻ മൂന്നും റൺസെടുത്ത് വേഗത്തിൽ മടങ്ങി. പിന്നാലെ 66 റൺസുമായി ലിട്ടൺ ദാസും ഡഗ് ഔട്ടിലെത്തി.
മുഷ്ഫിക്കർ റഹീമിന്റെയും മഹ്മദുള്ളയുടെയും ചെറുത്ത് നിൽപ്പ് ബംഗ്ലാദേശ് സ്കോർ 256ലേക്ക് എത്തിച്ചു. റഹീം 38ഉം മഹ്മദുള്ള 46ഉം റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷർദിൽ താക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.