വിരാട വിജയം; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം

41.3 ഓവറിൽ കോഹ്ലിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും പൂർത്തിയായി.

dot image

പൂനെ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം. ഏഴ് വിക്കറ്റിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ തുരത്തിയത്. 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3 ഓവറിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശിന്റേത് ബാറ്റ് ചെയ്യാനുള്ള തീരുമാനമായിരുന്നു. ആദ്യ അഞ്ച് ഓവറിൽ 10 റൺസ് മാത്രമാണ് ബംഗ്ലാദേശ് സ്കോർ ചെയ്തത്. എന്നാൽ പിന്നീട് ട്രാക്കിലേക്ക് വന്ന ബംഗ്ലാദേശ് ഓപ്പണർമാർ അടിച്ചു തകർത്തു.

ആദ്യ വിക്കറ്റിൽ ബംഗ്ലാദേശ് 93 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്ത തൻസീദ് ഹസ്സനാണ് ആദ്യം പുറത്താകുന്നത്. കുൽദീപ് യാദവിനാണ് വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. നജ്മുൾ ഹൊസൈൻ ഷാന്റോ എട്ടും മെഹിദി ഹസ്സൻ മൂന്നും റൺസെടുത്ത് വേഗത്തിൽ മടങ്ങി. പിന്നാലെ 66 റൺസുമായി ലിട്ടൺ ദാസും ഡഗ് ഔട്ടിലെത്തി. മുഷ്ഫിക്കർ റഹീമിന്റെയും മഹ്മദുള്ളയുടെയും ചെറുത്ത് നിൽപ്പ് ബംഗ്ലാദേശ് സ്കോർ എട്ടിന് 256ലേക്ക് എത്തിച്ചു. റഹീം 38ഉം മഹ്മദുള്ള 46ഉം റൺസെടുത്തു.

മറുപടി പറഞ്ഞ ഇന്ത്യ അനായാസം വിജയത്തിലേക്ക് നീങ്ങി. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലിനും ബംഗ്ലാദേശ് ബൗളർമാർ വെല്ലുവിളി ആയതേയില്ല. രോഹിത് ശർമ്മ 48ഉം ഗുഭ്മാൻ ഗിൽ 52ഉം റൺസെടുത്തു. ഇരുവരും പുറത്തായെങ്കിലും വിരാട് കോഹ്ലിയെ തടയാൻ ആകുമായിരുന്നില്ല. ഇടയ്ക്ക് 18 റൺസെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റെടുക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു.

41.3 ഓവറിൽ കോഹ്ലിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും പൂർത്തിയായി. 97 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് കോഹ്ലിയുടെ സെഞ്ചുറി. ഇന്ത്യ വിജയതീരം അണയുമ്പോൾ വിരാട് കോഹ്ലി പുറത്താകാതെ 103 റൺസ് നേടി. 34 റൺസെടുത്ത കെ എൽ രാഹുലും പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us