ലഖ്നൗ: ഏകദിന ലോകകപ്പില് ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. ലഖ്നൗ ഏകാന സ്റ്റേഡിയത്തില് നടന്ന മത്സരത്തില് നെതര്ലന്ഡ്സിനെ അഞ്ച് വിക്കറ്റുകള്ക്ക് ശ്രീലങ്ക തകര്ത്തു. നെതര്ലന്ഡ്സ് ഉയര്ത്തിയ 263 റണ്സെന്ന വിജയലക്ഷ്യം 48.2 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് മറികടന്നു. 91 റണ്സെടുത്ത് പുറത്താവാതെ നിന്ന സദീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയം അനായാസമാക്കിയത്.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില് തന്നെ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടു. 52 റണ്സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള് ശ്രീലങ്കയ്ക്ക് നഷ്ടമായി. 4.3 ഓവറില് 18 റണ്സില് നില്ക്കവേ കുശാല് പെരേരയെയാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. എട്ട് പന്തില് വെറും അഞ്ച് റണ്സ് എടുത്ത പെരേരയെ ആര്യന് ദത്ത് പുറത്താക്കി. വണ് ഡൗണായി ഇറങ്ങിയ ക്യാപ്റ്റന് കുശാല് മെന്ഡിസും വേഗം മടങ്ങി. 17 പന്തില് 11 റണ്സ് എടുത്ത മെന്ഡിസിനെയും ആര്യന് ദത്ത് പുറത്താക്കി.
എന്നാല് മൂന്നാം വിക്കറ്റിലൊരുമിച്ച പതും നിസ്സങ്കയും സദീര സമരവിക്രമയും ശ്രീലങ്കയെ കൈപിടിച്ചുയര്ത്തി. ഇരുവരും ചേര്ന്ന സഖ്യം 77 റണ്സാണ് കൂട്ടിച്ചേര്ത്തത്. 52 പന്തില് 54 റണ്സെടുത്ത നിസ്സങ്കയെ പുറത്താക്കി പോള് വാന് മീകെരെനാണ് ഈ കൂട്ടുകെട്ട് തകര്ത്തത്. പകരമിറങ്ങിയ ചരിത് അസലങ്കയും സദീര സമരവിക്രമയ്ക്കൊപ്പം നിന്ന് പൊരുതിയതോടെ ലങ്ക പ്രതീക്ഷ സജീവമാക്കി. 66 പന്തില് 44 റണ്സിന്റെ സംഭാവന നല്കിയാണ് ചരിത് മടങ്ങിയത്. 32.4-ാം ഓവറില് ആര്യന് ദത്താണ് അസലങ്കയുടെ വിക്കറ്റ് മടക്കിയത്.
പിന്നാലെയെത്തിയ ധനഞ്ജയ ഡി സില്വയും പൊരുതി. വിജയത്തിന് തൊട്ടുമുന്പേ ധനഞ്ജയയെ കോളിന് അക്കര്മാന് പുറത്താക്കി. 37 പന്തില് 30 റണ്സെടുത്തായിരുന്നു ധനഞ്ജയയുടെ മടക്കം. പിന്നാലെയെത്തിയ ദുഷാന് ഹേമന്ത ബൗണ്ടറിയടിച്ച് ലങ്കയെ വിജയലക്ഷ്യത്തിലെത്തിച്ചു. 107 പന്തില് 91 റണ്സെടുത്ത് സദീര സമരവിക്രമ പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത നെതര്ലന്ഡ്സ് 49.4 ഓവറില് 262 റണ്സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീതം നേടിയ പേസ് ബൗളര്മാരായ ദില്ഷന് മധുശങ്കയും കസുന് രജിതയുമാണ് നെതര്ലന്ഡ്സിന് ഏറ്റവും കൂടുതല് പ്രഹരമേല്പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്ലന്ഡ്സിനു മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില് 91 റണ്സിന് ആറ് വിക്കറ്റെന്ന നിലയില് തകര്ന്ന ഡച്ചുകാരെ മിഡില് ഓര്ഡറില് സൈബ്രാന്ഡ് എംഗല്ബ്രെറ്റും (50) ലോഗന് വാന് ബീക്കും (59) നേടിയ അര്ധ സെഞ്ചുറികളാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 91 റണ്സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ശേഷം ഏഴാം വിക്കറ്റ് കൂട്ടുകെട്ട് അവരെ 221 റണ്സ് വരെയെത്തിച്ചു. വിക്രംജീത്ത് സിംഗ് (4), മാക്സ് ഒഡൗഡ് (16), കോളിന് അക്കര്മാന് (29) ബാസ് ഡി ലീഡ് (6), തേജാ നിഡമനുരു (9), ക്യാപ്റ്റന് സ്കോട്ട് എഡ്വേഡ്സ് (16), വാന് ഡെര് മെര്വ് (7), പോള് വാന് മീകരെന് (4), ആര്യന് ദത്ത് (9*), എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സ്കോര്.